സ്വർണം വാങ്ങൽ എളുപ്പമല്ല; രണ്ട് പവനിൽ കൂടുതൽ വാങ്ങണോ? രേഖ വേണം

പണം കയ്യില്‍ സൂക്ഷിക്കുന്നതിന് പകരം സ്വര്‍ണമായി സൂക്ഷിക്കാനാണ് പലരും താല്‍പര്യപ്പെടുന്നത്. എന്നാല്‍ സ്വര്‍ണം വാങ്ങുന്നത് ഇനി പഴയത് പോലെ അല്ല. പണമെടുത്ത് കടയില്‍ പോയി എളുപ്പത്തില്‍ വാങ്ങി വരാന്‍ സാധിക്കില്ല. എന്തിനും ഏതിനും ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉള്‍പ്പെടെ ഉള്ള രേഖകള്‍ വേണമെന്നതാണ് ഇന്നത്തെ സ്ഥിതി. ഇവയില്ലെങ്കില്‍ ഒന്നും നടക്കില്ല. സ്വര്‍ണം വാങ്ങാനും ഇനി രേഖ ഉണ്ടെങ്കിലേ നടക്കൂ.
അരലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് അതായത് രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഇനി തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. സ്വര്‍ണത്തിന് മാത്രമല്ല വെള്ളി, പ്ലാറ്റിനം എന്നിവയ്ക്കും ഇത് ബാധകമാണ്. ഇനി സ്വര്‍ണം വാങ്ങാന്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ കോപ്പി വ്യാപാരിക്ക് നല്‍കണം.

പുതിയ സ്വര്‍ണം വാങ്ങുന്നതിന് മാത്രമല്ല, പഴയ സ്വര്‍ണം വില്‍ക്കുന്നതിനും ഇത് ബാധകമാണ്.
ആദായ നികുതി നിയമപ്രകാരം നിലവില്‍ രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് സ്വര്‍ണം വാങ്ങണമെങ്കില്‍ പാന്‍ കാര്‍ഡ് വേണം. പുതിയ നിയമപ്രകാരം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടി വരും. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വിഞ്ജാപനം പുറത്തിറക്കിയിരുന്നു. സ്വര്‍ണം, വെള്ളി പോലുള്ളവയുടെ കച്ചവടവുമായി ബന്ധപ്പെട്ട ചട്ടത്തിലാണ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പുതിയ ചട്ടപ്രകാരം സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും വ്യാപാരികള്‍ തിരിച്ചറിയല്‍ രേഖ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ് എന്നതിന് സമാനമാണ് സ്വര്‍ണത്തിനും രേഖ വേണമെന്നത്. ഡിജിറ്റല്‍ ഇടപാട് അല്ലാതെ പണം നേരിട്ട് നല്‍കി സ്വര്‍ണം വാങ്ങുന്ന ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ശുപാര്‍ശയുണ്ട്. സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവയുടെ വ്യാപാരവുാിയ ബന്ധപ്പെട്ട രേഖകള്‍ ഇനി കേന്ദ്രം പരിശോധനയ്ക്ക് വിധേയമാക്കും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top