തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയ്യറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. തിയ്യറ്ററില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാണെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ ഏഴ് പേര്‍ എഴുന്നേറ്റില്ല. സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ഭാരവാഹികളായ കമലും സിബി മലയിലും എത്തി പ്രേക്ഷകരുമായി സംസാരിച്ചെങ്കിലും അവര്‍ എഴുന്നേല്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതിനുശേഷം മ്യൂസിയം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു.
അതേ സമയം ദേശീയ ഗാനം പ്രദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിക്ക് ഡിജിപി ചുമതല നല്‍കി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ദേശിയഗാനത്തിന് എഴുനേറ്റ് നില്‍ക്കാത്തവരുടെ ചിത്രം മംഗളം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി നേതാവ് ഡിജിപിയ്ക്ക് പരാതിയും നല്‍കിയിരുന്നു.