ഇന്ത്യക്കാര്‍ക്കു വീണ്ടും മുന്നറിയിപ്പ്; യുക്രൈന്‍ വിടണമെന്ന് എംബസി

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താത്ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ് കീവിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നത്. എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും മടങ്ങാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

യുക്രൈനില്‍ തുടരേണ്ടത് ആവശ്യമില്ലാത്ത, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ താല്‍ക്കാലികമായി രാജ്യംവിടണമെന്നു  ചൊവ്വാഴ്ചയും എംബസി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുനിന്നു പുറത്തുകടക്കാന്‍ ലഭ്യമായ വാണിജ്യ-ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി ശ്രമിക്കണമെന്നും യുക്രൈനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘യുക്രൈനും റഷ്യയുമായുള്ള യുദ്ധം സംബന്ധിച്ച ഭീതിയും അനിശ്ചിതത്വവും തുടരുന്നതിനാല്‍, താമസം അനിവാര്യമല്ലെന്ന് കരുതുന്ന, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാരോടും താത്ക്കാലികമായി യുക്രൈന്‍ വിടാന്‍ നിര്‍ദേശിക്കുന്നു’- ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ചാര്‍ട്ടര്‍ വിമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ അവരുടെ സ്റ്റുഡന്റ് കോണ്‍ട്രാക്ടര്‍മാരുമായി ബന്ധപ്പെടണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തല്‍സമയം ലഭിക്കാന്‍ എംബസിയുടെ വെബ്‌സൈറ്റും ഫെയ്സ് ബുക്ക്, ട്വിറ്റര്‍ പേജുകളും പിന്തുടരണമെന്നും ട്വീറ്റിലുണ്ട്.  ഇന്ത്യക്കാര്‍ക്ക് സഹായവും നിര്‍ദേശങ്ങളും ലഭ്യമാക്കാന്‍ യുക്രൈനിലെ എംബസിയിലും വിദേശകാര്യമന്ത്രാലയത്തിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

അതേസമയം, ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ടാറ്റ എയര്‍ ഇന്ത്യയുടെ മൂന്നു പ്രത്യേക വിമാനങ്ങള്‍ 22,24,26 തീയതികളില്‍ യുക്രൈനിലെത്തും. ബോറിസ്പില്‍ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സര്‍വീസ് എന്നാണു ലഭ്യമായ വിവരം.

Top