സംസ്ഥാനത്തെ 47 ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിനലന്‍സ് അന്വേഷണമെന്ന് വിവരാവകാശ രേഖ

കൊച്ചി: സംസ്ഥാനത്തെ 47 ഐപിഎസ് ഐഎഎസ് ഉദ്യേഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമെന്ന് വിവരാവകാശ രേഖ. ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോംജോസിനെതിരെയും ധനകാര്യ സെക്രട്ടറിയായ കെഎം എബ്രഹാമിനെതിരെയും വിജിലന്‍സ് റെയ്ഡുകളും പരിശോധനകളും നടത്തിയിരുന്നു. ഇതോടെ ജേക്കബ് തോമസിനെതിരെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ചേരിതിരിഞ്ഞ് നില്‍ക്കുന്ന സ്ഥിതിയുണ്ടായതിന് പിന്നാലെയാണ് സംസ്ഥാനത്തെ വലിയൊരു വിഭാഗം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായ വിവരം പുറത്തുവരുന്നത്. നിരവധി മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് നിലവിലുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. –

വിജിലന്‍സ് ഈ കേസുകളില്‍ നിലപാട് കടുപ്പിക്കുകയും അന്വേഷണം ശക്തമാക്കുകയും ചെയ്യുന്നതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ സിബിഐയുടേതുള്‍പ്പെടെ കേസുകളും സ്വത്തുസംബന്ധിച്ചും അവധിയെടുത്ത് കല്‍സെടുക്കാന്‍ പോയെന്ന ആരോപണത്തിലും വിവാദം കൊഴുത്തതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം ജേക്കബ് തോമസിന് പൂര്‍ണ പിന്തുണയുമായി സര്‍ക്കാര്‍ നിലപാടെടുത്തിട്ടുള്ളതിനാല്‍ സിവില്‍സര്‍വീസുകാര്‍ക്കെതിരെ ഉള്ള നിലപാടുകള്‍ വിജിലന്‍സ് കടുപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ വ്യക്തിക്ക് ഭൂമി കൈമാറ്റം, അനധികൃത സ്വത്ത് സമ്പാദനം, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ടെണ്ടറുകള്‍ നല്‍കിയതിലെ ക്രമക്കേട് എന്നിവയിലാണ് സൂരജിനെതിരെ അന്വേഷണം നടക്കുന്നത്. ഇവയിലെല്ലാം ത്വരിത പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. അന്വേഷണം എത്രത്തോളം മുന്നോട്ടുപോയെന്ന കാര്യം വിജിലന്‍സ് പുറത്തുവിട്ടിട്ടില്ല. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ ജിജി തോംസണെതിരെയും കേസുണ്ട്. തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ അംഗത്വം അനുവദിച്ചതിലെ ക്രമക്കേടിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് ജോബിനെതിരെ ത്വരിതാന്വേഷണം നടക്കുന്നു. റിപ്പോര്‍ട്ട് കൊടുത്തില്ല. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിനു നിശാന്തിനി ഐപിഎസിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പിച്ചു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിനു മനോജ് എബ്രഹാമിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പിച്ചു. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തില്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണം നടക്കുന്നു.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വാഹന ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ടോമിന്‍ തച്ചങ്കരിക്കെതിരെ കേസുള്ളത്. വാഹനങ്ങളുടെ താല്‍കാലിക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇറക്കിയതിലും കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയിലും ക്രഷര്‍ യൂണിറ്റ് വില്‍പനയിലും തച്ചങ്കരിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഇതിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണെന്ന് മാത്രമാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ശ്രീജിത്ത് ഐപിഎസിനെതിരെ അധികാര ദുര്‍വിനിയോഗത്തിനും കേസ് എടുത്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഡ്വ. ഡിബി ബിനു നല്‍കിയ അപേക്ഷ പ്രകാരം വിജിലന്‍സ് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍.

Top