ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിൽ അറുപത് ശതമാനത്തിനടുത്ത് പോളിംഗ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 മണ്ഡലങ്ങള്‍ കൂടി വിധിയെഴുതി. 8 മണ്ഡലങ്ങള്‍ ഇക്കുറി പോളിംഗ് ബൂത്തിലെത്തിയ ബംഗാളിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്.
എന്നാല്‍ യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിംഗ് കുറഞ്ഞു. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിംഗ് നീങ്ങിയത്. പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി സഥാനാര്‍ത്ഥിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജപ്രചാരണം ശക്തമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്ത്യ സഖ്യം പ്രതീക്ഷ വയ്ക്കുന്ന ദില്ലിയിലും ഹരിയാനയിലും പോളിംഗ് ഇടിഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, സീതാറാം യെച്ചൂരി തുടങ്ങിയ പ്രമുഖര്‍ ദില്ലിയില്‍ വോട്ട് ചെയ്തു.
പോളിംഗ് വൈകിയതില്‍ വോട്ടിംഗ് മെഷിനിെതിരെ ഒഡിഷയിലും ബംഗാളിലും പരാതിയുയര്‍ന്നു. മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് തിരിച്ചയച്ചതില്‍ ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടിംഗ് മെഷീനെതിരെ നടക്കുന്ന കള്ളപ്രചാരണം ജനങ്ങളില്‍ വലിയ സംശയമുണ്ടാക്കിയിട്ടുണ്ടെന്നും പോളിംഗ് ശതമാനം കുറയാന്‍ ഇത് കാരണമായെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.