ഡബ്ലിന്‍: സ്വവര്‍ഗാനുരാഗിയെന്ന് തുറന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ലിയോ വരാദ്ക്കര്‍ അയര്‍ലന്‍ഡിന്റെ അടുത്ത പ്രധാനമന്ത്രിയാകും. അയര്‍ലന്‍ഡിലെ ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ ഫൈന്‍ ഗെയിലിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ലിയോയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞത്. വ്യത്യസ്തമായ ലൈംഗീകതയെ ലോകം അഗീകരിക്കുന്നതിന് കൂടുതല്‍ ശക്തമായ പ്രചോദനം കൂടിയാകും വരാദ്ക്കറുടെ ഈ സ്ഥാന ലബ്ദി.
എതിരാളിയായ സൈമണ്‍ കോവെനെയെ 60 ശതമാനത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ലിയോ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് .നിലവിലെ കൂട്ടുമന്ത്രിസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് ഫൈന്‍ഗെയില്‍ . തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാവുകയാണ് ലിയോ വരാദ്ക്കര്‍.
അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച ഒരു വ്യക്തി മത്സരിക്കുന്നത്. 38കാരനായ വരാദ്കറിന്റെ അച്ഛന്‍ മുംബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ് . നിലവില്‍ അയര്‍ലന്‍ഡിലെ ക്ഷേമ കാര്യ മന്ത്രിയാണ് വരാദ്കര്‍.
ജനവിധിയിലൂടെ സ്വവര്‍ഗവിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്. 2015ലാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വരാദ്കര്‍ സ്വയം പ്രഖ്യാപിച്ചത്. 2007ല്‍ പാര്‍ലമെന്റിലെത്തുന്നതുവരെ ഒരു സാധാരണ ഡോക്ടര്‍ മാത്രമായിരുന്നു വരാദ്കര്‍. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു.