ഹാദിയ കേസ് വന്നതോടുകൂടിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് തന്നെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായത്. അഖില എന്ന പെണ്‍കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും ഹാദിയ എന്ന പേരില്‍ വിവാഹം കഴിപ്പിച്ചുവെന്നുമാണ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് സംഘടിത മതപരിവര്‍ത്തനം നടത്തുന്നുണ്ട് എന്നതിന് തെളിവ് പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് കേരളത്തിലെ മതപരിവര്‍ത്തനം സംബന്ധിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകള്‍ ഹിന്ദുക്കളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ട് എന്നാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ഹാദിയ കേസില്‍ അടക്കം മതംമാറ്റം വ്യക്തിപരമായ താല്‍പര്യത്തിന് അനുസരിച്ചാണ് എന്നതാണ് പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന മറുവാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. സംഘടിതമായി മതപരിവര്‍ത്തനം കേരളത്തില്‍ നടത്തുന്നുണ്ട് എന്നാണ് ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്. മാത്രമല്ല ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമുണ്ടത്രേ. പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് എഎസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരാണ് ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്. വിദേശത്ത് നിന്ന് ഹവാല പണം സ്വീകരിച്ചത് അടക്കം ഇവര്‍ സമ്മതിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഏത് തരത്തിലാണ് സംഘടിത മതപരിവര്‍ത്തനം നടത്തുന്നത് എന്ന് ഇവര്‍ വിവരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സത്യസരണി പോലുള്ള സ്ഥാപനങ്ങള്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ളതാണ് എന്ന് ഈ നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. പക്ഷേ മതപരിവര്‍ത്തനം എന്ന പേര് ഉപയോഗിക്കാറില്ല.
മതപരിവര്‍ത്തനം എന്ന പേര് ഉപയോഗിച്ചാല്‍ ആര്‍എസ്എസ് പ്രശ്‌നമുണ്ടാക്കും എന്നതിനാലാണ് അത്. മതപരിവര്‍ത്തനത്തിന് വേണ്ടി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരിലോ വിദ്യാഭ്യാസ സ്ഥാപനം എന്ന പേരിലോ ആണ് സ്ഥാപനങ്ങള്‍ തുടങ്ങുക. മഞ്ചേരിയിലെ സത്യസരണിയെ ഒരു ഉദാഹരണമായും ചൂണ്ടിക്കാട്ടുന്നു. സത്യസരണി ഔദ്യോഗികമായി ഒരു മതം മാറ്റ കേന്ദ്രമല്ല. പക്ഷേ ആ സ്ഥാപനത്തിന്റെ ലക്ഷ്യം മതംമാറ്റമാണ് എന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബ ദൃശ്യങ്ങളില്‍ പറയുന്നത്. മതം മാറുന്നവര്‍ ഇത്തരം സ്ഥാപനങ്ങളില്‍ താമസിക്കുകയും മതം മാറുകയുമാണത്രേ ചെയ്യുന്നത്. മതം മാറിയ ശേഷമായിരിക്കും ആളുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പുറത്ത് പോകുന്നത്. അതുകൊണ്ട് തന്നെ മതംമാറ്റവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ അവര്‍ പുറത്ത് പറയാനും സാധ്യതയില്ല. ഇത്തരം സ്ഥാപനങ്ങള്‍ എത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും സൈനബ വിശദീകരിക്കുന്നുണ്ട്. ആദ്യം പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കുകയാണേ്രത ചെയ്യുക. അതിന് ശേഷം സ്ഥാപനം നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തുന്നു. പള്ളി, താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം എന്നിവയെല്ലാം ഒരുക്കുന്നു.
സ്ഥാപനം രജിസ്റ്റര്‍ ചെയ്യുക മതംമാറ്റ കേന്ദ്രം എന്ന നിലയ്ക്ക് ആയിരിക്കില്ല. സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്താണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതത്രേ. അതിന് ശേഷം മതപഠത്തിനുള്ള വഴിയൊരുക്കുന്നു. സത്യസരണിയുടെ പേരില്‍ മതംമാറിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല. പകരം അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെട്ട് അവരുടെ സര്‍ട്ടിഫിക്കറ്റുകളാണത്രേ നല്‍കുക. അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയാണ് പതിവ്. പോപ്പുലര്‍ ഫ്രണ്ടിന്റേയം സത്യസരണിയുടേയും ആത്യന്തിക ലക്ഷ്യം ലോകം മുഴുവന്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് എന്നും നേതാക്കള്‍ പറയുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍ അവര്‍ മറ്റൊരു രാജ്യത്തേക്ക് ഇതേ ലക്ഷ്യവുമായി നീങ്ങുമത്രേ. എല്ലാ മുസ്ലീംങ്ങളുടേയും ലക്ഷ്യം ഇതാണെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറയുന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 5 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ ഇന്ത്യയിലേക്ക് ഹവാല വഴി എത്തിച്ചുവെന്നും ഒളിക്യാമറയില്‍ നേതാവ് പറയുന്നു.