ഇന്ത്യയെ നോക്കി ലോകം അന്ന് തരിച്ചു നിന്നു ; അതുവരെ കാണാത്ത സൈനിക നീക്കം !..

മൂന്നു ഷിഫ്റ്റുകളിലായി ജോലിയെടുക്കുകയാണു യൂസുഫ് റാഫിയു. ലോകത്തെ കുഞ്ഞൻ രാജ്യങ്ങളിലൊന്നായ, അറബിക്കടലിൽ ഒരു മാലയിൽ നിന്നു പൊട്ടിച്ചിതറിയ മുത്തുമണികൾ പോലെ കിടക്കുന്ന ദ്വീപസമൂഹമായ, മാലദീവ്സിന്റെ തലസ്ഥാനമായ മാലിയിലെ ടെലിവിഷൻ സ്റ്റുഡിയോയിലായിരുന്നു യൂസഫ്. മാലിയിലെ പ്രമുഖ ടി വി ആർടിസ്റ്റും നടനും പ്രൊഡ്യൂസറുമൊക്കെയാണു അയാൾ. തുടർച്ചയായ ജോലി മൂലം ആകെ തളർന്നിരിന്നു.

രണ്ടു ലക്ഷത്തിൽ താഴെ ജനസഖ്യയുള്ള രാജ്യത്തെ നാല്പതിനായിരത്തിലധികം പേരും വസിക്കുന്നത് വെറും ഒന്നരകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള മാലിയിലാണ്. രാജ്യത്തെ ഏറ്റവും അംഗീകരിയ്ക്കപ്പെടുന്ന വ്യക്തിയാണ് അവിടുത്തെ പ്രസിഡണ്ടായ മൌമൂൺ അബ്ദുൾ ഗയൂം. പ്രസിഡണ്ട് പദത്തിൽ രണ്ടു തവണയായി 10 വർഷം പൂർത്തിയാക്കിയ അദ്ദേഹം മൂന്നാമത്തെ തവണയും പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യാനിരിയ്ക്കുകയാണ്. അടുത്തയാഴ്ച, അതായത് 1988 നവമ്പർ 11 നാണ് അതു നിശ്ചയിച്ചിരിയ്ക്കുന്നത്. ആ ദിനം പ്രമാണിച്ച് അബ്ദുൾ ഗയൂമിനെക്കുറിച്ച് സമഗ്രമായ ഒരു പ്രോഗ്രാം തയ്യാറാക്കാൻ പ്രസിഡണ്ട് നേരിട്ട് റാഫിയുവിനോട് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. Life is Like That എന്നു പേരിട്ടിരിയ്ക്കുന്ന പ്രോഗ്രാമിന്റെ ഏറെക്കുറെ ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാം കഴിഞ്ഞപ്പോൾ സമയം വെളുപ്പിനെ നാലുമണി കഴിഞ്ഞു. അല്പമൊന്നു മയങ്ങാമെന്നു കരുതി അയാൾ സ്റ്റുഡിയോയിൽ തന്നെ ഒന്നു തലചായ്ച്ചു.
എപ്പോഴും കടലിരമ്പം ലയിച്ചു ചേർന്ന മാലിയുടെ അന്തരീക്ഷം. തുറമുഖത്ത് നങ്കൂരമിട്ട ചെറുകപ്പലുകളും മത്സ്യബന്ധന ബോട്ടുകളും. വെറും അഞ്ചു മിനിട്ടു നടക്കാവുന്ന വീതിയേ ഉള്ളു ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമെന്നു പറയാവുന്ന മാലിയ്ക്ക്. വലിയൊരു ബീച്ച്. പ്രസിഡണ്ടിന്റെ കൊട്ടാരവും നാഷണൽ സെക്യൂരിറ്റി മന്ദിരവും ടെലഫോൺ എക്സ്ചേഞ്ചും ടിവി-റേഡിയോ സ്റ്റേഷനുകളുമെല്ലാം ഇവിടെ തന്നെ. മാലിയുടെ എയർപോർട്ട് തൊട്ടടുത്ത ഹുലുലെ ദ്വീപിലാണ്.
സമയം നാലരയാകുന്നു. എന്തോ ശബ്ദം കേട്ടാണു റാഫിയു ഞെട്ടിയുണർന്നത്. മെഷീൻ ഗണ്ണുകളുടെ അലർച്ച..!
അയാൾ ചാടിപ്പിണഞ്ഞെഴുനേറ്റു പുറത്തേയ്ക്കു നോക്കി. അരണ്ട വെളിച്ചമേയുള്ളു, വിശ്വസിയ്ക്കാൻ കഴിയുന്നില്ല. ലുങ്കിമുണ്ടുകളും ജീൻസുകളും ധരിച്ച പ്രാകൃതരെന്നു തോന്നിയ്ക്കുന്ന ഒരു കൂട്ടം ആളുകൾ. നൂറോ അതിലധികമോ ഉണ്ട്. തീ തുപ്പുന്ന AK 47 നുകളുമായി അവർ നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കു ഇരച്ചു കയറുകയാണു.
ആകെ 1400 പേരോളം വരുന്ന സുരക്ഷാ സേനയാണു മാലിയ്ക്കുള്ളത്. പോലീസും പട്ടാളവും ഫയർ ഫോഴ്സുമെല്ലാം ഇവർ തന്നെ. വെളുപ്പിനെയുള്ള ആക്രമണത്തിൽ ഒരു പ്രതിരോധവുമില്ലാതെ സെക്യൂരിറ്റി ആസ്ഥാനം കീഴടങ്ങി.
അടുത്തതായി പ്രസിഡണ്ടിന്റെ കൊട്ടാരത്തിലേയ്ക്കാണു അവർ പാഞ്ഞത്. മിനിട്ടുകൾക്കകം അതും കീഴടക്കി, എന്നാൽ പ്രസിഡണ്ട് അബ്ദുൾ ഖയൂമിനെ മാത്രം കണ്ടുകിട്ടിയില്ല. റേഡിയോ സ്റ്റേഷൻ പിടിയിലായി, ടിവി സ്റ്റേഷനും കീഴടക്കി. കാണുന്നിടത്തേയ്ക്കെല്ലാം നിറയൊഴിച്ചുകൊണ്ട് അവർ അഴിഞ്ഞാടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിട്ടിയ അവസരം പാഴാക്കാതെ മാലിയിലെ അടഞ്ഞുകിടന്ന കടകൾ കുത്തിത്തുറന്നു കൊള്ളയടി ആരംഭിച്ചു. പ്രസിഡണ്ടിന്റെ മന്ദിരം കീഴടക്കിയ സംഘത്തിന്റെ തലവൻ, മാലി പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂയി പ്രസിഡണ്ടിന്റെ കസേരയിൽ ഇരുന്നു. താനാണിനി മാലിയുടെ അധികാരി..!
ഇതേ സമയം, യഥാർത്ഥ പ്രസിഡണ്ടായ അബ്ദുൾ ഗയൂം ഈ ആക്രമണം തുടങ്ങിയ സമയം തന്നെ എവിടേയ്ക്കോ രക്ഷപെട്ടിരുന്നു. അദ്ദേഹം ഒളിവിലിരുന്നു തന്റെ വിദേശകാര്യമന്ത്രി ഫത്തുള്ള ജമീലിനെ ബന്ധപ്പെട്ടു. ലോകരാജ്യങ്ങൾക്ക് മുഴുവൻ സഹായ സന്ദേശം അയയ്ക്കാൻ ആവശ്യപ്പെട്ടു.
അമേരിയ്ക്ക, ബ്രിട്ടൺ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കെല്ലാം സന്ദേശം പോയി.
ശ്രീലങ്ക 85 പേരുടെ ഒരു കമാൻഡോ സംഘത്തെ ഒരുക്കി നിർത്തി. മലേഷ്യ അവരുടെ നേവിക്കപ്പലുകളെ മാലിയിലേയ്ക്കയയ്ക്കാൻ സമ്മതിച്ചു. പക്ഷേ ചുരുങ്ങിയത് നാലു ദിവസമെങ്കിലും വേണ്ടിവരുമായിരുന്നു അവയ്ക്ക് മാലിയിലെത്താൻ. ഏകദേശം 600 കിലോമീറ്റർ അകലെ ദീഗോ ഗാർഷ്യയിൽ അമേരിയ്ക്കയുടെ മിലിട്ടറി ബേയ്സുണ്ടെങ്കിലും അവർ സഹായഭ്യർത്ഥന നിരസിയ്ക്കുകയാണുണ്ടായത്. നേരിട്ടുള്ള ഇടപെടൽ സാധ്യമല്ല എന്നാൽ മറ്റു രാജ്യങ്ങളുടെ സഹായം എത്തിയ്ക്കാമെന്നവർ ഉറപ്പുകൊടുത്തു.

1988 നവമ്പർ 3, സമയം 5.30 AM.
ന്യൂ ഡെൽഹിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വസതിയിൽ ടെലഫോൺ മണിയടിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചെവിയിൽ ആയിരക്കണക്കിനു കിലോമീറ്റർ അകലെ, അറബിക്കടലിന്റെ വിശാലതയിൽ നിന്നും ആ സന്ദേശമെത്തി. “തങ്ങൾ ആപത്തിലാണ് രക്ഷിയ്ക്കണം
മിനിട്ടുകൾക്കകം ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും ഉന്നതരുടെ ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു. ഇന്ത്യയുടെ അന്നത്തെ മാലദീപ് അംബാസിഡർ അരുൺ ബാനർജിയും അപ്പോൾ ഡൽഹിയിലുണ്ടായിരുന്നു.
സമയം രാവിലെ 9.00 മണി.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ മൂന്നു സേനാധിപന്മാരുടെയും യോഗം ചേർന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയുടെ കാര്യത്തിലാണു ഇടപെടേണ്ടത്. ഇന്ത്യൻ തീരത്തു നിന്നും എഴുനൂറോളം കിലോമീറ്റർ അപ്പുറമാണു മാലി. അന്താരാഷ്ട്ര ശ്രദ്ധയുണ്ടാകുന്ന ഒരു വിഷയത്തിൽ യാതൊരു പഴുതുമില്ലാതെ ദൌത്യം വിജയിപ്പിയ്ക്കണം.
ഉച്ചയോടെ തീരുമാനമുണ്ടായി. രക്ഷാദൌത്യത്തിനു പച്ചക്കൊടി.
ആഗ്രയിലുള്ള പാരാബ്രിഗേഡിനു സന്ദേശം ലഭിച്ചു. മാലിയിലേയ്ക്കു പോകാൻ തയ്യാറാവുക.
ബ്രിഗേഡിന്റെ തലവനായ ബ്രിഗേഡിയർ ഫറൂഖ് ബത്സാരയുടെ നേതൃത്വത്തിൽ 300 പാരാട്രൂപ്പ് കമാൻഡോകൾ തയ്യാറായി. കൃത്യം 3.30 ബത്സാരയും ഒപ്പം അരുൺ ബാനർജിയുമായി ഇന്ത്യൻ എയർഫോഴ്സിന്റെ IL-76 MD വിഭാഗത്തിൽ പെട്ട രണ്ടു കൂറ്റൻ വിമാനങ്ങൾ മാലിയെ ലക്ഷ്യമാക്കി ആഗ്രയിൽ നിന്നും പറന്നുയർന്നു. ആയിരക്കണക്കിനു കിലോമീറ്ററുകളാണവർക്കു താണ്ടേണ്ടിയിരുന്നത്.

മാലദീപ് ദൌത്യത്തിനു പുറപ്പെടുന്ന കാര്യം തിരുവനന്തപുരത്തുള്ള എയർ ട്രാഫിക് കണ്ട്രോളിൽ അറിയിച്ചിരുന്നില്ല. ഒരു പരിശീലനപറക്കൽ എന്നു മാത്രമാണു അവർക്കു ലഭിച്ച വിവരം. തങ്ങളുടെ പരിധിയും കടന്ന് കൂറ്റൻ എയർഫോഴ്സ് വിമാനങ്ങൾ അറബിക്കടലിന്റെ വിശാലതയിലേയ്ക്കു പോകുന്നതു കണ്ട അവർ പരിഭ്രാന്തരായി..
നിർത്താതെയുള്ള നാലുമണിക്കൂർ പറക്കൽ…
ഓപ്പറേഷൻ കാക്റ്റസ് എന്നു പേരിട്ട ആ ദൌത്യം ആരംഭിച്ചു.
മുന്നിൽ പറക്കുന്ന വിമാനമായ K-2878 ന്റെ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അനന്തഗോപാൽ ബേവൂർ ആയിരുന്നു. ഹുൽഹുലെ എയർപോർട്ടിനെ പറ്റി വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായിരുന്നുള്ളു. വെറും 6800 അടി മാത്രമാണു റൺ വേയുടെ നീളം. ഇത്തരം കൂറ്റൻ വിമാനങ്ങൾ അവിടെ ലാൻഡ് ചെയ്യുക എന്നത് അതീവ സാഹസം.
അതിലുമുപരിയായി മാലിയിലെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നോ ദ്വീപ് പിടിച്ചെടുത്ത റിബലുകളുടെ ആയുധബലം എന്തെന്നോ അറിയില്ല. മെഷീൻ ഗണ്ണുകൾ കൂടാതെ, സർഫസ് ടു എയർ മിസൈലുകൾ (SAM) അവരുടെ കൈവശമുണ്ടെന്ന് ചില അഭ്യൂഹങ്ങൾ കിട്ടിയിട്ടുണ്ട്. എയർപോർട്ട് റിബലുകൾ കീഴടക്കിയിട്ടുണ്ടെങ്കിൽ വിമാനങ്ങൾക്കു നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞു കൂടാ. വിമാനം ലാൻഡ് ചെയ്യണമോ കമാൻഡോകളെ എയർഡ്രോപ്പ് ചെയ്യണോ എന്ന ആലോചന നടന്നു. അതിലും അപകട സാധ്യത വളരെയേറെ ഉണ്ട്.
സേഫ് ലാൻഡിങ്ങിനായി ഒരു കോഡ് വാക്ക് ഉണ്ടായിരുന്നു. “ഹുദിയാ”. ഈ കോഡ് ഹുൽഹുലെ എയർ ട്രാഫിക് കണ്ട്രോളിൽ ഇന്ത്യൻ എയർ ഫോഴ്സ് ആസ്ഥാനത്തു നിന്നും അറിയിച്ചിട്ടുണ്ടായിരുന്നു.
ദീർഘമായ പറക്കലിനു ശേഷം വിമാനം മാലിയോടടുത്തു. ബേവൂർ തന്റെ വിമാനം 20000 അടിയിലേയ്ക്കു താഴ്ത്തി. ഈ ഘട്ടത്തിൽ പുറകേ വരുന്ന വിമാനം 37000 അടി ഉയരത്തിലാണുള്ളത്. ബേവൂരിന്റെ നിർദ്ദേശപ്രകാരം അവരും താണു തുടങ്ങി.
സമയം രാത്രി 7 കഴിഞ്ഞിരിയ്ക്കുന്നു. ഇരുട്ടു പരന്നു.
“ഞങ്ങൾ സുഹൃത്തുക്കളാണ്.. ഞങ്ങൾ സുഹൃത്തുക്കളാണ്..ഓവർ“ ക്യാപ്റ്റൻ ബേവൂർ മാലി ATC യിലേയ്കു സന്ദേശമയച്ചു.
“ഗോ എഹെഡ്..” മറുപടിയെത്തി.
“ഞങ്ങൾക്കു നൽകാൻ എന്തെങ്കിലുമുണ്ടോ നിങ്ങളുടെ കൈവശം?” ബേവൂർ ചോദിച്ചു.
“ഹുദിയാ.. ഹുദിയാ.. ഹുദിയാ..”
കൃത്യമായ കോഡ്..! വിമാനം ലാൻഡ് ചെയ്യാം. പക്ഷേ അവിടെയും ഒരു പ്രശ്നത്തിനു സാധ്യതയുണ്ട്. ഏതെങ്കിലും റിബലിന്റെ തോക്കിൻ മുനയിൽ നിന്നാണു ആ സന്ദേശം അയച്ചതെങ്കിൽ? എന്തായാലും മുന്നോട്ട് തന്നെ..
വിമാനം താഴ്ന്നു തുടങ്ങി. റൺ വേ മൊത്തം ഇരുട്ടാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ഇറക്കാനാവില്ല.
“10 സെക്കൻഡ് നേരത്തേയ്ക്ക് റൺ വേ ലൈറ്റുകൾ ഓണാക്കൂ..” ബേവൂർ നിർദേശിച്ചു. അധിക നേരം ലൈറ്റ് ഓണാക്കിയാൽ അക്രമികളുടെ ശ്രദ്ധ ക്ഷണിയ്ക്കലാകും അത്. കൃത്യം 10 സെക്കൻഡ് ലൈറ്റുകൾ തെളിഞ്ഞു, അണയുകയും ചെയ്തു. ആ ഒരു കാഴ്ചയുടെ ബലത്തിൽ വിമാനം റൺ വേ തൊട്ടു. മുന്നോട്ടോടിയ ആ കൂറ്റൻ വിമാനം രണ്ടു മൂന്നു കോൺക്രീറ്റ് സ്ലാബുകൾ തകർത്താണു നിശ്ചലമായത്.
അടുത്ത വിമാനം 6000 അടി ഉയരത്തിൽ തൊട്ടു പിറകിലുണ്ടായിരുന്നു.
നിമിഷങ്ങൾക്കകം ബേവൂർ വിമാനത്തിന്റെ കാർഗോ ഡോറുകൾ തുറന്നു. റാമ്പ് നിലത്ത് സ്പർശിച്ചു. കമാൻഡോകൾ, വാഹനങ്ങൾ, അവരുടെ ആയുധ ശേഖരങ്ങൾ എല്ലാം പുറത്തേയ്ക്ക്. അവർ റൺ വേയിലൂടെ ഓടുന്ന സമയത്ത് അടുത്ത വിമാനമായ K-2999 ഉം ലാൻഡ് ചെയ്തു. ഇരുട്ടിൽ, സെക്കൻഡുകൾ മാത്രം തെളിഞ്ഞ വെളിച്ചത്തിൽ പാഞ്ഞുവരുന്ന വിമാനത്തിന്റെ മുന്നിൽ നിന്നും കമാൻഡോകൾ കഷ്ടിച്ചാണു ഒഴിഞ്ഞുമാറിയത്
സമയം 7.35 . ഓപ്പറേഷൻ കാക്റ്റസിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. ഇനിയാണു പ്രധാനഘട്ടം. പ്രസിഡണ്ടിനെ കണ്ടെത്തി സുരക്ഷിതസ്ഥാനത്തേയ്ക്കു മാറ്റുക. മാലി പിടിച്ചെടുത്ത റിബലുകളെ കീഴ്പ്പെടുത്തുക.

10.45 ഓടെ ഹുൽഹുലെ എയർപോർട്ട് പൂർണമായും ഇന്ത്യൻ കമാൻഡോകളുടെ സംരക്ഷണയിലായി. അവിടേയ്ക്ക് അക്രമികൾ ആരും കടന്നു വന്നിട്ടില്ലായിരുന്നു.
രാത്രിയുടെ മറവിൽ ബോട്ടുകളിൽ കമാൻഡോകൾ മാലിയിലേയ്ക്ക് കടന്നു. എങ്ങും വിജനം.
ആദ്യനീക്കം നാഷണൽ സെക്യൂരിറ്റി മന്ദിരത്തിലേയ്ക്കായിരുന്നു. ചെറുത്തു നിൽപ്പുകളൊന്നുമുണ്ടായില്ല. നീണ്ട തിരച്ചിലിനൊടുവിൽ ഒരു രഹസ്യമുറിയിൽ പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ കണ്ടെത്തി. അപ്പോൾ സമയം വെളുപ്പിന് മൂന്നുമണി. ഉടനെ തന്നെ അദ്ദേഹത്തെ കമാൻഡോകളുടെ സുരക്ഷിത വലയത്തിലേയ്ക്കു മാറ്റി.
അടുത്തതായി അക്രമികളെ പിടികൂടാനായി വീടുകൾ തോറുമുള്ള തെരച്ചിലായിരുന്നു.
24 മണിക്കൂർ നീണ്ട അഴിഞ്ഞാട്ടത്തിനിടയിൽ അക്രമികൾ 19 പേരെ വെടിവെച്ചു കൊന്നിരുന്നു. ജഡങ്ങൾ അപ്പോഴും തെരുവിൽ കിടക്കുന്നു. കൊള്ളയടിച്ച കടകളും മറ്റും അനാഥമായി തുറന്നു കിടക്കുന്നു.

ഓരോ കെട്ടിടവും കമാൻഡോകൾ അരിച്ചു പെറുക്കി. ചിലയിടത്തു നിന്നും വെടിവെപ്പുണ്ടായി എങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ മികവിനു മുൻപിൽ അതൊന്നൂം വിലപ്പോയില്ല. നാലരമണിയോടെ 30 റിബലുകളെ അവർ പിടികൂടി ഒപ്പം അനേകം വെടിക്കോപ്പുകളും.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കു സഹായ അഭ്യർത്ഥന ലഭിച്ച് 24 മണിക്കൂർ തികയും മുൻപ് അദ്ദേഹത്തിന്റെ ഉത്തരവ് കമാൻഡോകൾ നടപ്പാക്കിയ വിവരം ഡൽഹിയിലെത്തി.
പ്രസിഡണ്ട് അബ്ദുൾ ഗയൂമിനെ രക്ഷിച്ച റസ്ക്യൂ ടീം, അദ്ദേഹവുമായി മാലി ഹാർബറിലേയ്ക്കു നീങ്ങുമ്പോഴാണു ഒരു ചരക്കു കപ്പൽ തീരം വിടുന്നത് കണ്ടത്. നിർത്താനുള്ള ആജ്ഞ ലഭിച്ചെങ്കിലും അവർ അതു അവഗണിച്ചു.

എയർഫോഴ്സിന്റെ പീരങ്കികൾ കപ്പലിനു നേർക്ക് വെടിവെച്ചെങ്കിലും അതിന്റെ റേഞ്ചിനപ്പുറമായിരുന്നു അത്.
“പ്രോഗ്രസ് ലൈറ്റ്” എന്ന ആ കപ്പലിൽ , അക്രമിസംഘം തലവനായ അബ്ദുള്ള ലുത്തുഫിയും അയാളുടെ 70 ഓളം കൂലിപ്പട്ടാളക്കാരും ഒപ്പം 27 ബന്ദികളുമുണ്ടായിരുന്നു. മാലദീവ്സിലെ ഗതാഗത ക്യാബിനറ്റ് മന്ത്രിയായ അഹ്മദ് മുജുതുബയും അദ്ദേഹത്തിന്റെ സ്വിറ്റ്സർലണ്ടുകാരിയായ ഭാര്യ ഉർസുലയും ആ ബന്ദികളിൽ പെട്ടിരുന്നു.. ബ്രിഗേഡിയർ ബത്സാരയും കമാൻഡോകളും നിസ്സഹായരായി നോക്കി നിൽക്കെ ബന്ദികളെയും കൊണ്ട് പ്രോഗ്രസ് ലൈറ്റ് അറബികടലിന്റെ വിശാലതയിലേയ്ക്കു മറഞ്ഞു..

ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങളുടെ ഇരമ്പൽ കേട്ടാണു അന്ന് മാലിദീപ് ഉണർന്നത്. മാലിയ്ക്കു മുകളിൽ അവ തലങ്ങും വിലങ്ങും പറന്നുകൊണ്ടിരുന്നു. അതു ഒരു ശുഭസൂചനയായിരുന്നു. തലേദിവസത്തെ ഭീതിയിൽ നിന്നു മുക്തരായി അവർ വെളിയിലിറങ്ങി. തെരുവിൽ നിന്നു ജഡങ്ങൾ മാറ്റപ്പെട്ടു. ആയുധ ധാരികളായ ഇന്ത്യൻ സൈന്യം അവർക്കു ധൈര്യം പകർന്നു. പ്രസിഡണ്ട് ഗയൂമിന്റെ ഉത്തരവു പ്രകാരം കൊള്ളയടിയ്ക്കപ്പെടാത്ത കടകളെല്ലാം സൈനികർക്കായി തുറന്നു. അവർക്കിഷ്ടമുള്ളത് എന്തു വേണമെങ്കിലും എടുക്കാം.
ഓപ്പറേഷൻ കാക്റ്റസ് അവസാനിച്ചിട്ടില്ലായിരുന്നു, അതീവ ദുഷ്കരവും സാഹസികവുമായ ഒരു ദൌത്യം അവരെ കാത്തിരിയ്ക്കുകയായിരുന്നു.

“ബന്ദികളെ രക്ഷപെടുത്തുക, അബ്ദുള്ള ലുത്തുഫിയെയും സംഘത്തെയും പിടികൂടുക..”
പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവിക സേനാധിപന് ഉത്തരവു നൽകി.
ക്യാപ്ടൻ എസ്.വി ഗോപാലാചാരി കരയിൽ നിന്നും വിട്ടിട്ട് ഇന്നേയ്ക്ക് 82 ദിവസമായിരിയ്ക്കുന്നു. നവമ്പർ – 8 നു തന്റെ ഭാര്യയുടെ ജന്മദിനത്തിൽ- എന്തു സംഭവിച്ചാലും – വീട്ടിൽ എത്തിയിരിയ്ക്കും എന്നു വാക്കു കൊടുത്തിട്ടുണ്ട് അദ്ദേഹം. INS ഗോദാവരി എന്ന കൂറ്റൻ യുദ്ധക്കപ്പലിന്റെ കമാൻഡറാണു ക്യാപ്റ്റൻ ഗോപാലാചാരി. ഇന്ത്യൻ മഹാസമുദ്രത്തിൽ രാജ്യത്തിന്റെ സമുദ്രാതിർത്തി കാത്തുകൊണ്ട് നിരന്തരം റോന്തുചുറ്റലിലായിരിയ്ക്കും ഗോദാവരി. തിരികെ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ക്യാപ്ടൻ .
നേവി ഹെഡ് ക്വാട്ടേഴ്സിൽ നിന്നും വന്ന ഒരു മെസ്സേജ് അദ്ദേഹത്തിന്റെ എല്ലാ പ്ലാനുകളും തകർത്തു കളഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ, മാല ദ്വീപിനും ശ്രീലങ്കയ്ക്കുമിടയിൽ എവിടെയോ ഉള്ള “പ്രോഗ്രസ് ലൈറ്റ്” എന്ന ചരക്കു കപ്പൽ കണ്ടെത്തി അതിലെ ബന്ദികളെ രക്ഷപെടുത്തുക, കപ്പലിനെ തട്ടിക്കൊണ്ടു പോകുന്ന കൂലിപട്ടാളത്തെ പിടികൂടുക..!
പ്രോഗ്രസ് ലൈറ്റിൽ നിന്നും ഏകദേശം 1000 കിലോമീറ്റർ അകലെയാണു അപ്പോൾ ഗോദാവരി..!
ഡൽഹിയിലെ നേവി ഓപ്പറേഷൻസ് റൂം അതീവ സമ്മർദ്ദത്തിലായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിടെ നേരിട്ടു സന്നിഹിതനായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അഭിമാനം ഈ ഓപ്പറേഷന്റെ വിജയത്തിലാണ് എന്നതാണു അവസ്ഥ. ലോകമൊന്നാകെ നമ്മെയാണു ഉറ്റു നോക്കുന്നത്.

ഗോവയിലെ INS ഹുൻസൽ നേവൽ എയർബേസിൽ നിന്നും ഒരു II 38 സമുദ്ര നിരീക്ഷണ വിമാനം (Maritime Reconnaissance Aircraft) ഇന്ത്യൻ സമുദ്രത്തിലേയ്ക്ക് പറയുന്നയർന്നു. മാലിയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതു പ്രോഗ്രസ് ലൈറ്റിനെ തിരഞ്ഞു..
അധികം വൈകാതെ, സിംഗപ്പൂരിനു നേരെ പോയ്ക്കൊണ്ടിരിയ്ക്കുന്ന ഒരു കപ്പലിനെ അതു കണ്ടെത്തി. വിമാനം അതിനെ പിന്തുടർന്നു. പെട്ടെന്ന് കപ്പലിന്റെ സഞ്ചാരപഥം ശ്രീലങ്കയ്ക്കു നേരെ തിരിഞ്ഞു. അതോടെ അതു പ്രോഗ്രസ് ലൈറ്റ് ആണെന്ന സംശയമുദിച്ചു. വിവരം നേവൽ ഹെഡ്ക്വാർട്ടേഴ്സിലെത്തി. ഉടനെ TU-142M ഇനത്തിൽ പെട്ട ഏറ്റവും പുതിയ ഒരു നിരീക്ഷണ വിമാനം ആ സ്പോട്ട് ലക്ഷ്യമായി പറന്നുയർന്നു.
അതിലെ അത്യാധുനിക സെൻസറുകൾ കപ്പലിനെ അരിച്ചു പെറുക്കി. അതേ അതു പ്രോഗ്രസ് ലൈറ്റ് തന്നെ ആയിരുന്നു. മിസൈലുകൾ ഘടിപ്പിച്ച INS ഗോദാവരി സ്പോട്ടിലേയ്ക്കു കുതിച്ചു. ഒപ്പം കൊച്ചിയിൽ നിന്നും INS ബേധ്വ എന്ന പരിശീലന യുദ്ധക്കപ്പലും.
നനവംബർ 5.
പ്രോഗ്രസ് ലൈറ്റിന്റെ റേഡിയോ സിഗ്നലുകൾ ഗോദാവരിയിൽ കിട്ടാൻ തുടങ്ങി. ചാനൽ 16 , അതാണു നാവികരുടെ ടെലികമ്യൂണികേഷൻ ചാനൽ. തങ്ങൾ വളരെ അടുത്തെത്തി എന്നു ക്യാപ്ടൻ ഗോപാലാചാരിയ്ക്കു മനസ്സിലായി.
യുദ്ധക്കപ്പലിന്റെ സാന്നിധ്യം മനസ്സിലായ റിബലുകൾ ഭീഷണി സന്ദേശമയച്ചു. തങ്ങളിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലം പാലിച്ചില്ലെങ്കിൽ ബന്ദികളെ കൊന്നുകളയുമെന്നായിരുന്നു സന്ദേശം.
വെറും 6 നോട്ടിക്കൽ മൈൽ മാത്രമാണു പ്രോഗ്രസ് ലൈറ്റിന്റെ വേഗം. നേവിയുടെ യുദ്ധക്കപ്പലുകൾക്ക് അതിവേഗം എത്തിപ്പിടിയ്ക്കാവുന്ന ദൂരം. അതുകൊണ്ട് തന്നെ, കൂടുതൽ അടുത്തേയ്ക്കു നീങ്ങാൻ ക്യാപ്ടൻ ഉത്തരവിട്ടു.
ഏകദേശം രണ്ടു മൈലോളം അകലം പാലിച്ച് കപ്പലുകൾ നീങ്ങി.
അപ്പൊഴത്തെ സ്പോട്ട് ശ്രീലങ്കൻ തീരത്തിനോട് അടുത്താണു. പ്രോഗ്രസ് ലൈറ്റിൽ നിന്നും സ്പീഡ് ബോട്ടുകളിൽ റിബലുകൾ ബന്ദികളെയും കൊണ്ടു കടന്നുകളയുമോ എന്നൊരു ഭീതി ഗോപാലാചാരിയ്ക്കുണ്ടായി. അദ്ദേഹം ശ്രീലങ്കൻ നേവിയുമായി ബന്ധപ്പെട്ടു. കടലിൽ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങൾ അറിയിച്ചു. എന്നാൽ ശ്രീലങ്കൻ നേവിയിൽ നിന്നു കിട്ടിയത് വിചിത്രമായൊരു മറുപടിയാണ്. പ്രോഗ്രസ് ലൈറ്റ് തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചാൽ ആ നിമിഷം തകർത്തുകളയാനാണു ശ്രീലങ്കൻ ഗവണ്മെന്റ് ഉത്തരവിട്ടിരിയ്ക്കുന്നതത്രേ..!
അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഒരു പക്ഷെ ശ്രീലങ്കൻ നേവിയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിക്കൂടെന്നില്ല. അത് രക്ഷാദൌത്യത്തെ തകർത്തുകളയുകയും രാജ്യത്തിനു തന്നെ അപമാനമാവുകയും ചെയ്തേക്കാം..
ക്യാപ്ടൻ ഗോപാലാചാരി റേഡിയോ വഴി പ്രോഗ്രസ് ലൈറ്റുമായി ബന്ധപ്പെട്ടു.
എന്നാൽ ഇന്ത്യൻ കപ്പലുകൾ തങ്ങളെ സമീപിയ്ക്കുന്നതു മനസ്സിലാക്കിയ അബ്ദുള്ള ലുത്തുഫിയ്ക്കു കലികയറി. രണ്ടു ബന്ദികളെ കൊന്നു കളയാൻ അയാൾ ആജ്ഞാപിച്ചു.
അബ്ദുൾ റഹ്മാൻ, അബ്ദുൾ സത്താർ എന്നിവരെ കപ്പലിന്റെ അണിയത്തേയ്ക്കു കൊണ്ടുവന്ന് നിഷ്കരുണം തലയ്ക്കു വെടിവെച്ചു കൊന്നു. മറ്റു ബന്ദികൾ ഭയം കൊണ്ട് നിശ്ചലരായി നിന്നതേയുള്ളു. കൊലപ്പെടുത്തിയവരെ ലൈഫ് ബോയികളിൽ കെട്ടി കടലിലെറിഞ്ഞു. പുറകെ വരുന്ന ഇന്ത്യൻ നേവിയ്ക്കുള്ള മുന്നറിയിപ്പായിരുന്നു അത്.
കടൽ ജലത്തിൽ ആടിയുലയുന്ന ആ ജഡങ്ങൾ, പിന്നാലെ വന്ന ക്യാപ്റ്റൻ കണ്ടു. ഇനി കാത്തിരിയ്ക്കേണ്ടതില്ല എന്നദ്ദേഹം ഉറപ്പിച്ചു.
ചാനൽ 16 വീണ്ടും ചിലച്ചു. പ്രോഗ്രസ് ലൈറ്റിൽ ക്യാപ്ടൻ ഗോപാലാചാരിയുടെ ഉറച്ച ശബ്ദം മുഴങ്ങി. “പ്രോഗ്രസ് ലൈറ്റ് ഇനി മുന്നോട്ടു നീങ്ങിയാൽ മറുപടി തീ കൊണ്ടായിരിയ്ക്കും.“
അതിനെ അവഗണിച്ചു കൊണ്ടു പ്രോഗ്രസ് ലൈറ്റ് മുന്നോട്ടു തന്നെ നീങ്ങി.
INS ഗോദാവരിയിലെ 30 MM ആന്റി എയർക്രാഫ്റ്റ് ഗണ്ണിൽ നിന്നുള്ള ആദ്യ വെടിയ്ക്ക് തന്നെ, പ്രോഗ്രസ് ലൈറ്റിലെ സ്വിങ്ങിങ് ഡെറിക്ക് ( സ്പീഡ് ബോട്ടുകളും ലൈഫ് ബോട്ടുകളും തൂക്കിയിട്ടിരിയ്ക്കുന്ന വലിയ പോസ്റ്റുകൾ) തകർന്നു തരിപ്പണമായി.
ഗോദാവരിയിലെ 57 MM പീരങ്കികളും ബേധ്വയിലെ 4.5 Inch മെഷീൻ ഗണ്ണുകളും പ്രോഗ്രസ് ലൈറ്റിനു ചുറ്റുമായി വെടിയുടെ മാലപ്പടക്കത്തിന് തിരി കൊടുത്തു . ഒപ്പം ഗോദാവരിയിൽ നിന്നും പറന്നുയർന്ന സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വട്ടമിട്ടു പറന്നു. അവയിൽ നിന്നും ആന്റി സബ്മറൈൻ ബോംബുകൾ തുരുതുരെ കടലിലേയ്ക്കു വിക്ഷേപിച്ചു. പ്രോഗ്രസ് ലൈറ്റിനെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

കടൽ ഇളകി മറിഞ്ഞു. ശക്തമായ തിരയടിയിൽ പ്രോഗ്രസ് ലൈറ്റ് ആടിയുലഞ്ഞു. ഒരിഞ്ചു മുന്നോട്ടു നീങ്ങാനാവാതെ അതു നിശ്ചലമായി.
അതിനും പുറമേ നേവൽ ബേസിൽ നിന്നും പറന്നു വന്ന ചെറു യുദ്ധവിമാനങ്ങളും കപ്പലിനു ചുറ്റും പൂരം തീർത്തു. ഇതോടെ ഭയചകിതരായ ഭീകരരിൽ രണ്ടു പേർ കടലിൽ ചാടി. അതവരുടെ അന്ത്യവുമായിരുന്നു.
ക്യാപ്ടൻ ഗോപാലാചാരി വീണ്ടു നിർദ്ദേശം നൽകി. ഇനിയും കീഴടങ്ങിയില്ലെങ്കിൽ അടുത്ത ലക്ഷ്യം കപ്പൽ തന്നെയായിരിയ്ക്കും. ഗോദാവരിയിലെ പീരങ്കികൾ പ്രോഗ്രസ് ലൈറ്റിനെ ഉന്നം പിടിച്ചു.
ഒടുക്കം ലുത്തുഫി കീഴടങ്ങാൻ സമ്മതിച്ചു.
“ബന്ദികളെ നിരയായി ഡെക്കിൽ ഒരു സൈഡിൽ നിർത്തുക”. ക്യാപ്ടൻ നിർദ്ദേശിച്ചു. മറു സൈഡിൽ ലുത്തുഫിയും അനുയായികളും നിരന്നു നിൽക്കുക..”
ഗോദാവരിയുടെ ഡെക്കിൽ നേവിയുടെ ഷാർപ്പ് ഷൂട്ടർമാരായ MARCOS (MARINE COMMANDO FORCE) കമാൻഡോകൾ ലുത്തുഫിയെയും കൂട്ടാളികളെയും ഉന്നം പിടിച്ച് യന്ത്ര തോക്കുകൾ ചൂണ്ടി നിന്നു.
സീ കിംഗ് ഹെലികോപ്ടറുകൾ പ്രോഗ്രസ് ലൈറ്റിനു മുകളിൽ വന്നു പറന്നു നിന്നു. അതിൽ നിന്നും മറൈനുകൾ റോപ്പുവഴി താഴേയ്ക്ക് ഊർന്നിറങ്ങി.
ഒരു ദിവസത്തേക്ക് മാലിയുടെ അധികാരിയായിരുന്ന അബ്ദുള്ള ലുത്തുഫി കൈകളുയർത്തി കമാൻഡോകൾക്കു മുന്നിൽ കീഴടങ്ങി.

തന്റെ ദൗത്യം പൂർത്തീകരിച്ചതായി പ്രധാനമന്ത്രി രാജീവ് ഗാന്ധി, അബ്ദുൾ ഗയൂമിനെ അഭിമാനപൂർവം അറിയിച്ചു. മാലി ഇനി താങ്കളുടേതാണ്..!
ലുത്തുഫിയെയും കൂട്ടാളികളെയുമായി മാലദീവ്സിലെത്തിയ ഗോപാലാചാരിയെയും കമാൻഡോകളെയും രാജകീയ വരവേൽപ്പോടെയാണു മാലിക്കാർ സ്വീകരിച്ചത്.
150 സൈനികരെ മാലിയിൽ നിർത്തിയിട്ട് ബാക്കിയുള്ളവർ ഇന്ത്യയിലേയ്ക്കു തിരിച്ചു. ഒരു വർഷത്തിനു ശേഷം അവരും തിരികെ പോന്നു.
ഇന്ത്യയുടെ ആർമി, എയർ ഫോഴ്സ്, നേവി സൈനിക വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഈ ഓപറേഷനെ ലോക രാജ്യങ്ങളെല്ലാം അഭിനന്ദിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം താണ്ടി, ഇത്ര വേഗത്തിലും കൃത്യതയിലും ഈ ദൌത്യം നടത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ കഴിവിനെ മിക്ക രാജ്യങ്ങളും അസൂയയോടെയാണു നോക്കികണ്ടതെങ്കിൽ, ഓരോ ഇന്ത്യക്കാരനും അതു അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു.
കടപ്പാട്: ബിജുകുമാര്‍ ആലക്കോട്

Top