ഇന്ത്യ തകര്‍ന്നടിഞ്ഞു; ഓസീസിനെതിരെ 333 റണ്‍സിന്റെ ദയനീയ തോല്‍വി

പുണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 333 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 441 റണ്‍സിന്റെ, ഏതാണ്ട് അസാധ്യമെന്ന് ഉറപ്പിക്കാവുന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. സ്റ്റീഫന്‍ ഒക്കീഫെയുടെ മുന്നിലാണ് ഇന്ത്യ തര്‍ന്നടിഞ്ഞത്.

ആദ്യ ഇന്നിങ്‌സിലേതിനേക്കാള്‍ രണ്ടു റണ്‍സ് അധികം കൂട്ടിച്ചേര്‍ക്കാന്‍ കോഹ്ലിക്കും കൂട്ടര്‍ക്കും കഴിഞ്ഞുവെന്നതാണ് ടീം ഇന്ത്യയുടെ ‘നേട്ടം’. ഒരു സെഷനും രണ്ടു ദിവസവും ബാക്കിനില്‍ക്കെയാണ് ലോക ഒന്നാം നമ്പര്‍ ടീമിന്റെ വീഴ്ചയെന്നത് തോല്‍വിഭാരം കൂട്ടുന്നു. മഹത്തായ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് രണ്ട് ഇന്നിങ്‌സിലുമായി 75 ഓവര്‍ പോലും തികച്ചു കളിക്കാന്‍ കഴിഞ്ഞില്ല എന്നതിനും യാതൊരു ന്യായീകരണവുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കോര്‍: ഓസ്‌ട്രേലിയ – 260, 285. ഇന്ത്യ – 105, 107

ഇതോടെ, കഴിഞ്ഞ 19 ടെസ്റ്റുകളിലായി തുടര്‍ന്നുവന്ന അപരാജിത കുതിപ്പിനും വിരാമമായി. രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം സ്റ്റീഫന്‍ ഒക്കീഫെയാണ് ഇന്ത്യയെ തകര്‍ത്തത്. ഒക്കീഫെയുടെ ആദ്യ 10 വിക്കറ്റ് നേട്ടമാണ് ഇത്. രണ്ടാം ഇന്നിങ്‌സില്‍ അഴകാര്‍ന്നൊരു സെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനും കൊടുക്കണം വിജയത്തിന്റെ ക്രെഡിറ്റ്.

മുരളി വിജയ് (രണ്ട്), കെ.എല്‍.രാഹുല്‍ (10), ചേതേശ്വര്‍ പൂജാര (31) വിരാട് കോഹ്ലി (13), അജിങ്ക്യ രഹാനെ (18), അശ്വിന്‍ (എട്ട്), വൃദ്ധിമാന്‍ സാഹ (അഞ്ച്), രവീന്ദ്ര ജഡേജ (മൂന്ന്) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

ഓസീസിനെ സംബന്ധിച്ച് ഇതൊരു മധുരതരമായ പകരംവീട്ടല്‍ കൂടിയാണ്. 2001ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുവാങ്ങിയ തോല്‍വിക്ക് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അതേ നാണയത്തിലുള്ള മറുപടി. അന്ന് തുടര്‍ജയങ്ങളുടെ ലോക റെക്കോര്‍ഡുമായി ഇന്ത്യയിലേക്കു വന്ന സ്റ്റീവ് വോയുടെ ഓസീസ് ടീമിനെ വിവിഎസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും ഇതിഹാസ ഇന്നിങ്‌സുകളുടെ ബലത്തില്‍ സൗരവ് ഗാംഗുലിയുടെ ടീം മുട്ടുകുത്തിച്ചെങ്കില്‍, ഇത്തവണ അപരാജിത കുതിപ്പിന്റെ റെക്കോര്‍ഡുമായെത്തിയ കോഹ്‌ലിയും കൂട്ടരും സ്റ്റീവ് സ്മിത്തിന്റെ ചുണക്കുട്ടന്‍മാര്‍ക്കു മുന്നില്‍ മൂക്കുകുത്തി വീണു.

ഈ മല്‍സരത്തില്‍ ഓസീസ് ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ത്തിയ വിജയലക്ഷ്യം, ഓസീസ് ടീം ഇന്ത്യന്‍ മണ്ണില്‍ ആതിഥേയര്‍ക്കു മുന്നില്‍ വയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിജയലക്ഷ്യമാണ്. എന്നാല്‍, സന്ദര്‍ശകര്‍ക്കായൊരുക്കിയ ‘കറങ്ങും പിച്ചില്‍’ മല്‍സരത്തിന്റെ മൂന്നാം ദിനം തന്നെ കോഹ്‌ലിപ്പട തകര്‍ന്നു വീഴുന്ന കാഴ്ച അതിദാരുണമായിരുന്നു. ശ്രദ്ധിച്ചുകളിച്ചാല്‍ റണ്‍സൊഴുകാന്‍ ബുദ്ധിമുട്ടില്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് സെഞ്ചുറി കൊണ്ടു തെളിയിച്ച പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അനായാസം കീഴടങ്ങി. പിടിച്ചുനിന്നു കളിക്കാന്‍ ആര്‍ക്കും മനസ്സില്ലായിരുന്നുവെന്നു വ്യക്തം.

ഒന്നാം ഇന്നിങ്‌സില്‍ 260 റണ്‍സെടുത്ത ഓസീസിനെതിരെ ഇന്ത്യ 105 റണ്‍സിന് ഓള്‍ഓട്ടായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് പൊരുതിനേടിയ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് കരുത്തായത്. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റിലാണ് സ്മിത്ത് ഇന്ത്യയ്‌ക്കെതിരെ സെഞ്ചുറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട സ്മിത്ത്, 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 109 റണ്‍സെടുത്തത്.

നാലിന് 143 റണ്‍സ് എന്ന നിലയില്‍, മൂന്നാം ദിനമായ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഓസീസ് മികച്ച ലീഡ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. മിച്ചല്‍ മാര്‍ഷ് (31), മാത്യു വെയ്ഡ് (20), മിച്ചല്‍ സ്റ്റാര്‍ക്ക് (30) എന്നിവര്‍ സ്മിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ അവര്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി അശ്വിന്‍ നാലും ജഡേജ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റു വീഴ്ത്തി.

Top