ലാഭവിഹിതം പങ്കിടുന്നതു സംബന്ധിച്ച് ഐസിസിയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടർന്ന് പ്രതിസന്ധിയിലായ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരീക്ഷണങ്ങൾക്കൊന്നും തയാറാകതെയാണ് ഡൽഹിയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി് ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി നയിക്കുന്ന 15 അംഗ ടീമിൽ പുതുമുഖങ്ങളൊന്നും ഇടം നേടിയിട്ടില്ല.
വെറ്ററൻ താരം യുവരാജ് സിങ്ങിനെ നിലനിർത്തിയ സെലക്ടർമാർ പരുക്കിനെ തുടർന്ന് പുറത്തായിരുന്ന ഓപ്പണർ രോഹിത് ശർമ,ശിഖർധവാൻ, ആർ.അശ്വിൻ, മുഹമ്മദ് ഷാമി തുടങ്ങിയവരെ ടീമിലേക്ക് തിരികെ വിളിച്ചു. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള മനീഷ് പാണ്ഡെയും ടീമിലിടം നേടിയിട്ടുണ്ട്.
റിഷഭ് പന്ത്, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, സുരേഷ് റെയ്‌ന, ദിനേഷ് കാർത്തിക്ക് എന്നിവരെ പകരക്കാരായും ടീമിൽ ഉൾപ്പെടുത്തി.
എം.എസ്. ധോനിയാണ് വിക്കറ്റ് കീപ്പറാകുക. ഹർദിക് പണ്ഡ്യയെ ബൗളിങ് ഓൾറൗണ്ടറാക്കി നിലനിർത്തി. ഓൾറൗണ്ടർമാരായ അശ്വിനും ജഡേജയും സ്പിന്നർമാരുടെ വേഷത്തിലുണ്ട്. പേസ് ആക്രമണം ബുമ്ര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവരുടെ ചുമതലയാണ്.
ഐപിഎല്ലിൽ കളിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലി വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.
അടുത്തമാസം ഒന്നു മുതൽ പതിനെട്ടു വരെ ഇംഗ്ലണ്ടിൽ വച്ചാണ് ടൂർണമെന്റ്. നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ടീം: വിരാട് കോലി, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, രോഹിത് ശർമ്മ, കേദാർ യാദവ്, എം.എസ് ധോനി, യുവരാജ് സിങ്, മനീഷ് പാണ്ഡെ, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ് കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷമി.