വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിക്കൊണ്ടു പോയ രണ്ട് അതി പുരാതന വിഗ്രഹങ്ങള്‍ അമേരിക്ക ഇന്ത്യക്ക് തിരിച്ചു നല്‍കി. അമേരിക്കയിലെ രണ്ട് മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇവ 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലവരുന്നതാണ്.ഇതില്‍ ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. 12-ാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലേതാണ് ഈ വിഗ്രഹം. 2,25,000 ഡോളര്‍ വിലവരുന്ന ഈ വിഗ്രഹം തമിഴ്‌നാട്ടില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. അലബാമയിലെ ബര്‍മിങ്ഹാം മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിരിക്കുകയായിരുന്നു ഈ വിഗ്രഹം. മഞ്ചുശ്രീ എന്നറിയപ്പെടുന്ന രണ്ടാമത്തെ വിഗ്രഹം ബീഹാറിലെ ബോധ്ഗയയില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. 2,75,000 ഡോളര്‍ വിലമതിക്കുന്ന ഈ വിഗ്രഹം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ അക്ലാന്‍ഡ് ആര്‍ട്ട് മ്യൂസിയത്തില്‍ നിന്നാണ് ഈ വിഗ്രഹം തിരിച്ചെത്തിക്കുന്നത്.
ഈ രണ്ട് വിഗ്രഹങ്ങളും ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കപ്പെട്ടതോടെയാണ് ഇവ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് വഴിയൊരുങ്ങിയത്. ഇന്ത്യന്‍ കോണ്‍സിലേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് ചക്രവര്‍ത്തിക്ക് മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയര്‍ വിഗ്രഹങ്ങള്‍ കൈമാറി. ‘ലോകത്തിലെ പൈതൃക വസ്തുക്കള്‍ കൊള്ളയടിക്കുക എന്നത് ഒരു ദുരന്തമാണ്. അതിനേക്കാളുപരി ഇത്തരം മോഷണ മുതലുകള്‍ കച്ചവടം ചെയ്യുക എന്നത് കുറ്റകൃത്യമാണ്. ഇത്തരം വസ്തുക്കള്‍ അവയുടെ ശരിയായ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം’ സൈറസ് വാന്‍സ് ജൂനിയര്‍ വ്യക്തമാക്കി.ഇന്ത്യയുടെ പൗരാണിക സമ്പത്തുകള്‍ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് ചക്രവര്‍ത്തി വ്യക്തമാക്കി.