
കർണാടകത്തിൽ ആർക്കും ഭൂരിപക്ഷമില്ല എന്ന് ‘ഇന്ത്യ ടുഡേ’ പ്രീ- പോൾ സർവേ. അതേസമയം കഴിഞ്ഞ രണ്ട് – മൂന്ന് ആഴ്ചകൾക്കുള്ളിൽ ബിജെപി വലിയതോതിൽ ജനപിന്തുണ ആർജിച്ചുവെന്ന് സർവേ കാണിക്കുന്നു; കോൺഗ്രസിന്റെ പിന്തുണ കുറയുകയും ചെയ്യുന്നു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വല്ലാതെ നിരാശയിലാഴ്ത്തുന്നതാണ് ഈ പ്രീ പോൾ സർവേ ഫലം എന്നതിൽ സംശയമില്ല. മാത്രമല്ല രാഹുലിന്റെ നേതൃത്വത്തിൽ ഒരു സംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാവും എന്നും ഈ സമയത്ത് പ്രവചിക്കാൻ കഴിയുമെന്ന് തോന്നുന്നു. ശരിയാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ഇനിയുമുണ്ട്. രാഹുൽ ഗാന്ധി ഒരുവട്ടം കർണാടകയിൽ എമ്പാടും പര്യടനം നടത്തുകയും ലിംഗായത് മഠാധിപതിമാരെ വിശ്വാസത്തിൽ എടുത്തതിന് ശേഷമാണു ഇത്തരമൊരു സ്ഥിതി. അതേസമയം നരേന്ദ്ര മോഡി ഇനിയും പര്യടനത്തിന് എത്തിയിട്ടില്ല എന്നത് പ്രധാനവുമാണ്. മോദിയുടെ പര്യടനത്തോടെ കാര്യങ്ങൾ കൂടുതൽ ബിജെപിക്ക് അനുകൂലമാകും എന്നതും കാണേണ്ടതുണ്ട്. ‘ഇന്ത്യ ടുഡേ’ പറയുന്നതിങ്ങനെ: കോൺഗ്രസിന് 90 മുതൽ 101 വരെ സീറ്റും 37 ശതമാനം വോട്ടുംകിട്ടും. ബിജെപിക്ക് 78 മുതൽ 86 വരെ സീറ്റുകൾ ലഭിക്കുമ്പോൾ വോട്ടിങ് നില 35 ശതമാനമായി ഉയരും. ജനതാദൾ -എസിന് 19 ശതമാനം വോട്ടും ഏതാണ്ട് 34 മുതൽ 43 വരെ സീറ്റുകളും കിട്ടും. ഇത് വലിയ മാറ്റമാണ് . 2013 ൽ മൂന്ന് പാർട്ടികൾക്കും ഉണ്ടായിരുന്ന സീറ്റുകൾ ഇങ്ങനെയാണ്: കോൺഗ്രസ് -122 ; ബിജെപി -50 ; ജെഡി എസ്- 40. കോൺഗ്രസിന് സീറ്റുകൾ കാര്യമായി കുറയുംഎന്നാർദ്ധം. കർണാടക രാഷ്ട്രീയം ബിജെപിക്ക് പതുക്കെ പതുക്കെ അനുകൂലമാവുന്നു എന്നതിലുപരി അത് കോൺഗ്രസിന് എതിരാവുന്നു എന്നതാണ് കാണേണ്ടത്. ഇവിടെ കാണേണ്ട മറ്റൊരു കാര്യം, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനിയും കർണാടകയിൽ പ്രചാരണത്തിനായി കാൽകുത്തിയിട്ടില്ല എന്നതാണ് . അദ്ദേഹത്തിന്റെ റാലികൾ തുടങ്ങുന്നതേയുള്ളൂ. അതിനുമുൻപ് കോൺഗ്രസും ബിജെപിയും തമ്മിലെ വോട്ടിങ് നിലയിലെ വ്യത്യാസം വെറും രണ്ട് ശതമാനമായി എന്നത് ഗൗരവമുള്ള കാര്യമാണ്. ഇനി സാഹചര്യം ബിജെപിക്ക് അനുകൂലമാക്കാൻ ബിജെപിക്ക്, മോദിക്ക്, എളുപ്പത്തിൽ കഴിയുമെന്ന് നിഷ്പക്ഷരായ നിരീക്ഷകർ തുറന്നുപറയുന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പുറപ്പാടാണ്, സെമി ഫൈനൽ ആണ്, കർണാടക എന്നൊക്കെയാണ് രാജ്‌ദീപ് സർദേശായിയെപ്പോലുള്ളവർ പറയുന്നത്. അദ്ദേഹം ഇന്നിപ്പോൾ ചാനലിൽ അത് ആവർത്തിക്കുകയും ചെയ്തു. അതൊക്കെ മനസിലുള്ള അവർക്ക് കർണാടക ജനതയുടെ ഈ ചിന്ത സഹിക്കാനാവാത്തതിൽ അതിശയമില്ല. ഇന്നിപ്പോൾ രണ്ടോ മൂന്നോ ശതമാനം വോട്ട് കോൺഗ്രസിന് നഷ്ടമാവാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല; മാത്രമല്ല അതിലൂടെ ബിജെപിക്ക് വേണമെങ്കിൽ നാല്പത് സീറ്റുകൾ വരെ കരസ്ഥമാക്കാനും കഴിയും. അതാണ് തിരഞ്ഞെടുപ്പിലെ കണക്കുകൂട്ടൽ അല്ലെങ്കിൽ ‘തിരഞ്ഞെടുപ്പ് ഗണിതം’. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം , നേരത്തെ ഞാൻ ഒരു ലേഖനത്തിലൂടെ സൂചിപ്പിച്ചത് പോലെ, കോൺഗ്രസ് ഇന്നിപ്പോൾ ഇസ്ലാമിക സംഘടകനകൾ മതജാതി സംഘടനകൾ എന്നിവർക്ക് മുന്നിൽ കിടന്ന് നട്ടം തിരിയുകയാണ്. സ്ഥാനാർഥികളെയും സീറ്റുകളും തീരുമാനിക്കാൻ കഴിയാതെ. അവർ തന്നെ തീറ്റിപ്പോറ്റിയ ജാതീയ മത മൗലികവാദി സംഘടനകൾ കോൺഗ്രസുകാർക്ക് മുന്നിൽ വിലപേശുകയാണ്. ഇന്നിപ്പോൾ ഈ പ്രീപോൾ സർവേ ഫലം പുറത്തുവന്നതോടെ ആ വിലപേശലുകാർക്ക് കരുത്ത് വർധിക്കും; സംശയമില്ല. പോപ്പുലർ ഫ്രണ്ടും എസ്‌ഡിപിഐയും മറ്റുചില സംഘടനകളും മത്സര രംഗത്ത് വന്നാൽ അത് കോൺഗ്രസിനെ കൂടുതൽ ക്ഷീണിപ്പിക്കുകയും ചെയ്യും. മാത്രമല്ല വിമത ഭീഷണി ഒഴിവാക്കാൻ കോൺഗ്രസിനാവും എന്ന് അവർ പോലും കരുതുന്നില്ല. അതുകൊണ്ടാണതെ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ പുത്രൻ റോസ് സുരക്ഷിത മണ്ഡലത്തിൽ സ്ഥാനാർഥിയാകും എന്നും കേൾക്കുന്നു. ബിജെപി അതിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം ചിട്ടയായി തുടങ്ങിയിട്ടുണ്ട്. ആർഎസ്എസ് – സംഘ പരിവാർ സംവിധാനം മറ്റെന്നത്തെക്കാൾ നന്നായി താഴെ തട്ടിൽ പ്രവർത്തനം കാഴ്ചവെക്കുന്നു. അത് ഇനിയുള്ള നാളുകളിൽ കൂടുതൽ ശക്തവും വ്യാപകവുമാവും. ആ സമയത്ത് കോൺഗ്രസിന് കൂടുതൽ നഷ്ടം സംഭവിക്കാനാണ് സാധ്യത എന്നതും കാണാതെ പോയിക്കൂടാ.