![](https://dailyindianherald.com/wp-content/uploads/2016/12/co-bank-.png)
കോഴിക്കോട്: കേരളത്തിലെ സഹകരരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആണയിടുന്നുണ്ടെങ്കിലും പല ബാങ്കുകളും കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കോഴിക്കോട്ടെ ഒരു സഹകരണബാങ്ക് 12 കോടി രൂപ നിക്ഷേപിച്ചതായി കണ്ടത്തെിയിട്ടുണ്ട്. മലപ്പുറത്തെ വിവിധ ബാങ്കുകളും കോടികള്‍ നിക്ഷേപിച്ചതായി കണ്ടത്തെി. മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം രണ്ടര കോടി രൂപ പ്രാദേശിക സഹകരണ ബാങ്കില്‍ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടത്തെിയിട്ടുണ്ട്. കാസര്‍കോടും തൃശൂരുമെല്ലാം സമാനരീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.
കിട്ടാക്കടങ്ങള്‍ കൂട്ടമായി അടച്ചുതീര്‍ത്ത ഇത്തരം പണംകൊണ്ടാണ് ചില സഹകരണ സംഘങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഇതുപോലെ ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളും നടന്നതായുള്ള സംശയത്തിലാണ് പരിശോധന നടന്നത്.പക്ഷേ ഇതുതന്നെ പൂര്‍ണമായും സ്ഥിരീകരിക്കാനിയിട്ടില്ല. ഈ പണത്തിനുള്ള ഉറവിടം ബന്ധപ്പെട്ടവര്‍ കാണിച്ചില്ളെങ്കില്‍ മാത്രമേ ഇവയെല്ലാം കള്ളപ്പണത്തിന്റെ ലിസ്റ്റില്‍ വരൂ.ഏത് മേഖലയിലും കുറച്ച് കള്ളപ്പണക്കാര്‍ ഉണ്ടാകുമെന്നും ഇതിന്റെ പേരില്‍ കാടടച്ച് വെടിവെക്കരുതുമെന്നാണ് സഹകാരികള്‍ പറയുന്നത്. അനധികൃതമായി ഇടപാടു നടത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് തങ്ങള്‍ എതിരല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 40 ഓളം പ്രാഥമിക സഹകരണ ബാങ്കുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ചിലരുടെ അക്കൗണ്ടു കളില്‍ കള്ളപ്പണം ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ കമ്മിഷണര്‍ പ്രണബ് കുമാര്‍ദാസ് പറഞ്ഞു. സംശയകരമായ രീതിയിലുള്ള പണം നിക്ഷേപിച്ച അക്കൗണ്ട് ഉടമകളേയും ബാങ്കില്‍ വിളിച്ചു വരുത്തിയായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരില്‍ നിന്ന് ആദായ നികുതി നിയമപ്രകാരമുള്ള പിഴയീടാക്കല്‍ നടപടി തുടങ്ങും. മിക്ക ബാങ്കുകളും പരിശോധനയില്‍ സഹകരിച്ചിരുന്നെന്നും പൊലീസ് സഹായം വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ദേശസാല്‍കൃത ബാങ്കുകളിലും പരിശോധന നടത്തിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളോടൊപ്പം ബാങ്ക് അധികൃതര്‍ക്കെതിരെയും നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതിനു ശേഷം മലബാറിലെ സഹകരണ ബാങ്കുകളില്‍ മാത്രം 2,000 കോടി രൂപയുടെ അധിക നിക്ഷേപം വന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള സഹകരണ ബാങ്കുകളില്‍ ഇന്നലെ മിന്നല്‍പരിശോധനയ്ക്കെത്തുകയായിരുന്നു ഉദ്യോഗസ്ഥസംഘം. കിട്ടാക്കടങ്ങള്‍ ഒന്നിച്ച് അടച്ചുതീര്‍ത്ത വക’യില്‍ ലഭിച്ച വന്‍ തുകയാണ് ചില സഹകരണ സംഘങ്ങള്‍ നിക്ഷേപിച്ചതെന്നു പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ രീതിയില്‍ പണം നിക്ഷേപിച്ചത് ദുരൂഹ ഇടപാടുകളായി തന്നെയാണ് ആദായനികുതി വകുപ്പ് വിലയിരുത്തുന്നത്.
അതേസമയം കള്ളനോട്ട് തിരിച്ചറിയാനുള്ള വൈദഗ്ധ്യവും പ്രഫഷനല്‍ ജീവനക്കാരും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്നുള്ള റിസര്‍വ് ബാങ്ക് വാദം തെറ്റെന്ന് വാദിച്ച് ജീവനക്കാര്‍ രംഗത്തത്തെി. ജില്ലാ ബാങ്കുകള്‍ക്ക് കള്ളനോട്ട് തിരിച്ചറിയല്‍ മെഷീന്‍ വാങ്ങാന്‍ ആര്‍.ബി.ഐ കോടികള്‍ ഗ്രാന്റ് നല്‍കിയിട്ടുണ്ട്. വിവിധ ജില്ലാ ബാങ്കുകള്‍ ആര്‍.ബി.ഐ ഗ്രാന്റിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ കള്ളനോട്ട് തിരിച്ചറിയല്‍ മെഷീനുകള്‍ വാങ്ങിയത്. പാലക്കാട് ജില്ല ബാങ്കിന് 42.58 ലക്ഷം രൂപയാണ് ആര്‍.ബി.ഐ ഗ്രാന്റ് നല്‍കിയത്. മലപ്പുറം ജില്ല ബാങ്കിന് 60 ലക്ഷവും കോഴിക്കോട് ബാങ്കിന് ഒരു കോടിയും ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് തിരിച്ചറിയാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയത് ആര്‍.ബി.ഐ നേരിട്ടാണെന്നും സഹകാരികള്‍ ചൂണ്ടികാട്ടുന്നു.