അടിച്ചു തര്‍ത്ത ഇന്ത്യ എറിഞ്ഞിട്ടു; നാലാം ഏകദിനത്തില്‍ മിന്നുന്ന ജയം

ചെന്നൈ: ഇന്ത്യന്‍ മണ്ണിലെ ആദ്യ എകദിന പരമ്പരയെന്ന സ്വപ്‌നവുമായെത്തിയ ദക്ഷിണാഫ്രിക്കയെ നാലാം മത്സരത്തില്‍ 35 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. വീരാട് കോഹ്ലിയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയുയര്‍ത്തിയ 300 റണ്‍സ് മറികടക്കാന്‍ ഡിവില്ലേഴ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കുമായില്ല. പരമ്പര (22) എന്ന നിലയിലായതോടെ അവസാന മത്സരം നിര്‍ണ്ണായകമാകും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടിന് 299 റണ്‍സ് എടുത്തു, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒന്‍പതിന് 264 ല്‍ പുറത്തായി. 140 പന്തില്‍ ആറു ബൗണ്ടറിയും അഞ്ചു സിക്‌സുമുള്‍പ്പെടെ 138 റണ്‍സ് നേടിയ വീരാട് കോഹ്ലിയാണ് കളിയിലെ കേമന്‍. 107 പന്തില്‍ പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറുമുള്‍പ്പെടെ 112 റണ്‍സെടുത്തെ ഡിവില്ലിയേഴ്‌സ് അവസാനംവരെ പൊരുതിയെങ്കിലും വെറുതേയായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരം അനുകൂലമാക്കുകയായിരുന്നു. ഡിവില്ലേഴ്‌സിന് പുറമെ ഡികോക്ക്(43),ബെഹര്‍ദീന്‍(22),ഫാങ്ങ്‌സിഗോ(20),ഡുപ്ലസി(17) എന്നിവര്‍ക്ക് മാത്രമേ ദഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായുള്ളു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മുന്നും ഹര്‍ഭജന്‍ സിങ്ങ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ലോകകപ്പിന് ശേഷം തന്റെ ആദ്യ സെഞ്ചുറികരസ്ഥമാക്കിയ ഇന്ത്യന്‍ ഉപനായകന്‍ വീരാട് കോഹ്ലിയുടെയും(138) ഫോമിലേക്ക് ഉയര്‍ന്ന സുരേഷ് റൈനയുടെയും(53) അജിങ്ക്യ രഹാനെയുടെയും(45) മികവിലാണ് ഇന്ത്യ 299 റണ്‍സ് നേടിയത്. ഇതോടെ ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമനാകാന്‍ വിരാടിനായി. ഗാംഗുലിയെയാണ് മറികടന്നത്. സച്ചിനാണ് മുന്നില്‍. 43 ഓവറില്‍ 250 കടന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ നിയന്ത്രിച്ച് പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ 300 കടക്കാന്‍ അനുവദിച്ചില്ല. ദക്ഷിണാഫ്രിക്കക്കായി റബാഡ,സ്‌റ്റെയിന്‍ ്എന്നിവര്‍ മൂന്നും മോറിസ് ഒരുവിക്കറ്റും നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്‌കോര്‍ 35ല്‍ നില്‍ക്കെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. മൂന്നാം വിക്കറ്റില്‍ രഹാനെക്കൊപ്പവും(104) നാലാം വിക്കറ്റില്‍ സുരേഷ് റൈനക്കൊപ്പവും(127) സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ കോഹ്ലിയാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന അഞ്ചൊവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് വെറും 29 റണ്‍സ് മാത്രമാണ് നേടാനായത്. ധോനി(15),ഹര്‍ഭജന്‍(0),ഭുവനേശ്വര്‍ കുമാര്‍(0) എന്നിവരാണ് പുറത്തായത്. അക്ഷര്‍ പട്ടേല്‍(4) പുറത്താകാതെ നിന്നു.

Top