ഡല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റായി വര്‍ഷങ്ങള്‍ക്കുമുമ്പേ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. പ്രണബ് മുഖര്‍ജിയ്ക്ക് ശേഷം ആന്റണിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കി ആന്റണിയെ നിര്‍ദ്ദേശിക്കാനും നീക്കമുണ്ടായിരുന്നു. പക്ഷെ ഭരണം നഷ്ടപ്പെട്ടത്തോടെ ഈ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നു. ഇതിനിടയിലാണ് ആന്റണിയെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പ്രതിപക്ഷത്തിന്റെ പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ ഭരണപക്ഷത്തിനെതിരെ ആന്റണിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതോടെ കേരളത്തില്‍ നിന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ടാമത്തെ നേതാവായി മാറുകയാണ് ആന്റണി.
ബിജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിശ്ചായയും ജനകീയതയും പൊതുസ്വീകാര്യതയുമുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ബി ജെ പി സുഷ്മയെ പരിഗണിക്കുന്നത്.
എന്‍ ഡി എയുടെ പിന്തുണയ്ക്ക് പുറമേ യു പി എ ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് സുഷ്മയെ അവതരിപ്പിക്കാന്‍ ബി ജെ പി ശ്രമിക്കുന്നത്. എന്നാല്‍ അതിനുതക്ക മറുപടിയെന്ന നിലയിലാണ് ജനകീയതയുടെയും പൊതുസ്വീകാര്യതയുടെയും പ്രതിശ്ചായയുടെയും കാര്യത്തില്‍ ഒരുപടികൂടി മുന്‍പന്തിയിലുള്ള എ കെ ആന്റണിയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ നടത്തുന്നത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളുടെ പൊതു പിന്തുണയോടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കേണ്ടത് അവരുടെ രാഷ്ട്രീയ അനിവാര്യത കൂടിയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താന്‍ ഈ നീക്കം അനിവാര്യമാണ്.
അതിന് അപ്രസക്തരായ ഒരു നേതാവിന്റെ പേരുമായി രംഗത്ത് വന്നാല്‍ മറ്റ് കക്ഷികളുടെ പിന്തുണ ലഭിക്കില്ലെന്ന് കോണ്‍ഗ്രസിനറിയാം. മാത്രമല്ല മുലായംസിംഗിന്റെ നേത്രുത്വത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് സജീവ രാഷ്ട്രീയക്കാരനല്ലാത്ത ഒരു പൊതുസ്വീകാര്യനെ അവതരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്.
മുലായത്തിന്റെ ഈ നീക്കം വിജയിക്കുകയും ആ സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ടി വരികയും ചെയ്താല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രാമുഖ്യം നഷ്ടമാകുകയും പാര്‍ട്ടി ദേശീയ മുഖ്യധാരയില്‍ നിന്നും പിന്തള്ളപ്പെടുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്ത് വിലകൊടുത്തും അതൊഴിവാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
അതിനാലാണ് ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ മുന്‍കൂട്ടി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചുകഴിഞ്ഞു. യു പി എ ഘടകകക്ഷികളില്‍ ആന്റണിയുടെ പേരിനോട് ആര്‍ക്കും വിയോജിപ്പില്ല.
പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ സി പി എമ്മിന്റെ പിന്തുണ ആന്റണിക്ക് ഉറപ്പാക്കിയിട്ടുണ്ട്. മമതാ ബാനര്‍ജിയും ആന്റണിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വിയോജിപ്പുള്ള ജെ ഡിയുവും മായാവതിയുടെ ബി എസ് പിയും ശക്തനായ പ്രതിപക്ഷ സ്ഥാനാര്‍ഥി ഉണ്ടായാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസിനോട് വ്യക്തമാക്കിയിട്ടുണ്ട്.