നെടുങ്കണ്ടം: 18 വര്‍ഷം മുമ്പ് ഒളിവില്‍ പോയ പ്രതികളെ നെടുങ്കണ്ടം പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ മുഹമ്മദ് റാഫി (48), ഷിഹാബ് അലി (40) എന്നിവരാണ് പിടിയിലായത്.
2005-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവരുടെ സഹോദരിയെ വിവാഹം ചെയ്ത് അയച്ച നെടുങ്കണ്ടം വട്ടപ്പാറ കരിയില്‍ വീട്ടില്‍വച്ച് സഹോദരി ഭര്‍ത്താവും ബന്ധുക്കളുമായി തര്‍ക്കമുണ്ടാകുകയും ഇതിനെത്തുടര്‍ന്ന് ഗൃഹനാഥനെയും മാതാവിനെയും മര്‍ദ്ദിച്ചതായി പോലീസില്‍ പരാതി ലഭിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജാമ്യം ലഭിച്ച ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ നിന്നും സമന്‍സ് അയച്ചെങ്കിലും ഇവര്‍ ഹാജരായില്ല. പോലീസ് നിരന്തരം അനേ്വഷണം നടത്തിയിട്ടും പ്രതികളെ കണ്ടെത്താനായില്ല.
കേസ് തീര്‍പ്പാക്കുന്നതിന് പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചു. ഈ സംഘം നടത്തിയ അനേ്വഷണത്തില്‍ ഇവര്‍ തമിഴ്‌നാട്ടില്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് വെല്ലൂരില്‍നിന്നും വ്യഴാഴ്ച പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്.
എസ്.ഐ. ടി.എസ്. ജയകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, ആന്റണി ജോസ്, ജെയ്‌സണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വെല്ലൂരില്‍ നിന്നും പിടികൂടിയത്.