സൈന്യത്തിലും ഇനി വനിതാ സംവരണം: പ്രശ്‌നബാധിത മേഖലകളിലും വനിതാ സൈനികര്‍ എത്തും

ന്യൂഡല്‍ഹി : രാജ്യത്തെ അര്‍ധസൈനിക വിഭാഗങ്ങളില്‍ വനിതകളുടെ എണ്ണം കൂട്ടുന്നതിന് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. പ്രതിരോധ സേനകളിലെ വനിതാ അംഗങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് വിഭാഗങ്ങളില്‍ 33 ശതമാനം ഉള്‍പ്പെടെ അര്‍ധ സൈനിക വിഭാഗത്തിലെ അഞ്ച് വിഭാഗങ്ങളില്‍ സംവരണം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്തെ അര്‍ധ സൈനിക വിഭാഗങ്ങളില്‍ 2.2 ശതമാനം മാത്രമാണ് വനിതാ സാന്നിധ്യമുള്ളത്. നിലവില്‍ ഒമ്പത് ലക്ഷം സൈനികരുള്ള സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സഹസ്ത്ര സീമാ ബെല്‍, ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് വിഭാഗങ്ങളിലായി 20,000 ത്തോളം പേര്‍ മാത്രമാണ് വനിതകളുടെ സാന്നിധ്യം. രാജ്യത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമായ സി ആര്‍ പി എഫില്‍ 6,300 വനിതകള്‍ മാത്രമാണുള്ളത്. ഇതിനിടെ 300 വനിതാ സി ആര്‍ പി എഫ് കമാന്‍ഡോകളെ ഝാര്‍ഖണ്ഡിലെ നക്‌സല്‍ ബാധിത മേഖലകളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതായും ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും സി.ആര്‍.പി.എഫ് മേധാവി പ്രകാശ് മിശ്ര അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അര്‍ധ സൈനിക വിഭാഗങ്ങളില്‍ വനിതാ സംവരണ ക്വാട്ടാ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ് വിഭാഗങ്ങളില്‍ 33 ശതമാനവും ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി വിഭാഗങ്ങളില്‍ 15 ശതമാനവും സംവരണം കൊണ്ടുവരാനാണ് തീരുമാനം. അഞ്ചുവിഭാഗങ്ങളിലും കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സംവരണം നടപ്പാക്കുക. അര്‍ധസൈനിക വിഭാഗത്തില്‍ വനിതകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ നയത്തിന്റെ ഭാഗമായാണ് തീരുമാനം.
വനിതകളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള സമിതിയുടെ ആറാം റിപ്പോര്‍ട്ടില്‍ വനിതകള്‍ക്ക് സായുധ സേനകളില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.

Top