ന്യൂഡല്‍ഹി: യാത്രാ നിരക്കുകള്‍ കൂട്ടാതെതന്നെ അഞ്ചുമാസംകൊണ്ട് റെയില്‍വേയ്ക്ക് നഷ്ടമായത് 15 കോടി യാത്രക്കാരെ.
റെയില്‍വേയുടെ കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ 357.5 കോടി പേരാണ് തീവണ്ടിയില്‍ യാത്രചെയ്തത്. എന്നാല്‍ നടപ്പ് വര്‍ഷത്തില്‍ ഇതേകാലയളവില്‍ യാത്രക്കാരുടെ എണ്ണം 342.5 കോടിയായി കുറഞ്ഞു. 4.2 ശതമാനമാണ് കുറവ്. ഇതുപ്രകാരം ഈവര്‍ഷംമൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് തീവണ്ടി യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. 201415 സാമ്പത്തിക വര്‍ഷത്തില്‍ 19.1 കോടിയാണ് കുറഞ്ഞത്.
യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യമെന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. ഈരീതി തുടരുകയണെങ്കില്‍ സാമ്പത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
സപ്തംബര്‍ 15ന് ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചയുണ്ടായത്. തീവണ്ടികളില്‍ തിരക്ക് കൂടിയിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായത് എങ്ങനെയെന്ന് യോഗത്തില്‍ റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ ചോദിച്ചു. പലര്‍ക്കും റിസര്‍വേഷന്‍ കിട്ടാത്ത സാഹചര്യമാണുള്ളതെന്നും മന്തി വ്യക്തമാക്കി.