കറാച്ചി: വിഖ്യാത ക്രിക്കറ്ററും തെഹ്‌രീക്-ഇ- ഇന്‍സാഫ് പാര്‍ട്ടി അംഗവുമായ ഇമ്രാന്‍ ഖാനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍. താനെഴുതിയ പുസ്തകത്തിലാണ് റഹം ഖാന്‍ ഇമ്രാനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഇതിഹാസ ബൗളര്‍ വസിം അക്രത്തിനെയും റെഹം ഖാന്‍ പുസ്തകത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു.
ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് റെഹം വീണ്ടും രംഗത്ത് വന്നത്. താന്‍ കാട്ടിയ മണ്ടത്തരങ്ങളും അബദ്ധങ്ങളും തെറ്റുമാണ് ചൂണ്ടിക്കാട്ടിയത്. താന്‍ വിവാഹം ചെയ്തത് പോലെയുള്ള ആള്‍ക്കാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നും മനുഷ്യന് പറ്റുന്ന തരത്തിലുള്ള സാധാരണ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ അത് സഹായകരമാകണമെന്നും പറഞ്ഞു.
പാകിസ്താന്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇമ്രാന്‍ഖാനെ ലക്ഷ്യമിട്ട് സ്വവര്‍ഗ്ഗരതിയും പരസ്ത്രീബന്ധവും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണമാണ് റെഹം നടത്തിയിരിക്കുന്നത്. പാകിസ്താന്‍ മുന്‍ ക്രിക്കറ്റ്താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ഖാന്‍ അനേകം സ്ത്രീകളുമായി ബന്ധമുള്ളയാളും സ്വവര്‍ഗ്ഗരതി ഇഷ്ടപ്പെടുന്നയാളുമാണെന്നായിരുന്നു മുന്‍ഭാര്യയുടെ വെളിപ്പെടുത്തല്‍. നടന്‍ ഹംസാ അലി അബ്ബാസി, പിടിഐ അംഗം മുറാദ് സയീദ് എന്നിവരുമായി ഇമ്രാന്‍ ബന്ധപ്പെട്ടിരുന്നു എന്നും പുസ്തകത്തില്‍ റെഹം ഖാന്‍ ആരോപിച്ചിരുന്നു.
ആരോപണം സയീദ് നിഷേധിച്ചിട്ടുണ്ട്. ഹംസ അലി അബ്ബാസി ഇതുവരെ പ്രതികരിച്ചിട്ടില്ല. പുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തു വിട്ടിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇമ്രാന്‍ തന്നെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന് റെഹം പറയുന്നു.”വിവാഹത്തിന് മുമ്പായിരുന്നു ഇത്. രണ്ടു പേരും നടക്കാന്‍ പോയി, അതിന് ശേഷം ഭക്ഷണവും കഴിഞ്ഞപ്പോഴായിരുന്നു ഇമ്രാന്‍ മോശമായി സ്പര്‍ശിച്ചത്.
എന്നാല്‍ പേടിച്ചുപോയ താന്‍ ഇമ്രാനെ തള്ളിമാറ്റി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ അത്തരക്കാരി അല്ലെന്ന് എനിക്കറിയാം അതുകൊണ്ടാണ് നിന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹം തോന്നിയതെന്നായിരുന്നു.” രൂക്ഷമായ ആരോപണമാണ് ഇമ്രാനെതിരേ റെഹം നടത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ യുടെ മീഡിയാ കോഓര്‍ഡിനേറ്റര്‍ അനിലാ ഖ്വാജയുമായി ഇമ്രാന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇമ്രാന് എല്ലാം ചെയ്തു കൊടുക്കുന്ന ഹറാമുകളുടെ തലൈവിയാണ് ഖ്വാജ എന്നായിരുന്നു റഹത്തിന്റെ ആരോപണം. ബ്രിട്ടീഷ് ബിസിനസുകാരനായ സയ്യദ് സുള്‍ഫിക്കര്‍ ബുഖാരിയാണ് ഇമ്രാന്റെ ലണ്ടനിലെ സഹായി.
ഇമ്രാനില്‍ നിന്നും ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഗര്‍ഭഛിദ്രം ആസൂത്രണം ചെയ്തത് സുള്‍ഫിഖര്‍ ബുഖാരിയായിരുന്നെന്നും പറഞ്ഞു. പാക് ക്രിക്കറ്റ് നായകനായിരുന്നപ്പോള്‍ ഇമ്രാന്റെ വലംകൈയായിരുന്ന വസിം അക്രത്തിനെയും റെഹം വെറുതെ വിട്ടില്ല.
മരിച്ചുപോയ സ്വന്തം ഭാര്യ കറുത്തവര്‍ഗ്ഗക്കാരനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് നേരില്‍ കാണുന്നത് വസീം അക്രത്തിന് ഹരമായിരുന്ന കാര്യമാണെന്നാണ് വെളിപ്പെടുത്തിയത്. തന്റെ ആദ്യ ഭര്‍ത്താവ് ഇജാസ് റഹ്മാന്‍ ലോകത്തെ ഏറ്റവും ക്രൂരനും പൈശാചികനുമായ മനുഷ്യനായിരുന്നെന്നും റെഹം ആരോപിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ പേരില്‍ 14 ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് അക്രം, സുള്‍ഫിഖര്‍ ബുഖാരി, ഇജാസ് റഹ്മാന്‍, അനിലാ ഖ്വാജ എന്നിവരെല്ലാം രംഗത്ത് വന്നിട്ടുണ്ട്. ഇമ്രാന്‍ഖാന്റെ ആദ്യ ഭാര്യ ജെമിമാ ഗോള്‍ഡ്‌സ്മിത്തും തന്നെയും 16 വയസ്സുള്ള മകനെയും അപമാനിച്ചതില്‍ റെഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്‍ന്നിരിക്കുന്ന ആരോപണം ഇമ്രാന്റെ രാഷ്ട്രീയ ഭാവി തന്നെ ഇരുട്ടിലാക്കാന്‍ പോന്നതാണ്.