
തിരുവനന്തപുരം: പരസ്പരം ആക്ഷേപങ്ങളുന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി ഐ.എ.എസ്, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ് എന്നിവരെയാണ് മാറ്റിയത്. പകരം ടികാറാം മീണയെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നേരത്തെ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് അനാവശ്യമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ വിവാദമുണ്ടാക്കാതെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
തന്നെ അവിശ്വസിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കൊപ്പം ജോലി ചെയ്യാനില്ലെന്നും, സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സെക്രട്ടറി അനുവദിക്കുന്നില്ലെന്നും ആരോപിച്ച് ബിജു പ്രഭാകറാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് തൊട്ടുപിന്നാലെ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി രാജു നാരായണസ്വാമിയും രംഗത്തെത്തിയിരുന്നു. ഇരുവരുടേയും ആരോപണ പ്രത്യാരോപണങ്ങള്‍ വിവാദമായതോടെ, സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.