ചെന്നൈ; കേരളത്തിലെ ഇളയ ദളപതി ആരാധകര്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് വിജയിയുടെ അറുപതാമത് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തത് റെക്കോര്‍ഡ് തുകയ്ക്ക്. ഇനിയും പേരിടാത്ത പൊങ്കല്‍ റിലീസ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയത് പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ഇഫാര്‍ ഇന്റര്‍ നാഷണലിനു വേണ്ടി റാഫി മതിരയാണ്.
മലയാളത്തിലെ ഏതൊരു സൂപ്പര്‍ സ്റ്റാറിനെക്കാളും വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് ലഭിക്കാറുള്ളത്. വിജയ് ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ ആഘോഷത്തോടെയാണ് ആരാധകരും തിയ്യറ്ററുകളും സ്വീകരിക്കുന്നത്. തിയ്യേറ്ററുകളെ ഉത്സവപ്പറമ്പാക്കുന്ന ആഘോഷം കൊണ്ടുതന്നെ ഓരോ വിജയ് ചിത്രങ്ങളും അനൗന്‍സ് ചെയ്യുമ്പോള്‍ തന്നെ കേരളത്തിലെ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കും. എല്ലാ തവണയും വിജയ് ചിത്രങ്ങളുടെ വിതരണവകാശത്തിനുവേണ്ടി കടുത്ത മത്സരം നടത്തുന്നതിനാല്‍ കേരളത്തിലെ വിതരണാവകാശം ആര്‍ക്കാണെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പും സിനിമാമേഖലിയിലുണ്ട്.
കഴിഞ്ഞ കുറയേറെ വര്‍ഷങ്ങളായി വിജയ് ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് തമീന്‍സ് ഫിലിംസ് ഉടമ ഷിബു ആയിരുന്നു. പത്തുവര്‍ഷത്തോളം തുടര്‍ച്ചയായി വിജയ് ചിത്രങ്ങളുടെ കേരള വിതരണം ഏറ്റെടുത്തതിനാല്‍ തന്നെ വിജയുമായി അടുത്ത ബന്ധം ഉണ്ടാക്കാനും വിജയിയെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാനും ഷിബുവിനു കഴിഞ്ഞു.
എന്നാല്‍ പതിവ് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് വിജയ്യുടെ കഴിഞ്ഞ ചിത്രമായ ‘തെരി’ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് മറ്റൊരു വിതരണ കമ്പനിയായിരുന്നു. ഇപ്പോഴിതാ ഇളയദളപതിയുടെ പ്രസ്റ്റീജ് ചിത്രമായ അറുപതാമത് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഇഫാര്‍ ഇന്റര്‍നാഷണിലിനു വേണ്ടി പ്രമുഖ നിര്‍മ്മാതാവ് റാഫി മതിരയാണ്.
മലയാള സിനിമ നിര്‍മ്മാതാവും ഒട്ടനവധി തമിഴ് ചിത്രങ്ങളും അല്ലുഅര്‍ജുന്‍ ഉള്‍പ്പടെയുള്ള അന്യഭാഷാ നായകന്മാരുടെ മൊഴിമാറ്റ ചിത്രങ്ങളും മലയാളത്തിലെത്തിച്ചത് റാഫി മതിരയാണ്.
റിലീസിന് അഞ്ചു മാസങ്ങള്‍ ബാക്കി നില്‍ക്കെ റിക്കോര്‍ഡ് വിലക്കാണ് ഈ ചിത്രം റാഫി മതിര കൈക്കലാക്കിയത് എന്നാണ് തമിഴ് സിനിമാ വാരികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയിയുടെ ‘തെരി’ 5.6 കോടിയ്ക്ക് കേരളത്തില്‍ വിതരണത്തിനെടുത്ത് ഗ്രോസ് കളക്ഷന്‍ നേടിയത് 15 കോടിയിലധികമായിരുന്നു.
തമിഴ്താരം കാര്‍ത്തിയുടെ ശകുനി, അലക്‌സ് പാണ്ട്യന്‍, ധനുഷ് നസ്രിയ ടീമിന്റെ നെയ്യാണ്ടി, ചിമ്പു നയന്‍സ് ജോഡികളുടെ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രം ഇത് നമ്മ ആള്‍ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ചത് റാഫി മതിരയാണ്.
കൂടാതെ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ നിരവധി ഹിറ്റ് ചിത്രങ്ങളും, ബാഹുബലി ഫെയിം പ്രഭാസിന്റെ അര ഡസനോളം ചിത്രങ്ങളും റാഫി മതിര മലയാളത്തില്‍ മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
വിജയ്യുടെ അറുപതാമത് ചിത്രത്തിന് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന കേരളത്തിലെ ആരാധകര്‍ക്ക് ഒരു ഉത്സവക്കാഴ്ച സമ്മാനിക്കാന്‍ റാഫി മതിരക്ക് കഴിയുമെന്ന പ്രതീക്ഷയാണ് വിജയ് ആരാധകര്‍ക്കുള്ളത്.
ശ്/ഒ. സത്യമൂര്‍ത്തി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം അല്ലുഅര്‍ജുനെ കൊച്ചിയിലെ ലുലുമാളിലെത്തിച്ചപോലെ പോലെ സാക്ഷാല്‍ ഇളയ ദളപതിയെ അദേഹത്തിന്റെ അറുപതാമത് ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തിക്കുമെന്ന കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും.