ന്യൂഡൽഹി: അയ്യായിരം കിലോമീറ്റർ പ്രഹരശേഷിയുള്ളതും, ആണവ പോർമുന വഹിക്കാൻ സാധിക്കുന്നതുമായ അഗ്നി അഞ്ച് ആണവ മിസൈൽ പരീക്ഷിച്ച് ഇന്ത്യ. ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ അഗ്നി അഞ്ച് പരീക്ഷണത്തിന് ഏറെ നിർണ്ണായകമായ സാധ്യതകളുണ്ട്. അടുത്തിടെ ചൈന പരീക്ഷിച്ച ഡോങ്‌ഫെങ് 41 നുള്ള തന്ത്രപ്രധാനമായ മറുപടി എന്ന നിലയിലാണ് ഇപ്പോൾ ലോകം ഇന്ത്യയുടെ അഗ്നിഅഞ്ചിന്റെ പരീക്ഷണത്തെ നോക്കികാണുന്നത്.
ചൈനയുമായി ലഡാക്ക് അതിർത്തിയിൽ അടക്കം തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അഗ്നിഅഞ്ചിന്റെ പരീക്ഷണമെന്നത് ഏറെ നിർണ്ണായകമാണ്. മറ്റുള്ള അഗ്നി മിസൈലുകളെ അപേക്ഷിച്ച് അഗ്നിഅഞ്ചിന്റെ പ്രഹരശേഷിയും, ആക്രമണ സ്‌പോട്ട് കണ്ടെത്താനുള്ള ശേഷിയും ഏറെ നിർണ്ണായകമാണ്. ഒഡീഷയിലെ എപിഐ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ് അഗ്നിഅഞ്ചിന്റെ പരീക്ഷണം അതീവ രഹസ്യമായി കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയത്.
12000 മുതൽ 15000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ഡോങ്‌ഫൈങ് 14 ആണ് കഴിഞ്ഞ ദിവസം ചൈന പരീക്ഷിച്ചത്. ഈ പരീക്ഷണത്തിനുള്ള മറുപടി എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ അഗ്നിഅഞ്ചിനെ രംഗത്തിറക്കിയിരിക്കുന്നത്.