
കൊച്ചി:ആശങ്ക വിതച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി.ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട്പ്രഖ്യാപിക്കും. ചൊവ്വാഴ്ചയോടെ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും, എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ട്രയല്‍ റണ്ണാണ് നടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുരന്ത നിവാരണ അതോറിറ്റി ഇന്നു രാത്രി ഇടുക്കിയിലെത്തും. ഇന്നു രാത്രിയോടെ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഓരോ സംഘങ്ങള്‍ ആലുവയിലും തൃശ്ശൂരും ക്യാമ്പ് ചെയ്യും.ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സം നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാല്‍ ജലം ഒഴുകേണ്ട ഇടങ്ങളിലും ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിക്കും. മൂന്നു മുന്നറിയിപ്പുകൾ നൽകിയതിനു ശേഷമേ അണക്കെട്ടുകൾ തുറക്കൂ. ഇതുവരെ ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകൾ തുറക്കൂ എന്നതിനാൽ ജനവാസകേന്ദ്രങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സമയം ലഭിക്കും. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165 മീറ്റർ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. ഇത് 167 മീറ്ററാകുമ്പോൾ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോൾ മൂന്നാം മുന്നറിയിപ്പും നൽകും.
ഇടുക്കിയിൽ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 2395 അടിയാകുമ്പോൾ രണ്ടാമത്തെയും 2399 അടിയാകുമ്പോൾ മൂന്നാമത്തെയും മുന്നറിയിപ്പ് നൽകും. തുടർന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകൾ തുറക്കൂ. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.
കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎൽഎച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും വിന്യസിക്കാൻ തയ്യാറായി നിൽക്കുന്നു. എറണാകുളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയാറാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അതാതു സമയങ്ങളിൽ ആവശ്യമായ നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുമെന്നും അധികൃതർ അറിയിച്ചു.
പെരിയാറിന്റെ തീരത്തുള്ള വലിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അധികൃതര്‍ നിറദ്ദേശം നല്‍കിക്കഴിഞ്ഞു് ഇടുക്കി സംഭരണി മുതല്‍ ലോവല്‍ പെരിയാര്‍ ഡാം വരെ 24 കിലോമീറ്റര്‍ ദൂരത്തിലാണ് മുന്‍കരുതല്‍ നടപടികള്‍. സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഇടുക്കി എഡിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു യോഗം ചേര്‍ന്നിരുന്നു്. അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേര്‍ന്നിരിക്കുന്നത്.
ജലനിരപ്പ് 2395ല്‍ എത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. 2398 അടിയെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടും. മൂന്നു മാസത്തിനകം തുലാവര്‍ഷം എത്തുമെന്നതിനാലാണ് 2400 അടിയിലെത്തിയാല്‍ തുറക്കാനുള്ള തീരുമാനം മാറ്റിയത്. പരമാവധി 2403 അടി വരെ സംഭരിക്കാമെന്നതിനാല്‍ ചെറിയ തോതിലേ വെള്ളം തുറന്നുവിടൂ.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ 6.8 മി.മീ. മഴയാണു പെയ്തത്. നാളെയും മറ്റന്നാളും കനത്ത മഴയുണ്ടാകുമെന്ന കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമായാല്‍ ബുധനാഴ്ചയോടെ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മന്ത്രി എം.എം. മണിയുടെ അധ്യക്ഷയില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പകല്‍ സമയത്തേ ഷട്ടര്‍ തുറക്കൂ. തലേന്ന് മൈക്കിലൂടെ ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികളെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഷട്ടര്‍ തുറക്കേണ്ടിവന്നാല്‍ വെള്ളം ഒഴുകിപ്പോകേണ്ട വഴികളില്‍ ഉദ്യോഗസ്ഥസംഘം ഇന്നലെ പരിശോധന തുടങ്ങി.
ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെ പുഴയുടെ വീതി, തടസങ്ങള്‍, വെള്ളം കുത്തനെ ഒഴുകുന്ന സ്ഥലം, പരന്നൊഴുകുന്ന സ്ഥലം തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു. ലോവര്‍ പെരിയാര്‍ വരെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസക്കാരുടെ എണ്ണം, വിലാസം, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുതി ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളുമെടുത്തു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിനു മധ്യത്തില്‍നിന്ന് ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തില്‍ സര്‍വേ നടത്തി സ്‌കെച്ച് തയാറാക്കി.
ഒഴിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാനും വെള്ളം തടസമില്ലാതെ ഒഴുകിപ്പോകാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാനും കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ചെറുതോണി പാലത്തിനടിയിലുള്ള തടസങ്ങള്‍ ഒഴിവാക്കും. പെരിയാറിന്റെ കരകളിലെ മരങ്ങള്‍ വെട്ടിമാറ്റും. ഇരുകരകളിലും താമസിക്കുന്നവരെ അതത് പഞ്ചായത്ത് കേന്ദ്രീകരിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രങ്ങളൊരുക്കി. വെള്ളം തുറന്നുവിട്ടാല്‍ എറണാകുളം ജില്ലയിലുള്ളവരെയാകും കൂടുതല്‍ ബാധിക്കുക. അതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ മുന്‍കരുതലെടുക്കും. നാട്ടുകാരുടെ ആശങ്കയകറ്റാന്‍ 15 കൗണ്‍സിലര്‍മാര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും വെളിച്ചക്കുറവ് പരിഹരിക്കാന്‍ പോലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവും തേടും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.2 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ ചുവട്ടില്‍നിന്നുള്ള ഉയരമാണ് ഇത്. തുറന്നുവിടേണ്ടിവരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ ഇടുക്കി എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. അപകടമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് നാളെ മുതല്‍ കൗണ്‍സിലിങ് നല്‍കും. മഞ്ചുമലയില്‍ അലാറം സ്ഥാപിക്കും. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കുന്ന ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ചെലവ് ജില്ലാ ഭരണകൂടം വഹിക്കണമെന്നും മന്ത്രി മണി കലക്ടര്‍ക്കു നിര്‍ദേശം നല്‍കി.