കോട്ടയം: ഓസ്‌ട്രേലിയയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മരിച്ച മോനിഷയുടെ അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണ് കേരളാ പൊലീസിന്റെ നടപടി. ഇരുവരുടെയും വിവാഹം നടന്ന് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് കോട്ടയം സ്വദേശിനിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിഞ്ഞ മാസം ആറിനാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ ആത്മഹത്യ ചെയ്തത്. ഇവര്‍ താമസിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായി ഭര്‍ത്താവ് അരുണാണ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചത്. മോനിഷ ഓസ്‌ട്രേലിയയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറും അരുണ്‍ നഴ്സുമായിരുന്നു.
ഭര്‍ത്താവിന്റെ പീഡനം മൂലം മോനിഷ മരിക്കുകയായിരുന്നു എന്നും ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നില്‍ ഭര്‍ത്താവ് ആണെന്നുമാണ് പരാതി. മരണത്തില്‍ ഭര്‍ത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയെ വിളിച്ച് താന്‍ പീഡിപ്പിക്കപ്പെടുന്നതായി പറഞ്ഞിരുന്നു. മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.
മാത്രമല്ല സ്വന്തം ഭാര്യയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും ഭര്‍ത്താവ് ഉണ്ടായിരുന്നില്ല. അരുണിനെ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ രഹസ്യമായി ഓസ്ട്രേലിയക്ക് പോയി എന്നാണ് ലഭ്യമായ വിവരം. ലുക്ക് ഔട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെല്‍ബണിലേ ഇന്ത്യന്‍ എംബസിക്ക് അയച്ചിട്ടുണ്ട്