ചെന്നൈ: വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ സെഞ്ച്വറി മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറില്‍. നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തു. 138 റൺസെടുത്ത് കോഹ്‌ലി പുറത്തായി. 140 പന്തിൽ ആറു ഫോറും അഞ്ച് സിക്സറും ഉൾപ്പെടുന്നതായിരുന്നു ആ ഇന്നിങ്സ്. ഫോമിലേക്ക് മടങ്ങിയെത്തിയ സുരേഷ് റെയ്ന 53 റൺസെടുത്തു.
114 പന്തിൽ നിന്ന് നാലു ബൗണ്ടറിയും മൂന്നു സിക്സും പായിച്ചാണ് കോഹ്‌ലി സെഞ്ചുറിയിലെത്തിയത്. 96ൽ നിന്നും സിക്സർ നേടിക്കൊണ്ടായിരുന്നു സെഞ്ചുറിയിലേക്കുള്ള കോഹ്‌ലിയുടെ രാജകീയ കുതിപ്പ്. കോഹ്‌ലിയുടെ 23–ാം ഏകദിന സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യത്തേതും.
ഓപ്പണർമാർ രണ്ടുപേരെയും പെട്ടെന്നുതന്നെ നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിൽ രഹാനെയ്ക്കൊപ്പം ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും (104) നാലാം വിക്കറ്റിൽ റെയ്നയ്ക്കൊപ്പം 127 റൺസിന്റെ കൂട്ടുകെട്ടും തീർത്ത കോഹ്‌ലി ഇന്ത്യയെ കരകയറ്റുകയായിരുന്നു. രഹാനെ 45 റൺസുടെത്ത് പുറത്തായി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 35 റൺസിലെത്തിയപ്പോൾ തന്നെ ഇന്ത്യക്ക് ഓപ്പണർമാരായ ശിഖർ ധവാനെയും(7), രോഹിത് ശർമയേയും(21) നഷ്ടമായി.
മാറ്റങ്ങളൊന്നും കൂടാതെയാണ് ഇന്ത്യ നിർണായകമായ നാലാം ഏകദിനത്തിന് ഇറങ്ങിയത്. പരമ്പരയിൽ 2-1ന് മുന്നിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ചെന്നൈയിൽ വിജയിക്കാനായാൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കാം.
ട്വന്റി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തം മണ്ണിൽ നഷ്ടമാവുകയെന്നത് ടീം ഇന്ത്യയ്ക്ക് ചിന്തിക്കാവുന്നതിനപ്പറുമാണ്. ബാറ്റിങ് ലൈനപ്പ് ശക്തമാണെങ്കിലും വലിയ സ്കോർ പിന്തുടരാൻ വേണ്ട കരുത്തില്ലെന്ന് രാജ്കോട്ടിൽ കണ്ടതാണ്. എടുത്തുപറയാൻ പോന്ന മികവ് ബോളിങ് നിരയ്ക്കുമില്ല.
ചെന്നൈ സ്പിന്നിനെ തുണയ്ക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഒരുതോൽവികൂടി നേരിട്ട് പരമ്പര കൈവിട്ടാൽ പലതലകളും ഉരുളുമെന്നതിനാൽ ജയത്തിൽ കുറഞ്ഞൊന്നും ടീം ഇന്ത്യയ്ക്ക് മുന്നിലില്ല.