സ്ഥിരനിക്ഷേപത്തില്‍ നിന്ന് പലിശ ലഭിക്കുകയും നികുതി സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി ആദായ നികുതി വകുപ്പ്. സ്ഥിര നിക്ഷേപത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ പലിശയിനത്തില്‍ ലഭിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ് ആദായനികുതി വകുപ്പ് നടത്തുന്നത്. ഉയര്‍ന്ന വരുമാനമുണ്ടായിട്ടും ആദായനികുതി സമര്‍പ്പിക്കാതെ മുങ്ങിനടക്കുന്നവരെയാണ് ആദായനികുതി വകുപ്പ് പിടികൂടാനൊരുങ്ങുന്നത്. നേരത്തെ നോട്ട് നിരോധനത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പും കേന്ദ്ര സര്‍ക്കാരും നികുതി തട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ അനന്തര നടപടികളെന്നോണമാണ് ആദായനികുതി വകുപ്പ് ലക്ഷങ്ങളും കോടികളും സ്ഥിരനിക്ഷേപമുള്ളവരെ കണ്ടെത്തി നികുതി തട്ടിപ്പിന് കൂച്ചുവിലങ്ങിടാനൊരുങ്ങുന്നത്.
നികുതി ബാധ്യതയുണ്ടായിരുന്നിട്ടും ആദായനികുതിയോ ആദായനികുതി റിട്ടേണോ സമര്‍പ്പിക്കാത്തവരെയാണ് ആദായനികുതി പിടികൂടാനൊരുങ്ങുന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് പത്ത് ശതമാനം പലിശ പിടിച്ചാണ് നിക്ഷേപര്‍ക്കുള്ള ടിഡിഎസ് കൈമാറുന്നത്. ഇത്തരത്തില്‍ 30 ശതമാനം പലിശ കൈപ്പറ്റുന്നവര്‍ പോലും ആദായനികുതി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമേ പ്രതിഫലം പണമായി കൈപ്പറ്റുകയും ആര്‍ഭാട ജീവിതം നയിക്കുകയും നികുതി സമര്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന പ്രൊഫഷണലുകളെയും ആദായനികുതി വകുപ്പ് നിരീക്ഷിച്ച് വരികയാണ്. വന്‍ തുക വരുമാനമുണ്ടായി ട്ടും നികുതി വെട്ടിപ്പ് നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ആദായനികുതി വകുപ്പിന്‍റെ നടപടി. സാധാരണക്കാര്‍ക്ക് തങ്ങളുടെ നടപടി പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രത്യേക സീസണില്‍ മാത്രം വന്‍ തോതില്‍ വരുമാനം ഉണ്ടാക്കുകയും ആര്‍ഭാട ജീവിതം നയിക്കുകയും അതേ സമയം ആദായ നികുതി സമര്‍പ്പിക്കുകയും ചെയ്യാത്തവരെയാണ് ആദായനികുതി വകുപ്പ് നിരീക്ഷിച്ചുവരുന്നത്. പണമായി വേതനം സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരും വകുപ്പിന്‍റെ നിരീക്ഷണ പരിധിയില്‍ വരും. ഡെങ്കിപ്പനി പോലുള്ള മഴക്കാല രോരങ്ങള്‍ കൊണ്ട് രോഗികളില്‍ നിന്ന് വന്‍ തുക സമ്പാദിക്കുന്നവരും ഈ പരിധിയില്‍ ഉള്‍പ്പെടുന്നു.
ആദായനികുതി സമര്‍പ്പിക്കാതെ മുങ്ങുന്നവരെ പിടികൂടുന്നതിനായി ആദായ നികുതി സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. ധനകാര്യബില്ലിലെ ഭേദഗതി അനുസരിച്ചായിരുന്നു നീക്കം. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായിരുന്നു നടപടി.