വാഷിംഗ്ടണ്‍: യുവനടിമാരെ ഉപയോഗപ്പെടുത്തി പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അമേരിക്കയില്‍ അറസ്റ്റില്‍. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയില്‍ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഏപ്രിലില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാദ്ധ്യമം വാര്‍ത്ത പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ ആറ് പെണ്‍കുട്ടികള്‍ ഇവരോടൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച് കുറ്റപത്രത്തില്‍ പറയുന്നു. യു.എസില്‍ എത്തുന്ന യുവനടിമാരെ ഭീഷണിപ്പെടുത്തി ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടികളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ബുക്ക് കിഷന്റെ ഭാര്യ ചന്ദ്ര സൂക്ഷിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായ ദമ്പതികളുടെ രണ്ടു കുട്ടികളെ വിര്‍ജീനിയയിലെ ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി.