ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ സാമ്പത്തീക തട്ടിപ്പുകള്‍ നടന്നത് ഐസി ഐസി ബാങ്കുവഴി. സാമ്പത്തീക തട്ടിപ്പുകള്‍ നടത്തുന്ന ബാങ്കുകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് പുറത്ത് വിട്ടിരുന്നു. ഇതിലാണ് ഈ വിവരങ്ങളുള്ളത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐ.സി.ഐ.സി.ഐ ബാങ്കിലെ അക്കൗണ്ടുകളാണ് രാജ്യത്ത് ഏറ്റവുമധികം തട്ടിപ്പുകള്‍ക്ക് വിധേയമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.17,750.27 കോടിയുടെ തട്ടിപ്പുകളാണ് വിവിധ പൊതുസ്വകാര്യ മേഖലാ ബാങ്കുകളില്‍ നടന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
ഒരു ലക്ഷമോ അതിലധികം രൂപയോ നഷ്ടപ്പെട്ട 455 തട്ടിപ്പുകളാണ് കഴിഞ്ഞ വര്‍ഷത്തെ അവസാന ഒന്‍പത് മാസങ്ങളില്‍ ഐ.സി.ഐ.സി.ഐ അക്കൗണ്ടുകളിലുണ്ടായത്. എസ്.ബി.ഐ അക്കൗണ്ടുകള്‍ 429 തവണ തട്ടിപ്പുകള്‍ക്കിരയായി. സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് (244 തവണ), എച്ച്.ഡി.എഫ്.സി (237 തവണ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അക്‌സിസ് ബാങ്ക് അക്കൗണ്ടുകള്‍ 189 തവണയും ബാങ്ക് ഓഫ് ബറോഡ 176 തവണയും സിറ്റി ബാങ്ക് 150 തവണയും തട്ടിപ്പിന് ഇരയായി.
എന്ന തട്ടിപ്പുകളുമായി ബന്ധപ്പെട്ട തുകയുടെ കണക്കെടുത്താല്‍ ഒന്നാം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കാണ്. 2,236.81 കോടിയാണ് എസ്.ബി.ഐയുടെ കണക്ക്. തൊട്ട് പിന്നില്‍ പഞ്ചാബ് നാഷണല്‍ ബാങ്കും (2,250.34 കോടി) ആക്‌സിസ് ബാങ്കുമാണ് (1,998.49 കോടി). കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഈ കണക്കുകള്‍ റിസര്‍വ് ബാങ്ക് കൈമാറിയിട്ടുണ്ട്. തട്ടിപ്പുകളിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് സംബന്ധിച്ച വിവരവും റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് കൈമാറി.
എസ്.ബി.ഐയിലെ 64 ജീവനക്കാരും എച്ച്.ഡി.എഫ്.സിയിലെ 49ഉം ആക്‌സിസ് ബാങ്കിലെ 35 ഉം ജീവനക്കാരും തട്ടിപ്പുകള്‍ക്ക് പിടിക്കപ്പെട്ടെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഒആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 17,750.27 കോടിയുടെ തട്ടിപ്പുകളാണ് വിവിധ പൊതുസ്വകാര്യ മേഖലാ ബാങ്കുകളില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നടന്നത്. 3870 സംഭവഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പിടിക്കപ്പെട്ടവരില്‍ 450 പേര്‍ ബാങ്ക് ജീവനക്കാര്‍ തന്നെയായിരുന്നു.