തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍ ആവേശത്തിലേക്ക്. ആദ്യ സെമിയില്‍ ഇന്ത്യ മാലദ്വീപിനെ നേരിടും. ഉച്ചകഴിഞ്ഞ് 3.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണയും മാലദ്വീപ് തന്നെയായിരുന്നു സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം ഇന്ത്യക്കൊപ്പം നിന്നു. വിജയപ്രതീക്ഷയിലാണ് ഇന്ത്യ സെമിക്കിറങ്ങുന്നതെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താരങ്ങളുടെ പരിക്കാണ് ഇന്ത്യക്കു വെല്ലുവിളി. യുവതാരങ്ങള്‍ ഇന്ത്യയ്ക്കു മുതല്‍കൂട്ടാണ്. മികച്ച പ്രകടനം ഇന്ത്യ സെമിയില്‍ കാഴ്ച വയ്ക്കുമെന്നും കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
ലീഗ് മത്സരത്തില്‍ ശ്രീലങ്കയെ 20നും, നേപ്പാളിനെ 41നും തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്. ടൂര്‍ണ്ണമെന്റിലെ തന്നെ ദുര്‍ബല ടീമുകളായ ശ്രീലങ്കയ്ക്കും, നേപ്പാളിനുമെതിരെയുള്ള പോരാട്ടത്തില്‍ പ്രതീക്ഷിക്കാന്‍ വകയില്ലെന്നാണ് കോണ്‍സ്റ്റന്റൈന്‍ താരങ്ങള്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. താരങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്‌നം. ഐഎസ്എല്‍ മത്സരങ്ങള്‍ കഴിഞ്ഞ് ഒരുമിച്ച് പരിശീലനത്തിനുപോലും താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയടക്കം ആശയവിനിമയം വലിയ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇന്നലെ മുഴുവന്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ടീം.
മാലദ്വീപ് ഇന്ത്യയ്ക്കു ശക്തമായ വെല്ലുവിളിയായിരിക്കുമെന്ന് കോച്ച് റിക്കി ഹെര്‍ബര്‍ട്ട് പറഞ്ഞു. ഇന്ത്യും മാലദ്വീപും പതിനാലു തവണയും ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ഇന്ത്യക്കായിരുന്നു വിജയം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്തവണ മാലദ്വീപ് ഫൈനലില്‍ പ്രവേശിക്കുകതന്നെ ചെയ്യുമെന്നായിരുന്നു മറുപടി.
വൈകുന്നേരം 6.30ന് രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാര്‍ അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ശ്രീലങ്ക ശക്തരായ എതിരാളികളാണെങ്കിലും വിജയം അഫ്ഗാനിസ്ഥാനു തന്നെ ആയിരിക്കുമെന്ന് കോച്ച് പീറ്റര്‍ സേഗ്രറ്റ് പറഞ്ഞു. ലങ്കയുമായുള്ള മത്സരം എളുപ്പമായിരിക്കുമെന്ന് കരുതുന്നില്ല. അപകടകാരികളാണ് അവര്‍. ടീമിലെ ആര്‍ക്കും ഗുരുതര പരിക്കുകളില്ല എന്നത് ഗുണം ചെയ്യുമെന്നും കോച്ച് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ജീവിക്കുന്നതും പരിശീലിക്കുന്നതുമെങ്കിലും അഫ്ഗാനിസ്ഥാനുവേണ്ടി കളിക്കുന്നതിലാണ് ഏറ്റവും സന്തോഷമെന്ന് ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്‌സ്ത. ഫുട്‌ബോളിന് വളരാനുള്ള സാഹചര്യമുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ അഫ്ഗാന്‍ വളരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തിലൂന്നിയുള്ള മുന്നേറ്റമാകും ശ്രീലങ്ക നടത്തുകയെന്ന് കോച്ച് കെ.എം. സമ്പത്ത് പെരേര പറഞ്ഞു. 90 മിനിറ്റ് കളിയിലെ ഏതെങ്കിലുമൊരു നിമിഷത്തില്‍ ശ്രീലങ്കയ്ക്കു മുന്നേറാനാകും. താരങ്ങള്‍ക്ക് ഗുരുതര പരിക്കില്ലെന്നതും പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ഫൈനല്‍.