സ്‌പോട്‌സ് ഡെസ്‌ക്
ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്‌ബോളിൽ റഷ്യൻ കോടീശ്വരൻ അബ്രഹാമോവിച്ചിന്റെ ടീം ചെൽസി തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ്ബ്രോം വിച്ചിനെ ഒരു ഗോളിന് കീഴടക്കിയായിരുന്നു ചെൽസി ലീഗിന്റെ തലപ്പത്ത് എത്തിയത്. ഇനി മൂന്ന് കളികൾ ബാക്കിയുള്ള രണ്ടാം സ്ഥാനക്കാർ ടോട്ടൻഹാമിനേക്കാൾ പത്തു പോയിന്റ് മുകളിലെത്തിയാണ് ചെൽസി കിരീടം ഉറപ്പിച്ചത്. ഈ മൂന്ന് മത്സരങ്ങൾ ജയിച്ചാലും ടോട്ടൻഹാമിന് പരമാവധി കിട്ടാവുന്ന പോയിന്റ് ഒമ്പതാണ്.
കഴിഞ്ഞ സീസണിൽ 42.5 ദശലക്ഷം ഡോളറിൽ നിരയിൽ എത്തിച്ച ബെൽജിയൻ സ്ട്രൈക്കർ ബാറ്റ്ഷൗയിയായിരുന്നു കളിയിലെ നിർണ്ണായക ഗോൾ നേടിയത്. കിണഞ്ഞു പരിശ്രമിച്ചിട്ടും ഗോൾ നേടാതെ കുഴങ്ങിയ ചെൽസിയ്ക്കായി 88 ാം മിനിറ്റിൽ ബാറ്റ്ഷൗയി ഗോൾ നേടുകയായിരുന്നു. സീസണിൽ ഇതുവരെ മൊത്തം 127 മിനിറ്റ് മാത്രം കളിച്ച താരം പ്രീമിയർ ലീഗിലെ തന്റെ മൂന്നാമത്തെ ഷോട്ടിൽ ഗോൾ നേടി. 68 ശതമാനത്തോളം ബോൾ പൊസഷൻ നേടിയ ചെൽസി 23 തവണയാണ് വെസ്റ്റ്ബ്രോമിന്റെ വല ലക്ഷ്യമാക്കി ഷോട്ട് തൊടുത്തത്.
രണ്ടു മത്സരങ്ങൾ കൂടി ബാക്കി നിൽക്കേയാണ് ചെൽസി വിജയകിരീടത്തിൽ മുത്തമിട്ടത്. തിങ്കളാഴ്ച വാറ്റ്ഫോർഡിനെതിരേയും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സണ്ടർലാന്റിനെയുമാണ് ഇനി നീലപ്പടയ്ക്ക് നേരിടാനുള്ളത്. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ചെൽസി സ്ഥിരതയാർന്ന പ്രകടനത്തോടെയാണ് മുകളിലേക്ക് കയറി വന്നത്. 2003 ൽ റഷ്യൻ കോടീശ്വരൻ റോമൻ അബ്രമോവിച്ച് വാങ്ങിയ ശേഷം ചെൽസി കുറിക്കുന്ന ചെൽസി നേടുന്ന ആറാം പ്രീമിയർലീഗ് കിരീടമാണ് ഇത്. ഇതോടെ ഏറ്റവും കൂടുതൽ തവണ കിരീടംനേടിയവരുടെ പട്ടികയിൽ 13 തവണ കിരീടംനേടിയ മാഞ്ചസ്റ്ററിന് പിന്നിൽ എത്തുകയും ചെയ്തു.
ചെൽസിയുടെ കിരീടനേട്ടം പ്രീമിയർലീഗിൽ മുത്തമിട്ട നാലാമത്തെ ഇറ്റലിക്കാരനാക്കി മാനേജർ അന്റോണിയോ കോണ്ടേയെയും മാറ്റി. ഇതിന് മുമ്പ് ചെൽസിയിലൂടെ തന്നെ ആൻസലോട്ടിയും മാഞ്ചസ്റ്റർ സിറ്റിയിലൂടെ മാൻസീനിയും കഴിഞ്ഞ തവണ ലെസ്റ്റർസിറ്റിയുമായി ക്ളോഡിയോ റാനിയേരിയും പ്രീമിയർ ലീഗ് ട്രോഫിയിൽ മുത്തമിട്ടിരുന്നു. ചെൽസി 28 ാമത്തെ സീസണായിരുന്നു കളിച്ചത്. ഫ്രഞ്ച് ക്ളബ്ബ് മാഴ്സെയിൽ നിന്നും ചെൽസിയിൽ എത്തിയ ബാറ്റ്ഷൗയി എഴുപത്താറാം മിനിറ്റിൽ പെഡ്രോയുടെ പകരക്കാരനായി ഇറങ്ങി ആറു മിനിറ്റിനുള്ളിൽ തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.