ലങ്ക തകര്‍ന്നടിഞ്ഞു; ഇന്ത്യക്ക് പരമ്പര.ലങ്കന്‍ പരാജയം ഇന്നിങ്‌സിനും 53 റണ്‍സിനും

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. രണ്ടാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ പരമ്പര നേടിയത്.  രണ്ടാം ടെസ്റ്റില്‍ കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ കൊളംബോ ടെസ്റ്റില്‍ ഇന്നിങ്സിനും 53 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. സ്കോര്‍: ഇന്ത്യ – 622/9d, ശ്രീലങ്ക – 183 & 386.ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയുടെ ബാറ്റിങ് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 386 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് ഇന്ത്യയുടെ വിജയശില്‍പി. ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയ ജഡേജ ആകെ ഏഴു വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റിന് 622 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ലോകേഷ് രാഹുല്‍, ആര്‍.അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക തകര്‍ന്നടിഞ്ഞു. 183 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ എല്ലാ വിക്കറ്റുകളും വീണു. ആര്‍.അശ്വിന്‍റെ സ്പിന്‍ മികവിന് മുന്‍പില്‍ ലങ്കയ്ക്ക് മറുപടിയുണ്ടായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂറ്റന്‍ ലീഡ് വഴങ്ങിയതോടെ ലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇതോടെ വീണ്ടും ലങ്ക ബാറ്റെടുത്തിറങ്ങി. ആദ്യ വിക്കറ്റ് മൂന്നാമത്തെ ഓവറില്‍ തന്നെ വീഴ്ത്തി ഇന്ത്യ ലങ്കാ ദഹനത്തിന് തിരികൊളുത്തി. രണ്ടു റണ്‍സുമായി തരംഗയാണ് പുറത്തായത്. എന്നാല്‍ പിന്നീടങ്ങോട്ട് ഇന്ത്യക്ക് മുന്നില്‍ കടുത്ത പ്രതിരോധമാണ് കരുണാരത്നെയും മെന്‍ഡിസും ചേര്‍ന്ന് ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 191 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. ഇതോടെ ഇന്ത്യ അപകടം മണത്തു. ഒടുവില്‍ 110 റണ്‍സുമായി വീറോടെ പൊരുതുകയായിരുന്ന മെന്‍ഡ‍ിന് പുറത്തേക്കുള്ള വഴി കാട്ടിയത് പാണ്ഡ്യ. മെന്‍ഡിസിന് പിന്നാലെ കരുണാരത്നെ(141)യും പാഡഴിച്ചതോടെ ലങ്കയുടെ പ്രതിരോധ മതിലില്‍ വന്‍വിള്ളല്‍ വീണു. പിന്നീടങ്ങോട്ട് ലങ്കന്‍ നിരയെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 36 റണ്‍സെടുത്ത ആഞ്ജലോ മാത്യൂസിനും 31 റണ്‍സെടുത്ത ഡിക്വെല്ലക്കും മാത്രമാണ് ലങ്കന്‍ നിരയില്‍ കുറച്ചെങ്കിലും പൊരുതാനായുള്ളു. മധ്യനിരയെയും വാലറ്റത്തേയും തകര്‍ത്തെറിഞ്ഞ രവീന്ദ്ര ജഡേജയുടെ കറങ്ങുന്ന പന്തുകള്‍ ലങ്കയുടെ അടിവേര് തോണ്ടുകയായിരുന്നു. ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

Top