കൃഷ്‌ണഗിരി സ്റ്റേഡിയം, വയനാട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എയുടെ നില പരുങ്ങലില്‍. ആദ്യ ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ വഴങ്ങിയ ഇന്ത്യ എ, 122 റണ്‍സെടുത്തപ്പോഴേക്കും മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായിക്കഴിഞ്ഞു. ഇനി ഏഴു വിക്കറ്റ് കൈയ്യിലിരിക്കെ 420 റണ്‍സ് കൂടി നേടിയാലെ ഇന്ത്യയ്‌ക്ക് ലീഡ് നേടാനാകു. 49 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെയും 38 റണ്‍സെടുത്ത അഭിനവ് മുകുന്ദിന്റെയും 22 റണ്‍സെടുത്ത് ജിവന്‍ജ്യോത്‌സിങിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‍ടമായത്. 11 റണ്‍സോടെ അമ്പാട്ടി റായിഡുവും റണ്‍സൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് ക്രീസില്‍. ഈ രണ്ടു താരങ്ങളും തിളങ്ങിയാല്‍ മാത്രമെ ഇന്ത്യ എയ്‌ക്ക് മികച്ച സ്‌കോര്‍ നേടാനാകൂ.
നാലിന് 293 എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 542ന് അവസാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഓംഫില റമേല(112), ക്വിന്റന്‍ ഡികോക്ക്(113) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് നെടുന്തൂണായത്.
ഡെയ്ന്‍ വിലാസ്(75), ടെംബ ബാവുമ(66), റീസ ഹെന്‍ഡ്രിക്സ്(50) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളും നിര്‍ണായകമായി. ഏഴാം വിക്കറ്റില്‍ ക്വിന്റന്‍ ഡികോക്കും ഡെയ്ന്‍ വിലാസും ചേര്‍ന്ന് 107 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 102 പന്തില്‍നിന്ന് 13 ബൗണ്ടറികളും മൂന്നു സിക്‌സറും ഉള്‍പ്പടെയാണ് ഡികോക്ക് 113 റണ്‍സെടുത്തത്. ഇന്ത്യയ്‌ക്കുവേണ്ടി അക്ഷര്‍ പട്ടേല്‍ നാലുവിക്കറ്റെടുത്തു.