കശ്മീര്‍ : കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായി വീണ്ടും എറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു സൈനികനു പരുക്കേറ്റതായാണ് വിവരം. ശ്രീനഗറിനു പ്രാന്ത പ്രദേശത്തുള്ള ഇ ഡി ഐ ക്യാംപസിനുള്ളിലെ കെട്ടിടത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി.ഉറി ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയപ്പോള്‍ മുതല്‍ ആക്രമണം പ്രതീക്ഷിക്കുന്നതാണ് ഇന്ത്യ. ശക്തമായ രീതിയില്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്നാണ് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം അതിര്‍ത്തി വഴി ഭീകരരരെ കടത്തിവിടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ പാക്കിസ്ഥാനില്‍ ഇനിയും മിന്നല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്തെ നിലപാടില്‍നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്. കാര്‍ഗില്‍ യുദ്ധമാണ് നിയന്ത്രണരേഖ ലംഘിക്കരുതെന്നും ആദരിക്കണമെന്നും പാക്കിസ്ഥാനെ പഠിപ്പിച്ചത്. നിയന്ത്രണരേഖ ലംഘിച്ച് പാക്ക് സൈന്യവും ഭീകരരും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതാണ് കാര്‍ഗില്‍ യുദ്ധത്തിനു കാരണമായത്. ഒടുവില്‍ നിയന്ത്രണരേഖയ്ക്കു പിന്നിലേക്ക് മാറാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായി. എന്നാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ഭീകരരെ നിയന്ത്രണരേഖയിലൂടെ കടത്തിവിടുകയാണ്.
പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ നിയന്ത്രണരേഖ ലംഘിക്കുന്നത് ശരിയല്ല എന്ന നിലപാട് ഇന്ത്യ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സെപ്റ്റംബര്‍ 29 ന് നടത്തിയ മിന്നലാക്രമണം ഇതിനുള്ള സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാക്കിസ്ഥാന്‍ ഇനിയും ഇത് തുടര്‍ന്നാല്‍ നിയന്ത്രണരേഖ ലംഘിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാനിലെ പ്രദേശം ഉപയോഗിക്കാന്‍ ഭീകരരെ അനുവദിക്കില്ലെന്ന് 2004 ജനുവരി 6 ന് പാക്ക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പറഞ്ഞിരുന്നു. എന്നാല്‍ പാക്ക് സൈനികരുടെ സഹായത്തോടെ നിയന്ത്രണരേഖയ്ക്കു സമീപം ഭീകരരുടെ ലോഞ്ച് പാഡുകളുണ്ടെന്നു ഉറപ്പുവരുത്തുന്നതിനാണ് മിന്നലാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ആസൂത്രണം ചെയ്തത്. ഇത് പാക്ക് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും ഇന്ത്യയ്ക്ക് അറിയാമായിരുന്നു.
ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ് മിന്നലാക്രമണത്തിലൂടെ ലക്ഷ്യമിട്ടത്. ഇന്ത്യയുടെ ഭാഗത്തുനിന്നും തിരിച്ചടികള്‍ ഉണ്ടാകുമെന്നും അതു അപ്രതീക്ഷിതമായിരിക്കുമെന്നും പാക്കിസ്ഥാന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയേക്കാവുന്ന ചില സ്ഥലങ്ങളും പാക്കിസ്ഥാന്‍ നേരത്തെ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
അതേസമയം, നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ഏറ്റവും അധികം ഭീകരര്‍ കൊല്ലപ്പെട്ടത് ലഷ്കറെ തയിബയുടേതെന്ന് വ്യക്തമായി. റേഡിയോ സംഭാഷണം ചോര്‍ത്തിയതില്‍നിന്നാണ് ലഷ്കറിന്റെ ഇരുപതോളം ഭീകരര്‍ കൊല്ലപ്പെട്ടെന്ന വസ്തുത ഇന്ത്യന്‍ സൈന്യത്തിനു വ്യക്തമായത്.