തൊടുപുഴ: സര്‍ക്കാര്‍ ഭൂമികയ്യേറിയവരുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുമ്പോള്‍ പട്ടികയിലിടം പിടിച്ച് എംഎം മണിയുടെ സഹോദരന്‍ എം.എം ലംബോദരനും.സ്പിരിറ്റ് ഇന്‍ ജീസസ് അദ്ധ്യക്ഷന്‍ ടോം സഖറിയയും വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ ചില അംഗങ്ങളും ലിസ്റ്റിലുണ്ട്. സി.പി.എം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം, വി.എക്‌സ് ആല്‍ബിനാണ് പട്ടികയിലുള്ള മറ്റൊരു കയ്യേറ്റക്കാരന്‍.
മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്. ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇത് തയ്യാറാക്കിയത്.
ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 28 വന്‍കിട കൈയ്യേറ്റക്കാരുണ്ടെന്ന് പട്ടികയിലുണ്ട്. ഭൂരിഭാഗവും ചിന്നക്കനാല്‍ വില്ലേജിലാണ്. 10 സെന്റിനു മുകളില്‍ ഭൂമി കൈയ്യേറിയ വന്‍കിടക്കാരുടെ മാത്രം പട്ടികയാണിത്. ഇതില്‍ വെള്ളൂക്കുന്നേല്‍ കുടുംബത്തിലെ അംഗങ്ങളുടെ കൈയ്യേറ്റം സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റക്കാരുടെ പട്ടികയിലാണ് ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം വി.എക്‌സ് ആല്‍ബിന്റെ പേരുമുള്ളത്. എം.എം മണിയുടെ സഹോദരന്‍ ലബോദരന്റെ കയ്യില്‍ നിന്നും ഒന്നാം ദൗത്യസംഘം പിടിച്ചെടുത്ത 250 ഏക്കറോളം ഭൂമി സര്‍ക്കാര്‍ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സൂര്യനെല്ലിയിലെ കൈയ്യേറ്റത്തെക്കുറിച്ചും റവന്യു ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിട്ടുണ്ട്. ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടെ കൈവശമിരിക്കുന്ന ഭൂമിയുടേതടക്കം പല രേഖകളും റവന്യു ഉദ്യോഗസ്ഥര്‍ നല്കിയിട്ടുള്ളതായാണ് വിവരം. 8 വില്ലേജുകളില്‍ എന്‍.ഒ.സി. ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവരെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പട്ടികയില്‍ ഇതില്‍ ഏതൊക്കെ ഇടംപിടിക്കുമെന്ന് കണ്ടറിയണം.
ഒഴിപ്പിക്കല്‍ നടപടിക്ക് യോഗ്യമായ കൈയ്യേറ്റങ്ങളുടെ പട്ടികയാവും നാളെ വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി ജില്ലാ ഭരണകൂടം സമര്‍പ്പിക്കുക. പട്ടികയിലെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. പട്ടിക പൂര്‍ണ്ണ രൂപത്തിലാക്കാന്‍ കളക്ടര്‍ക്ക് മൂന്ന് ആഴ്ചത്തെ സമയം കൂടി അനുവദിച്ചതായാണ് വിവരം.