ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ആറു മാസം മുമ്പ് ചൈനയിൽ നിന്ന് വായ്പ നൽകുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകൾ ഇ-സ്റ്റോറിൽ ഉണ്ടെന്ന് കണ്ടെത്തി.
ഈ ആപ്പുകൾക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ട്. ചാരവൃത്തി ഉപകരണങ്ങളാക്കി മാറ്റാൻ സെർവർ സൈഡ് സുരക്ഷ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
തെലങ്കാന, ഒഡീഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ 2022ൽ കേന്ദ്രം നിരോധിച്ചിരുന്നു.