സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ പാക്ക് അധീന കാശ്മീരിലെ 14 ഭീകരക്യാംപുകൾ തകർത്ത് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യൻ സൈന്യത്തിലെ പരിശീലനം ലഭിച്ച അറുപതു കമാൻഡോ സംഘം പാക്ക് ആധീനകാശ്മീരിലെ ഭീകരക്യാംപുകൾ ‘സർജിക്കൽ ഓപ്പറേഷനിലൂടെ’ മുറിച്ചു നീക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തെ തടയാൻ എത്തിയ ഏഴു പാക്ക് സൈനികരെയും ഇന്ത്യൻ സേന തകർത്തു വിട്ടു.
കഴിഞ്ഞ ദിവസം രാത്രിയിൽ നാലു മണിക്കൂർ നീണ്ടു നിന്ന സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യൻ സൈന്യം 14 ഭീകര ക്യാംപുകളിലുണ്ടായിരുന്ന നൂറിലേറെ ഭീകരരെ തകർത്ത്. ഇരുപതു സംഘങ്ങളായി തിരിഞ്ഞ ഇന്ത്യൻ കമാൻഡോ സംഘം കൃത്യമായ മാസ്റ്റർ പ്ലാനുകളോടെയാണ് അതിർത്തി കടന്നത്. ഓരോ ഭീകരക്യാംപുകളിലും ഉള്ള തീവ്രവാദികളുടെ എണ്ണം, ഇവിടെയുള്ള ആയുധങ്ങൾ, ഇവിടെയുള്ള പാക്കിസ്ഥാൻ സൈനികരുടെ എണ്ണം എന്നിവയെല്ലാം ഉറി ആക്രമണത്തിനു ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യ അതിർത്തി കടന്നുള്ള ആക്രമണത്തിനു തയ്യാറെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം സൈനിക ശേഷി വർധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അതിർത്തി കടന്ന് മിന്നൽ ആക്രമണം നടത്തിയിരുന്നു.
പാക്ക് സൈനിക സാന്നിധ്യമില്ലാത്ത നിയന്ത്രണ രേഖയിലെ പ്രദേശങ്ങളിലുടെയാണ് ഇന്ത്യൻ സൈനികർ പാക്കിസ്ഥാനിലേയ്ക്കു കടന്നു കയറിയത്. തുടർന്നു ഇരുപതു സംഘങ്ങളായി തിരിഞ്ഞ് ക്യാംപുകൾക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. അഞ്ചു ക്യാംപുകളിൽ നിന്നു മാത്രമാണ് സൈന്യത്തിനു നേരെ പ്രത്യാക്രമണമുണ്ടായത്. ഇവിടങ്ങളിലാണ് പാക്ക് സൈനികർ ഉണ്ടായിരുന്നത്. തുടർന്നു ഇവരെയും തകർത്ത് ഇ്ന്ത്യൻ കമാൻഡോ സംഘം വിജയം പിടിച്ചെടുക്കുകയായിരുന്നു.
അതിർത്തിയ്ക്കുള്ളിലേയ്ക്കു ഇന്ത്യൻ കമാൻഡോ സംഘം കടന്നപ്പോൾ മുതലുള്ള ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ ഓഫിസിൽ രാത്രി മുഴുവനുണ്ടായിരുന്നു. ഓരോ വിവരങ്ങളും കൃത്യമായി പ്രധാനമന്ത്രിക്കു കൈമാറിക്കൊണ്ടാണ് അജിത് ഡോവൽ ഓഫിസിലുണ്ടായിരുന്നത്. ഇന്ത്യൻ സൈന്യം ആക്രമണത്തിനു ശേഷം തിരികെ എത്തിയ ശേഷം പ്രധാനമന്ത്രി തന്നെ നേരിട്ട് രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും വിവരം ധരിപ്പിച്ചു. തുടർന്നാണ് വാർത്ത പുറത്തു വിട്ടത്.