ശുചീകരണ യജ്ഞത്തിനെത്തിയ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ മാലിന്യമില്ല. പിന്നെ കണ്ണന്താനത്തിന് വൃത്തിയാക്കാനായി മാലിന്യങ്ങള്‍ വിതറലായി വളണ്ടിയര്‍മാരുടെ ജോലി. തുടര്‍ന്ന് വളണ്ടിയര്‍മാര്‍ വിതറിയ മാലിന്യങ്ങള്‍ വൃത്തിയാക്കി മന്ത്രി ശുചീകരണ യജ്ഞവും ആരംഭിച്ചു. ഡല്‍ഹി ഇന്ത്യാ ഗേറ്റിന് സമീപമാണ് ഇത്തരമൊരു നാടകം അരങ്ങേറിയത്. ‘സ്വഛതാ ഹീ സേവാ’ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിലെത്തിയതായിരുന്നു ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ മന്ത്രി വരുന്നതറിഞ്ഞ ജീവനക്കാര്‍ ആദ്യമേ സ്ഥലമൊക്കെ വൃത്തിയാക്കിയിട്ടു. ഇതോടെയാണ് മന്ത്രിക്ക് വൃത്തിയാക്കാന്‍ മാലിന്യങ്ങളില്ലാതായത്. പിന്നീട് സമീപത്ത് നിന്നും പ്ലാസ്റ്റിക്ക് കുപ്പികളും പാന്‍മസാല കവറുകളും എത്തിച്ചതിന് ശേഷമാണ് മന്ത്രിക്ക് പരിസരം വൃത്തിയാക്കാനായത്.’ഞങ്ങള്‍ ഇന്ത്യാഗേറ്റ് പരിസരം വൃത്തിയാക്കാനാണ് എത്തിയത്. ഈ ശുചീകരണ പരിപാടികൾ രാജ്യത്തുടനീളം നടക്കുന്നുണ്ട്. സർക്കാർ ജീവനക്കാര്‍ മാത്രമല്ല, എല്ലാ ജനങ്ങളും ഇതില്‍ പങ്കാളികളാകണം. ഇതൊരു ദൈനംദിന പ്രവർത്തിയാക്കി മാറ്റുകയും വേണം. അല്ലാതെ, വർഷത്തിൽ ഒരിക്കലോ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാനോ വേണ്ടിയാവരുത്.” ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് കണ്ണന്താനം പ്രതികരിച്ചു. സ്വഛതാ ഹീ സേവാ പ്രചരണത്തിനായി ഇന്ത്യാഗേറ്റ് ഉള്‍പ്പെടെ 15സ്ഥലങ്ങളാണ് ടൂറിസം വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. 14ദിവസങ്ങളിലായി നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ നിരവധി പ്രമുഖരും സെലിബ്രിറ്റികളും പങ്കാളികളാവുമെന്നും മന്ത്രി പറഞ്ഞു.