കൊച്ചി: സ്ത്രീകളെ കുമ്പസാരിപ്പിക്കാനുളള ആത്മീയാധികാരം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഹൗസിനുമുന്നില്‍ സമരം.
കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിനുമുന്നില്‍ അഡ്വ ഇന്ദുലേഖയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടന്നത്. വൈദീകരുടെ ലൈംഗീക പീഡന പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാര്‍മ്മീകാധികാരം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയാണ് പ്രത്യക്ഷ സമരത്തിന് വിശ്വാസികള്‍ തയ്യാറായത്.
ഈ ആവശ്യമുന്നയിച്ച് നേരത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് കത്തയച്ചിരുന്നു. ലൈംഗീക പീഡന കേസുകളില്‍ വൈദികര്‍ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കുമ്പസാരം കന്യാസ്ത്രീകള്‍ക്ക് കൈമാറണമെന്നായിരുന്നു അഡ്വ ഇന്ദുലേഖ അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നത്. കന്യാസ്ത്രീകളും ബഹ്മചര്യം അനുഷ്ടിക്കുന്നവരാണ്.
പുരോഹിതര്‍ക്ക് നല്‍കുന്ന സ്ഥാനം കന്യാസ്ത്രീകള്‍ക്കും നല്‍കണം. കുമ്പസാരം വഴി ഇരയുടെ ദൗര്‍ബല്യങ്ങളും മാനസികാവസ്ഥയും മനസിലാക്കുന്ന ക്രിമിനല്‍ മനസ്ഥിതിയുള്ളവര്‍ അവസരം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് അഡ്വ ഇന്ദുലേഖ ജോസഫ് പറഞ്ഞു.