ഇന്ത്യന്‍ ഫുട്‌ബോളിലെ മാന്ത്രിക സാന്നിദ്ധ്യമായ ഐ.എം. വിജയനാകാന്‍ നിവിന്‍ പോളി ഒരുങ്ങുന്നു. ഐഎം വിജയന്റെ ജീവിതം മുമ്പ് ഡോക്യുമെന്ററി ആയിട്ടുണ്ടെങ്കിലും വെള്ളിത്തിരയില്‍ എത്തുന്നത് ആദ്യമായിട്ടാണ്. ഐ.എസ്.എല്‍. ഫൈനലില്‍ സംഘാടകര്‍ അപമാനിച്ച് പുറത്തിരുത്തിയ ഐ.എം. വിജയനെ വി.ഐ.പി. പവലിയനിലേയ്ക്ക് ആനയിച്ചത് നിവിന്‍ പോളിയായിരുന്നു. ഇപ്പോഴിതാ വെള്ളിത്തിരയില്‍ വിജയനായി ജീവിക്കാന്‍ നിവിന്‍ അവസരം വന്നിരിക്കുകയാണ്.
കുട്ടിക്കാലത്തെ ഇല്ലായ്മയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലേയ്ക്ക് പന്തുതട്ടിക്കറിയ വിജയന്റെ സംഭവബഹുലമായ ജീവിത കഥയിലാണ് നിവന്‍ ഐ.എം. വിജയനായി വേഷമിടാനൊരുങ്ങുന്നത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രത്തിന്റെ പ്രാരംഭ ജോലികള്‍ അടുത്ത മാസം ആരംഭിക്കും. വിജയനുമായി സംവിധായകന്‍ വിശദമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരളത്തിന്റെ സന്തോഷ് വിജയങ്ങളും കേരള പോലീസിന്റെ മുന്നേറ്റവും വിജയന്റെ ബംഗാള്‍ ജീവിതവുമെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അന്തരിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി. സത്യന്റെ ജീവിതകഥയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സത്യന്റെ സഹതാരവും മറ്റൊരു ഇന്ത്യന്‍ നായകനും കൂടിയായ വിജയന്റെ ജീവിതവും വെള്ളിത്തിരയില്‍ ജീവന്‍വയ്ക്കുന്നത്. ജയസൂര്യയാണ് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും ശക്തനായ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സത്യനെ അവതരിപ്പിക്കുന്നത്.
ഇതില്‍ ആദ്യം പുറത്തിറങ്ങുന്ന ചിത്രമായിരിക്കും മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്ക്. ഗുസ്തിക്കാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും അത്‌ലറ്റുകളുടെയുമെല്ലാം കഥ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ഫുട്‌ബോള്‍ താരത്തിന്റെ കഥ വെള്ളിത്തിരയിലെത്തിയിട്ടില്ല.
മുന്‍ ഇന്ത്യന്‍ നായകനും മുന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയറുമൊക്കെയായ വിജയന്‍ ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ്. കളിക്കളത്തില്‍ മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിച്ച അപൂര്‍വ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കാലോഹരിണ്‍ എന്ന് ഫുട്‌ബോള്‍ ലോകം സ്‌നേഹപൂര്‍വം വിശേഷിപ്പിക്കുന്ന വിജയന്‍. ശാന്തം, ആകാശത്തിലെ പറവകള്‍, ക്വട്ടേഷന്‍ എന്നിവയിലും ഒരു തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത വിജയന്‍ ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദറിലും ഒരു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിജയനെ കുറിച്ച് കാലോഹരിണ്‍ എന്നൊരു ഡോക്യുമെന്ററി നേരത്തെ എടുത്തിരുന്നു.