സൈന്യത്തിലെ ദുരിതത്തെക്കുറിച്ച് ഫെയ്സ്ബുക്ക് വീഡിയോ: സൈനികന്‍ അറസ്റ്റിലെന്ന് ഭാര്യ; ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു

ന്യൂഡല്‍ഹി: സൈനികര്‍ അനുഭവിക്കുന്ന ദുരിത്തെക്കുറിച്ചും ചീത്ത ഭക്ഷണത്തെക്കുറിച്ചും പരാതി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ബി.എസ്.എഫ് ജവാന്‍ അറസ്റ്റിലായെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. വീഡിയോ പോസ്റ്റുചെയ്തതിന് തൊട്ടുപിന്നാലെ ജവാന്‍ തേജ് ബഹാദൂര്‍ യാദവ് അറസ്റ്റിലായെന്നാണ് ഭാര്യയുടെ ആരോപണം. സൈന്യത്തില്‍നിന്ന് സ്വയം വിരമിക്കാന്‍ അദ്ദേഹം നല്‍കിയ അപേക്ഷ അധികൃതര്‍ നിരസിച്ചുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു.

മറ്റാരുടെയോ ഫോണില്‍നിന്ന് തന്നെ വിളിച്ച് ഭര്‍ത്താവ് ഇക്കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. കടുത്ത മാനസിക പീഡനമാണ് തന്റെ ഭര്‍ത്താവ് നേരിടുന്നത്. അവധിക്ക് വരാനിരുന്ന ഭര്‍ത്താവിനെ കഴിഞ്ഞ 31 ന് കാത്തിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. പിന്നാലെ മറ്റാരുടെയോ ഫോണ്‍വാങ്ങി തന്നെ വിളിച്ചു. കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചിട്ടുണ്ട്. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top