തമിഴകത്തെ സൂപ്പര്‍ ഹിറ്റായ കമല്‍ ചിത്രമായിരുന്നു ഇന്ത്യന്‍. ബോക്‌സോഫീസ് വിജയവും വിമര്‍ശക ശ്രദ്ധയും ഒരു പോലെ നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. 22 വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്ത് വരികയാണ്.
ചിത്രത്തില്‍ കമല്‍ഹാസന് നായികയായി കാജല്‍ അഗര്‍വാള്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയുടെ മെര്‍സലായിരുന്നു കാജലിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയോടെയാണ് ആദ്യമിറങ്ങിയ ഇന്ത്യന്‍ അവസാനിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. വമ്പന്‍ പേക്ഷക പ്രതികരണമാണ് ഫസ്റ്റ് ലുക്കിന് കിട്ടിയത്. 200 കോടി രൂപ ബഡ്ജറ്റുള്ള സിനിമയാകും ഇന്ത്യന്‍2 എന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍ റഹ്മാന്‍ തന്നെയാകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.സാബു സിറിലാണ് കലാസംവിധാനം. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. രവിവര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുന്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ പുതിയതിലും ഉണ്ടാകുമോ എന്ന് വ്യക്തമല്ല.