ലോട്ടറി നിരോധനം താല്‍ക്കാലിക പ്രശ്‌നം കഴിഞ്ഞാല്‍ ഇന്ത്യ തിളങ്ങും

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലെ താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യകാര്‍ക്ക് ലോട്ടറിയാകുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ വിവിധ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന ശതകോടികളുടെ നിക്ഷേപവും അതിന്റെ പേരില്‍ സര്‍ക്കാരിന് ലഭിക്കുന്ന അനന്തമായ നികുതി വരുമാനവും ചേര്‍ന്നാല്‍ ഇന്ത്യ ശരിക്കും തിളങ്ങുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എതാണ്ട് നാല് ലക്ഷം കോടി രൂപയാണ് ഒരാഴ്ച കൊണ്ട് ഇന്ത്യന്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നത് എന്നാണ് കണക്ക്. ഈ സാമ്പത്തിക അടിത്തറ ഇന്ത്യയുടെ വായ്പാ ശേഷി ഉയര്‍ത്തുകയും രൂപയുടെ മൂല്യം വര്‍ദ്ധിപ്പുകയും ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ക്ക് കാരണമാവുകയും ചെയ്യും.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപം കൂടുകയാണ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നതിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്കകം രാജ്യത്ത് 4 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ ഉണ്ടായിരിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ ഇവ മാറ്റിയെടുക്കാനുള്ള തിരക്കിലാണ് ജനങ്ങള്‍. ബാങ്കുകളില്‍ ജനങ്ങള്‍ തിക്കി തിരക്കുകയാണ്. വന്‍ തുകകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തുകയാണ് മാര്‍ഗം. ആദ്യ മൂന്നുദിവസം ഏഴുകോടി ഇടപാടുകളാണ് എല്ലാ ബാങ്കുകളിലുമായി നടന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി രണ്ടുലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. ആദ്യത്തെ രണ്ട് ദിവസം 53,000 കോടി രൂപയുടെ നിക്ഷേപമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം ലഭിച്ചത്. ഓരോ ദിവസവും ഈ കണക്ക് കൂടുകയാണ്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുണകരമായി സ്വാധീനിക്കും.
അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ മഷി പുരട്ടുന്നതും ഇതിന്റെ ഭാഗമാണ്. ഒരാള്‍ക്ക് നാലായിരം രൂപ വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ഇപ്പോള്‍ ഒരാളുടെ കൈയില്‍ അതില്‍ കൂടുതല്‍ നോട്ടുണ്ടെങ്കില്‍ മറ്റൊരു ദിവസം വന്ന് വീണ്ടും മാറ്റിയെടുക്കും. ഇത് മറികടക്കാനാണ് പുതിയ നീക്കം. കള്ളപ്പണം സാധുവാക്കുന്നത് തടയുന്നതിലൂടെ നാലായിരം രൂപയില്‍ കൂടുതലുള്ള അസാധു നോട്ടുകളെല്ലാം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും. അതായത് മഷി പുരട്ടല്‍ നിലവില്‍ വരുന്നതോടെ കൂടുതല്‍ പണം ബാങ്കുകളില്‍ എത്തും. ഇതിനൊപ്പം അക്കൗണ്ടില്‍ വരുന്ന തുക കൃത്യമായി നിരീക്ഷിക്കും. ഇതെല്ലാം ആദായ നികുതിയുടെ പരിധിയിലും വരും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ തുകയും രേഖപ്പെടുത്തേണ്ടി വരും. ഇത് ആദായ നികുതി വരവില്‍ വലിയ വര്‍ദ്ധനയുണ്ടാക്കും. കണക്കില്‍പ്പെടാത്ത ഉറവിടമില്ലാത്ത പണത്തിന് പിഴപ്പലിശയും ഈടാക്കും. ഇതും ഖജനാവിലേക്ക് പണമൊഴുക്കും. അങ്ങനെ കൂടുതല്‍ കരുത്തായ സാമ്പത്തിക സ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരെത്തും.
നിലവില്‍ കമ്പോളത്തില്‍ ഇടപാടുകള്‍ കുറവാണ്. നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണം. എന്നാല്‍ 500 രൂപാ നോട്ടുകള്‍ കൂടുതലായി എത്തുന്നതോടെ ഈ പ്രതിസന്ധി മാറും. ഇതോടെ സ്റ്റോക് എക്സ്ചേഞ്ചുകള്‍ വീണ്ടും സജീവമാകും. ഇത് വികസന പ്രക്രിയയ്ക്കും കമ്പനികള്‍ക്കും ഗുണകരമായി മാറുകയും ചെയ്യും. നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് ക്രൂഡ് ഓയില്‍ വില ആഗോള തലത്തില്‍ ഇടിഞ്ഞത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും വികസനത്തേയും സഹായിക്കുന്ന തരത്തിലേക്ക് ഈ ഇടിവിനെ മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്ത്. ഇതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേഗം വന്നു. ഇത് ഇരട്ടിയാക്കുന്ന തരത്തിലാകും നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കുന്ന സ്വാധീനമെന്ന വിലയിരുത്തലാണ് സാമ്പത്തിക വിദഗ്ദ്ധര്‍ക്കുള്ളത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് മോദിയുടെ തീരുമാനം ഗുണകരമാകുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുകൊണ്ടാണ് മോദിയുടെ നോട്ട് അസാധുവാക്കലിന് ആഗോള തലത്തില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതു സമ്പദ്വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഗുണകരമാകുമെന്ന് ആഗോള തലത്തില്‍ വിലയിരുത്തലുണ്ട്. കുറ്റകൃത്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളിലെ തട്ടിപ്പുകളും കുറഞ്ഞുകിട്ടും. നികുതിയും വരുമാനവും വര്‍ധിക്കും. മാത്രമല്ല, ബാങ്ക് നിക്ഷേപങ്ങളിലും വലിയ വര്‍ധനവുണ്ടാകും. ഉയര്‍ന്ന മൂല്യമുള്ളവ പിന്‍വലിച്ചാല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കും. നികുതി വെട്ടിപ്പും കള്ളപ്പണവും വ്യാജ നോട്ടുകളും തടയാനുള്ള ഈ നീക്കം ഖജനാവിനും ബാങ്കുകള്‍ക്കും തുണയാവുകയും ചെയ്യും. ബാങ്കുകളില്‍ എത്തുന്ന തുക സമര്‍ത്ഥമായി വികസനത്തിന് വിനിയോഗിക്കാനാകും. അതിവേഗ തീവണ്ടി പാതയുള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികള്‍ക്കായി നിക്ഷേപം കണ്ടെത്താനും എളുപ്പമാകും. വിദേശ രാജ്യങ്ങളില്‍ വായ്മപയ്ക്കായി കൈനീട്ടുന്ന സാഹചര്യം ഒഴിവാകുന്നതോടെ രൂപയുടെ മൂല്യവും കുറയും. ഡോളറുമായുള്ള വിനിമയ നിരക്കില്‍ മുന്നേറാനായാല്‍ അത് വിദേശ വ്യാപാരത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും ഗുണമാകും. ഇതോടെ സ്റ്റോക് എക്സ്ചേഞ്ചുകള്‍ കരുത്തരാവുകയും ചെയ്യും.
നിക്ഷേപമായി ബാങ്കുകളില്‍ കൂടുതല്‍ തുകയെത്തുമ്പോള്‍ രാജ്യത്തിന്റെ കരുതല്‍ ധനം നിയമപരമായി തന്നെ കൂടും. ഇത് രൂപയുടെ മൂല്യം ഭാവിയില്‍ ഉയര്‍ത്തുമെന്ന് വ്യക്തമാണ്. ഇതിനൊപ്പം വായ്പ നല്‍കാനുള്ള ബാങ്കുകളുടെ ശേഷിയും ഉയരും. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും കൂടുതല്‍ തുകയെത്തിക്കുന്ന അവസ്ഥയുണ്ടാക്കും. നിക്ഷേപങ്ങള്‍ കൂടുമ്പോള്‍ അവയെല്ലാം നിയമവിധേയമാകും. ഇത് ഖജനാവിലേക്കുള്ള നികുതി വരുമാനം കുത്തനെ ഉയര്‍ത്തും. കള്ളനോട്ടിന്റെ വ്യാപനത്തിനും വലിയൊരളവു വരെ കുറവ് വരും. കൂടുതല്‍ ഇടപാടുകള്‍ ബാങ്ക് കേന്ദ്രീകൃതമാക്കുന്നതാണ് ഈ തീരുമാനം. കറന്‍സിയുടെ അസാധുവാക്കല്‍ മനസ്സില്‍ വയ്ക്കുന്ന സാധാരണക്കാര്‍ പോലും ഭാവിയില്‍ വലിയ തോതില്‍ നോട്ടുകള്‍ സൂക്ഷിക്കാത്ത അവസ്ഥയുണ്ടാക്കും. ഡിജിറ്റല്‍ ബാങ്കിംഗിന്റെ അപാര സാധ്യതകള്‍ തുറക്കുന്നതോടെ സ്മാര്‍ട്ട് എക്കോണമിയിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഇത് ഭാവിയിലും കൂടുതല്‍ നിക്ഷേപം ബാങ്കുകളില്‍ നിലനിര്‍ത്താന്‍ സഹായകമാകും. ഇതിലൂടെ കൂടുതല്‍ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്ന വിപണിയായി രാജ്യം മാറും.
ചലനാത്മക വിപണിയായി ഇന്ത്യയെ മാറ്റുന്നതാണ് തീരുമാനമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൃത്യമായ പണത്തിന്റെ വിനിയോഗത്തിലേക്ക് തീരുമാനം എത്തിക്കും. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ രാജ്യത്തുണ്ടാക്കും. കൂടുതല്‍ നിര്‍മ്മാണ പ്രക്രിയയ്ക്കും കയറ്റുമതിക്കും അവസരമുണ്ടാകും. ഇതിലൂടെ വിദേശ നാണ്യത്തിന്റെ വന്‍തോതിലുള്ള വരവും ഉണ്ടാകും. ഡെഡ് മണിയെന്ന സാമ്പത്തിക ശാസ്ത്രത്തിലെ പ്രയോഗം തന്നെ ഇല്ലാതാകും. ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തന്നെ എത്തുന്നതാണ് ഇതിന് കാരണം. വിപണിയിലെ മുഴുവന്‍ സമ്പത്തും വിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയും. വിശ്വാസ്യതയും സുതാര്യതയും ഇടപാടുകള്‍ ഉറപ്പുവരുത്തുന്നതും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരും. രാജ്യന്താര തലത്തില്‍ രൂപയുടെ പ്രിയം കൂടുന്നതിന് ഇത് അവസരമൊരുക്കും. സാമ്പത്തികകാര്യങ്ങളില്‍ റിസര്‍വ്വ് ബാങ്കിന് കൂടുതല്‍ നിയന്ത്രണവും ഉണ്ടാകും. വ്യക്തികള്‍ മാത്രമല്ല സംഘടനകളും സ്വത്ത് വെളിപ്പെടുത്താനും ആദായ നികുതി കൃത്യമായി അടയ്ക്കാനുമെല്ലാം ഇത് കാരണമാകും. നിലവില്‍ സര്‍ക്കാരിതര സംഘടനകളിലേക്ക് ഒഴുകുന്ന ഫണ്ടുകളില്‍ റിസര്‍വ്വ് ബാങ്കിന് ഒരു നിയന്ത്രണവും ഇല്ല. ഈ അവസ്ഥയ്ക്ക് പിരഹാരമുണ്ടാക്കാനും ഇതിലൂടെ കഴിയും.

സര്‍ക്കാരിന്റെ നയരൂപീകരണത്തിന് ഏറ്റവും ഗുണകരമായി ഈ തീരുമാനം മാറുമെന്നും വിലയിരുത്തലുണ്ട്. വിപണ ഇടപെടലുകള്‍ക്ക് വേഗത്തില്‍ റിസര്‍വ്വ് ബാങ്കിനും സര്‍ക്കാരിനും കഴിയും. കള്ളപ്പണ നിയന്ത്രണത്തിലും ഇത് നിര്‍ണ്ണായകമാകും. ഇതിലൂടെ പൂഴ്ത്തി വയ്ക്കും കരിചന്തയ്ക്കും പോലും സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അതുകൊണ്ട് ക്ഷമയോടെ കാത്തിരുന്നാല്‍ മോദിയുടെ നോട്ട് അസാധുവാക്കല്‍ എന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു. ഭീകരവാദികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി. കള്ളനോട്ടിന്റേയും കള്ളക്കടത്തിന്റേയും കള്ളപ്പണത്തിന്റേയും സാധ്യതകളിലൂടെയാണ് തീവ്രവാദികള്‍ രാജ്യത്തിന് ഭീഷണിയാകുന്നത്. നക്സലുകളും മാവോയിസ്റ്റുകളുമെല്ലാം കരുതലായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയാണ് നോട്ട് അസാധുവാകലിലൂടെ ഇല്ലാതായത്. അതുകൊണ്ട് ഭീകര പ്രവര്‍ത്തനങ്ങളുടെ അടിവേരിളകാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

 

Top