മുംബൈ: ഈജിപ്തുകാരിയായ ഇമാൻ അഹമ്മദ് അബ്ദ് എൽ അറ്റി ആയിരുന്നു ഈ കഴിഞ്ഞ മാസം വരെ 500 കിലോ തൂക്കമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ഭാരമേറിയ സ്ത്രീ. എന്നാൽ ഇത് വെറും രണ്ട് മാസം കൊണ്ട് 250 കിലോയായി കുറഞ്ഞിരിക്കുകയാണ്. തുടർന്ന് വർഷങ്ങൾക്ക് ശേഷം കിടക്കയിൽ നിന്നും എഴുന്നേറ്റിരിക്കാനും അവർക്ക് സാധിച്ചു. മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ വച്ച് ഭാരം കുറയ്ക്കാനായി നടത്തിയ അടിയന്തിര ശസ്ത്രക്രിയയാണ് ഇവർക്ക് പുനർജന്മമേകിയിരിക്കുന്നത്.
ഇതോടെ ഈ ആശുപത്രിയുടെ ഗ്രാഫ് ആഗോളതലത്തിൽ തന്നെ ഉയർന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലോകമെമ്പാട് നിന്നും തടിമാടന്മാരുടെ അന്വേഷണ പ്രവാഹം ആശുപത്രിയിലേക്കെത്തിയിട്ടുണ്ട്. തങ്ങളുടെ തടിയും ഇത്തരത്തിലൊന്ന് കുറച്ച് രക്ഷിക്കാനാകുമോയെന്നാണ് അവർ തിരക്കുന്നത്.ഈ ശസ്ത്രക്രിയക്കായി പ്രത്യേകം ഡിസൈൻ ചെയ്ത വിമാനത്തിൽ കിടത്തിയായിരുന്നു ഫെബ്രുവരിയിൽ ഇമാനെ മുംബൈയിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ മാസം ഈ സ്ത്രീക്ക് വിജയകരമായി ബാരിയാട്രിക് സർജറി പൂർത്തീകരിച്ചതായി ഈ ആഴ്ച ആശുപത്രി പുറത്ത് വിട്ടിരിക്കുന്ന വീഡിയോ വെളിപ്പെടുത്തുന്നു.
ഇതിൽ ഇമാൻ എഴുന്നേറ്റിരിക്കുന്നതും സംഗീതം ആസ്വദിക്കുന്നതും കാണാം. തടി പകുതിയായി കുറഞ്ഞതിന്റെ സന്തോഷത്തിലാണ് ഇമാനെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. ഇപ്പോൾ ഇവർക്ക് വീൽചെയറിലിരിക്കാനുകുന്നുവെന്നും കുറേ സമയം ഇരിക്കാൻ സാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മൂന്ന് മാസം മുമ്പ് സ്വപ്നം പോലും കാണാൻ സാധിക്കാത്ത കാര്യങ്ങളായിരുന്നു ഇവ. ഈജിപ്തിലെ അലക്സാണ്ട്രിയ നഗരത്തിൽ ജീവിക്കുന്ന ഇമാൻ കഴിഞ്ഞ ഫെബ്രുവരി 11ന് ഇന്ത്യയിലെത്തുന്നത് വരെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വീട് വിട്ട് പോയിരുന്നില്ല.
സ്ത്രീയെ ബാരിയാട്രിക് സർജറിക്ക് വിധേയയാക്കാനായി അവരെ പ്രത്യേകം ലിക്യൂഡ് ഡയറ്റിന് വിധേയയാക്കിയിരുന്നു. ഈ ശസ്ത്രക്രിയക്ക് പര്യാപ്തമായ ഭാരത്തിൽ അവരെ എത്തിക്കുകയായിരുന്നു ഈ ഡയറ്റിലൂടെ. തൽഫലമായി ഒരു മാസത്തിനുള്ളിൽ ഇമാന്റെ ഭാരത്തിൽ നല്ല കുറവുണ്ടാവുകയും മാർച്ച് ആദ്യം ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കുട്ടിയായിരുന്നപ്പോൾ ഇമാൻ എലിഫന്റിയാസിസിന് ചികിത്സിക്കപ്പെട്ടിരുന്നുവെന്നാണ് കുടുംബക്കാർ വെളിപ്പെടുത്തുന്നത്. അവയവങ്ങളും മറ്റ് ശരീര ഭാഗങ്ങളും നീര് വന്ന് തടിച്ച് അനങ്ങാൻ പറ്റാതാക്കുന്ന അസുഖമാണിത്. തന്റെ അമിതമായ തടി കാരണം നിരവധി തവണ ഹൃദയാഘാതത്തിന് ഇവർ വിധേയയായിരുന്നു. കൂടാതെ മറ്റ് നിരവധി രോഗങ്ങളും ഇവരെ അലട്ടുന്നുണ്ട്. പ്രമേഹം, അമിത രക്തസമ്മർദം, ഉറക്കക്കുറവ് എന്നിവ അതിൽ ചിലത് മാത്രമാണ്.
ഇമാനെ കൂടുതൽ ചികിത്സക്ക് വിധേയയാക്കി സാധാരണ തടിയിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടറായ മുഫാസൽ ലാക്ഡവാല പറയുന്നു. എന്തായാലും ഈ ചികിത്സാ വിജയത്തോടെ മുംബൈയിലെ സെയ്ഫീ ആശുപത്രിയെ തേടി ലോകമെമ്പാടുമുള്ള നിരവധി തടിയമന്മാരും തടിച്ചിമാരും വരാനൊരുങ്ങുകയാണ്. എങ്ങനെയെങ്കിലും തടി അൽപമെങ്കിലും കുറച്ച് ജീവിതം തിരിച്ച് പിടിക്കാനാണ് അവർ അദമ്യമായി ആഗ്രഹിക്കുന്നത്. ഇതിനുള്ള എൻക്വയറികളാൽ വീർപ്പ് മുട്ടുകയാണീ ആശുപത്രിയിപ്പോൾ.