ടിബറ്റിലെ മലമുകളില്‍ സൈനിക പരിശീലനം നടത്തി ചൈന. ദോക് ലാ സംഘര്‍ഷത്തിനു ശേഷം ആദ്യമായാണു ചൈന ടിബറ്റില്‍ സൈനിക പ്രകടനം നടത്തുന്നത്. ഭാവിയില്‍ ഇന്ത്യയെ ആക്രമിക്കാനും തടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങളെന്നു വിലയിരുത്തലുകളുണ്ട്. ഹിമാലയത്തിലെ പ്രാന്തപ്രദേശത്തു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട അഭ്യാസമാണു നടത്തിയതെന്നു സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ യുദ്ധമുണ്ടായാല്‍ സൈന്യം ഏതെല്ലാം തരത്തില്‍ തയാറായിരിക്കണം എന്നുള്ളതിന്റെ പരീക്ഷണമായിരുന്നു മുഖ്യമായും നടന്നത്്. സൈനിക വിന്യാസം, ആയുധങ്ങള്‍ എത്തിക്കലും ഉപയോഗവും, പ്രാദേശിക ജനങ്ങളുമായുള്ള സഹകരണം എന്നീ കാര്യങ്ങളും പരിശോധിച്ചുറപ്പിച്ചു.
രഹസ്യമായാണ് ചൊവ്വാഴ്ച പട്ടാളപ്രകടനം അരങ്ങേറിയത്. ഇതുസംബന്ധിച്ച വാര്‍ത്തയ്‌ക്കൊപ്പം, 4600 മീറ്റര്‍ ഉയരത്തിലുള്ള പ്രദേശത്തു കഴിഞ്ഞ ഓഗസ്റ്റില്‍ 13 മണിക്കൂര്‍ നീണ്ട അഭ്യാസം സൈന്യം നടത്തിയ കാര്യവും ഉദ്ധരിച്ചിട്ടുണ്ട്. പ്രാദേശിക കമ്പനികള്‍, സര്‍ക്കാരുകള്‍, ജനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചുള്ള സേനാപ്രകടനം രാജ്യത്തിന്റെ ശക്തിക്കു ഗുണപ്രദമാണ്. ചൈനയുമായി അഭിപ്രായ ഭിന്നതയുള്ള ആത്മീയാചാര്യന്‍ ദലൈ ലാമയുടെ ടിബറ്റില്‍ സൈന്യവും നാട്ടുകാരും സഹകരിക്കേണ്ടതു ആവശ്യമാണെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
1962ല്‍ ഇന്ത്യ ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധമായി മാറിയപ്പോള്‍ ചൈനയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സൈനിക വിന്യാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു കാരണം. ഉയരങ്ങളില്‍ വച്ചുള്ള യുദ്ധത്തിനിടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളോടെയാണു സൈനിക പ്രകടനം നടത്തിയതെന്നു മിലിട്ടറി വിദഗ്ധന്‍ സോങ് സോങ്പിങ്ങിന്റെ നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് ദോക് ലാ വിഷയത്തില്‍ അവകാശവാദവുമായി ചൈന രംഗത്തെത്തിയിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം മാറ്റിയതു ചൈനയാണെന്നും അതിനോടുള്ള പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയിലേക്കുള്ള ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ്, മേഖല ചൈനയുടേതാണെന്നു ബെയ്ജിങ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്. ദോക് ലായില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ പരമാധികാര അവകാശത്തിനു കീഴിലാണ്. ചരിത്രപരമായ കാര്യങ്ങളാല്‍ ദോക് ലാ ചൈനയുടേതാണ്. ‘നിലവിലെ സാഹചര്യമെന്ന’ കാര്യം അവിടെയില്ലെന്നും ഇന്ത്യന്‍ അംബാസഡര്‍ക്കു മറുപടിയായി ഹുവ വ്യക്തമാക്കി.