ന്യുഡല്‍ഹി :ഇന്ത്യയെ പേടിച്ച് ചൈന.ഇന്ത്യയുടെ ബ്രഹ്മോസ് കരയാക്രമണ മിസൈല്‍ പരീക്ഷണം വിജയം വരിച്ചത് ചൈനക്ക് ഭയപ്പാട് ഉളവാക്കിയിരിക്കുന്നു.ശത്രുതീരത്തിനു 300 കിലോമീറ്ററോളം അകലെനിന്നു ശബ്ദാതിവേഗത്തില്‍ പറന്നെത്തി കരയാക്രമണം നടത്താന്‍ കഴിവുള്ള ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വന്‍ശക്തിപദത്തിലേക്കുള്ള ഇന്ത്യയുടെ ശക്തമായ ഒരു കാല്‍വയ്പു കൂടി. ഓടിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്നു തൊടുക്കുന്ന കരയാക്രമണ മിസൈലിന്റെ പരീക്ഷണ വിജയം ഇന്ത്യയുടെ വന്‍ സാങ്കേതിക നേട്ടമാണ്. കാരണം, ഇളകിക്കൊണ്ടിരിക്കുന്ന വിക്ഷേപണത്തറ മിസൈലിന്റെ കൃത്യതയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കേ ആ പ്രശ്നം സാങ്കേതികമായി മറികടന്നുകൊണ്ടാണു ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ പരീക്ഷണം വിജയിച്ചത്.
ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര ‘പോരാളികളായ’ കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ വിഭാഗം കപ്പലുകള്‍ക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകള്‍ സ്വന്തമായുള്ളത്.
ചൈന പേടിക്കും
കരയാക്രമണ മിസൈല്‍ യാഥാര്‍ഥ്യമായതോടെ സമുദ്രശക്തിയില്‍ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കന്‍ തീരത്ത് ഇന്ത്യന്‍ നാവികസേനയ്ക്കു വെല്ലുവിളി ഉയര്‍ത്താനാവും. ചൈനയുടെ പ്രധാന വ്യാപാര തുറമുഖങ്ങളായ ഷാങ്ഹായിയും മറ്റു തുറമുഖങ്ങളും ഇന്ത്യയുടെ പ്രഹരപരിധിക്കു പുറത്താണെന്നതായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യമായി കരുതപ്പെട്ടിരുന്നത്. 300 കിലോമീറ്റര്‍ വരെ അകലെ കടലില്‍നിന്നു തൊടുക്കാവുന്ന ബ്രഹ്മോസ് ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നതോടെ ഈ ദൗര്‍ബല്യം ഇന്ത്യ മറികടക്കും.
വേഗത്തില്‍ മുന്‍പന്‍
സമുദ്രത്തില്‍നിന്നു കരയില്‍ പ്രഹരം നടത്താനുള്ള ശേഷിയുടെ പ്രാധാന്യം ആധുനിക യുദ്ധതന്ത്രത്തില്‍ വര്‍ധിച്ചുവരികയാണ്. സമുദ്രതീരമില്ലാത്ത അഫ്ഗാനിസ്ഥാനിലേക്കു 2001ല്‍ അമേരിക്ക നടത്തിയ ആദ്യപ്രഹരം കടലില്‍നിന്നു തൊടുത്തുവിട്ട തോമാഹോക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു. ദൂരപരിധിയില്‍ തോമാഹോക് ബ്രഹ്മോസിനെക്കാള്‍ വളരെ മികച്ചതായി കരുതപ്പെടുന്നുവെങ്കിലും, വേഗത്തില്‍ ബ്രഹ്മോസാണു ലോകത്ത് ഒന്നാമന്‍. ശബ്ദാതിവേഗത്തില്‍ പറക്കുന്ന ഏക ക്രൂസ് മിസൈലാണു ബ്രഹ്മോസ്.
ബ്രഹ്മാസ്ത്രങ്ങള്‍ വേറെയും
ബ്രഹ്മോസിന്റെ മറ്റ് അനവധി പതിപ്പുകള്‍ ഇതിനുമുന്‍പ് ഇന്ത്യ പരീക്ഷിച്ചു വിജയിച്ചതാണ്:
∙ കരയില്‍നിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്
∙ കരയില്‍നിന്നു വിക്ഷേപിച്ചു കപ്പലിനെ തകര്‍ക്കുന്നത്
∙ കപ്പലില്‍നിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകര്‍ക്കുന്നത്
∙ മുങ്ങിക്കപ്പലില്‍ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകര്‍ക്കുന്നത്>
∙ വിമാനത്തില്‍നിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്നത്
കടല്‍ക്കരുത്ത് മുന്‍പേ തെളിയിച്ചത്
കടലില്‍നിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യന്‍ നാവികസേന 1971ലെ യുദ്ധത്തില്‍ തന്നെ തെളിയിച്ചതാണ്. ചെറിയ മിസൈല്‍ ബോട്ടുകള്‍ ഉപയോഗിച്ച് അന്ന് ഇന്ത്യന്‍ നാവികസേന കറാച്ചി തുറമുഖം തകര്‍ത്തതാണ്. എന്നാല്‍ തുറമുഖത്തോട് അടുത്തു ചെന്നു വേണ്ടിവന്നു അന്ന് ആക്രമണം നടത്താന്‍. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെ നിന്ന് ആക്രമണം സാധ്യമാകും.