ഹമാസിനെ പിന്തുണച്ച ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ അറസ്‌റ്റിൽ!വിസ റദ്ദാക്കി, നാടുകടത്തൽ നടപ്പിലാക്കും

ന്യൂയോർക്ക്: ഹമാസിനെ പിന്തുണച്ച ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ അറസ്‌റ്റിൽ.ഇദ്ദേഹത്തെ അമേരിക്ക നാടുകടത്തും . യുഎസിലെ ജോർജ്ജ്ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. ഇതിന് പിന്നാലെ വിദ്യാർത്ഥി നാടുകടത്തൽ ഭീഷണി നേരിടുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പോസ്‌റ്റ്-ഡോക്‌ടറൽ ഫെലോ ആയ ബദർ ഖാൻ സൂരിയെ തിങ്കളാഴ്‌ച രാത്രി വിർജീനിയയിലെ തന്റെ വീടിന് പുറത്ത് വച്ച് മാസ്‌ക് ധരിച്ച ഉദ്യോഗസ്ഥരാണ് അറസ്‌റ്റ് ചെയ്‌തത്‌ എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ അവർ സർക്കാർ അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായി സൂരിയോട് പറഞ്ഞതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹമാസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബദർ ഖാൻ സൂരിക്കെതിരായ നടപടി. അറിയപ്പെടുന്നതോ സംശയിക്കപ്പെടുന്നതോ ആയ ഒരു തീവ്രവാദിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയിലെ ഫോറിൻ എക്സ്ചേഞ്ച് വിദ്യാർത്ഥിയായിരുന്നു സൂരി, സോഷ്യൽ മീഡിയയിൽ ഹമാസ് ആശയങ്ങൾ സജീവമായി പ്രചരിപ്പിക്കുകയും ജൂതവിരുദ്ധത പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു’ എന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് അസിസ്‌റ്റന്റ് സെക്രട്ടറിയായ ട്രീഷ്യ മക്‌ലാഫ്‌ലിൻ അറിയിച്ചിരിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു ഇവരുടെ പ്രതികരണം. ഹമാസിന്റെ മുതിർന്ന ഉപദേഷ്‌ടാവായ അറിയപ്പെടുന്നതോ സംശയിക്കപ്പെടുന്നതോ ആയ ഒരു തീവ്രവാദിയുമായി സൂരിക്ക് അടുത്ത ബന്ധമുണ്ട്. സൂരിയുടെ പ്രവർത്തനങ്ങളും അമേരിക്കയിലെ സാന്നിധ്യവും കണക്കിലെടുത്ത് ഐഎൻഎ സെക്ഷൻ 237(എ)(4)(സി)(ഐ) പ്രകാരം അദ്ദേഹത്തെ നാടുകടത്താൻ വിധിച്ചുവെന്ന് 2025 മാർച്ച് 15-ന് സ്‌റ്റേറ്റ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

മക്‌ലാഫ്‌ലിന്റെ പോസ്‌റ്റിൽ പറയുന്നു. അതേസമയം, യുഎസ് പൗരയായ ഭാര്യയുടെ പലസ്‌തീൻ പൈതൃകം കാരണമാണ് സൂരി ശിക്ഷിക്കപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹസൻ അഹമ്മദ് വിടുതൽ ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വാദിക്കുന്നത്. അമേരിക്കൻ വിദേശനയത്തിന് ഭീഷണിയായി കരുതപ്പെടുന്ന, പൗരന്മാരല്ലാത്തവരെ നാടുകടത്താൻ സ്‌റ്റേറ്റ് സെക്രട്ടറിക്ക് അധികാരം നൽകുന്ന കുടിയേറ്റ നിയമത്തിലെ അപൂർവ്വമായി ഉപയോഗിക്കുന്ന ഒരു വകുപ്പ് പ്രകാരമാണ് സൂരിക്കെതിരെ നടപടിയെന്നും ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം പലസ്‌തീൻ അനുകൂല പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കൊളംബിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും ഗ്രീൻ കാർഡ് ഉടമയുമായ മഹ്മൂദ് ഖലീലിനെ നാടുകടത്താനും ഇതേ വ്യവസ്ഥ തന്നെയായിരുന്നു പ്രയോഗിച്ചത്. ലഭ്യമായ വിവരം അനുസരിച്ച് സൂരിയെ നാട് കടത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് പ്രകാരം, സൂരി “ദക്ഷിണേഷ്യയിലെ ഭൂരിപക്ഷവാദവും ന്യൂനപക്ഷ അവകാശങ്ങളും” എന്ന വിഷയമാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. കൂടാതെ ഇന്ത്യയിൽ നിന്ന് സമാധാന- സംഘർഷ വിഷയ പഠനങ്ങളിൽ പിഎച്ച്ഡിയും നേടിയിരുന്നു. നേരത്തെ ഹമാസ് അനുകൂല നിലപാട് ചൂണ്ടിക്കാട്ടി വിസ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിയായ രഞ്ജന ശ്രീനിവാസൻ സ്വയം നാടുകടത്തലിന് വിധേയയായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

Top