ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 17.3 ഓവറില്‍ വെറും 83 റണ്‍സിന് എല്ലാവരും പുറത്തായി. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ അനായാസ വിജയം മുന്നില്‍കണ്ടാണ് ക്രീസിലെത്തിയതെങ്കിലും മുഹമ്മദ് ആമിറിന്റെയും മുഹമ്മദ് സമിയുടെയും തീക്കാറ്റ് പോലെ മിന്നല്‍വേഗത്തിലെത്തിയ പന്തുകള്‍ മുന്‍നിര ബാറ്റ്‌സ്!മാന്‍മാരുടെ വിക്കറ്റിളക്കി. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ രോഹിത് ശര്‍മയെ പൂജ്യനാക്കി മടക്കി ആമിര്‍ ഇന്ത്യക്ക് മേല്‍ വന്‍ ആഘാതമേല്‍പ്പിച്ചു.
അതേ ഓവറിലെ നാലാമത്തെ പന്തില്‍ രഹാനെയെയും സംപൂജ്യനാക്കി മടക്കിയ ആമിര്‍ ഇന്ത്യക്ക് മുന്നില്‍ വിശ്വരൂപം പുറത്തെടുത്തു. മൂന്നാമത്തെ ഓവറില്‍ ഒരു റണ്‍സെടുത്ത സുരേഷ് റെയ്!നയെയും ആമിര്‍ കൂടാരത്തിലേക്കുള്ള വഴി കാട്ടിയതോടെ പാകിസ്താന്‍ നയം വ്യക്തമാക്കി. മൈതാനത്ത് പറന്നുനടന്ന പാക് ഫീല്‍ഡര്‍മാര്‍ ഇന്ത്യയെ ചുറ്റിവളഞ്ഞു. ഒടുവില്‍ വിജയലക്ഷ്യത്തിലേക്ക് ഏതാനും റണ്‍സുകള്‍ മാത്രം ബാക്കിനില്‍ക്കെ 49 റണ്‍സെടുത്ത വിരാട് കൊഹ്!ലിയെ വീഴ്!ത്തി സമി ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ധത്തിലാക്കി. തൊട്ടടുത്ത പന്തില്‍ പാണ്ഡ്യ(0)യും കീഴടങ്ങിയതോടെ ഫിനിഷിങ് ചുമതല നായകന്‍ എംഎസ് ധോണിയും പ്രതിരോധിച്ച് ബുദ്ധിപൂര്‍വം ബാറ്റ് വീശിയ യുവരാജ് സിങും ഏറ്റെടുത്തു. ഒടുവില്‍ 15.3 ഓവറില്‍ വഹാബ് റിയാസിനെ അതിര്‍ത്തി കടത്തി ധോണി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
നേരത്തെ ഇന്ത്യക്ക് വേണ്ടി പന്തെടുത്തവരെല്ലാം സംഹാരതാണ്ഡവമാടിയപ്പോള്‍ പാകിസ്താന്റെ ബാറ്റിങ് മുന്‍നിര തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ മുഹമ്മദ് ഹഫീസിനെ(4) വീഴ്ത്തി ആശിഷ് നെഹ്‌റയാണ് ആക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെയെത്തിയ ബംറ, പാണ്ഡ്യ, യുവരാജ് സിങ് എന്നിവരും കളംനിറഞ്ഞു ആടിയതോടെ പാകിസ്താന്റെ കുന്തമുന ഒടിഞ്ഞു.
ഷര്‍ജീല്‍ ഖാന്‍(7), ഖുറാം മന്‍സൂര്‍(10), ഷൊയ്ബ് മാലിക്(4), ഉമര്‍ അക്മല്‍(3), ശാഹിദ് അഫ്രീദി(2) എന്നിവരാണ് എട്ടോവര്‍ പൂര്‍ത്തിയാകുന്നതിനിടെ കൂടാരം കയറിയത്. അഫ്രീദിയെ ജഡേജയും ഖുറാം മന്‍സൂറിനെ(10) വിരാട് കോഹ്ലിയും റണ്ണൗട്ടാക്കി. ടോപ്‌സ്‌കോററായ സര്‍ഫ്രാസ് അഹമ്മദിന്റെ(25) വിക്കറ്റ് പതിനാറാം ഓവറില്‍ രവീന്ദ്ര ജഡേജ തെറിപ്പിച്ചതോടെ പാക് ഇന്നിംങ്‌സിന്റെ അന്ത്യം വേഗത്തിലായി.
വഹാബ് റിയാസ്(4), മുഹമ്മദ് സാമി(8), മുഹമ്മദ് ആമിര്‍(1) തുടങ്ങിയ വാലറ്റക്കാരെ നിലയുറപ്പിക്കും മുമ്പ് പാണ്ഡ്യയും ജഡേജയും ചേര്‍ന്ന് മടക്കി. ഇതോടെ 17.3 ഓവറില്‍ പാകിസ്ഥാന്‍ 83ന് ഓള്‍ ഔട്ടാവുകയായിരുന്നു. പാക് നിരയില്‍ ഖുറം മന്‍സൂറും(10) സര്‍ഫ്രാസ് അഹമ്മദും(25) മാത്രമാണ് രണ്ടക്കം കണ്ടത്. പാക് ഇന്നിംങ്‌സിലെ രണ്ടാമത്തെ വലിയ സംഭാവന ഇന്ത്യന്‍ ബൗളര്‍മാര്‍ ഉദാരമായി നല്‍കിയ 15 റണ്‍സിന്റെ എക്‌സ്ട്രാസായിരുന്നു.