ദില്ലി: ഇന്ത്യക്ക് ഒരു സന്തോഷ നിമിഷം കൂടി. ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് ഇന്ത്യക്കാരനായ പതിനെട്ടുകാരന്‍. 0.1 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. തമിഴ്‌നാട്ടിലെ പാലപ്പടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. കാര്‍ബണ്‍ ഫൈബര്‍ പോളീം ഉപയോഗിച്ചാണ് സാറ്റലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരം കുറവാണ് ഈ സാറ്റലൈറ്റിന്.
അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മയ്ക്കായ് കലാംസാറ്റ് എന്നാണ് സാറ്റലൈറ്റിന് പേരിട്ടിരിക്കുന്നത്. നാസ സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗമായാണ് ഷാരൂക് ഈ കുഞ്ഞന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്. നാസയും യുഎസ് നാഷണല്‍ എയര്‍നോട്ടിക്‌സും ചേര്‍ന്ന ജൂണ്‍ 21 ന് വിദ്യാര്‍ഥി നിര്‍മിച്ച ഉപഗ്രഹം വിക്ഷേപിക്കും.
240 മിനിറ്റ് ദൈര്‍ഘ്യമുള്ള വിക്ഷേപണമായിരിക്കും ഇത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി സ്‌പേസില്‍ ഇത് പന്ത്രണ്ടു മിനിറ്റുകള്‍ക്കകം എത്തും. 3D പ്രിന്റഡ് കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഷാരൂഖ് വ്യക്തമാക്കി. ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’യാണ് ഷാരൂഖിന്റെ പരീക്ഷണത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കിയത്.