ഇന്ത്യന്‍ ആഭ്യന്തര വിപണി ഇനി എങ്ങോട്ട്: ഓഹരി വിപണിയിലെ പ്രതിസന്ധികള്‍

കഴിഞ്ഞ മാര്‍ച്ചില്‍ 9919.2 എന്ന ഉയരം തൊട്ടശേഷം ഓഹരി വിപണി പടിപടിയായ ഇറക്കത്തിലായിരുന്നു. മാര്‍ച്ച് മുതല്‍ കുറഞ്ഞ മുകള്‍ത്തട്ടും താഴ്ത്തട്ടും രേഖപ്പെടുത്തി തുടങ്ങിയ ഓഹരി സൂചിക (നിഫ്റ്റി) കഴിഞ്ഞ മാസത്തോടെ 7550 പോയിന്റ് എന്ന നിലയിലേക്കു താഴ്‌ന്നെങ്കിലും പിന്നീടു ശക്തമായ തിരിച്ചുവരവു നടത്തി.തദ്ദേശ ധനസ്ഥാപനങ്ങളുടെ പിന്തുണയും രാജ്യാന്തര തലത്തിലെ നല്ല സൂചനകളുമായിരുന്നു കാരണം.
ഇതിനുപുറമേ, പലിശ നിരക്ക് അര ശതമാനം കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ നീക്കവും വിപണിയുടെ തിരിച്ചുവരവിന് ആക്കം കൂട്ടി. അമേരിക്കന്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന പൊതുവായ വിശ്വാസത്തിനു വിരുദ്ധമായി നിരക്കു മാറ്റമില്ലാതെ തുടരാള്ള ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ നീക്കവും വിപണിക്ക് തുണയായി. ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്കു കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നതിനു പുറമേ വ്യവസായിക ഉത്പാദന സൂചിക കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയുംചെയ്തു. ജൂലൈയില്‍ 4.2 ശതമാനമായിന്ന ഐ.ഐ.പി. ഓഗസ്റ്റില്‍ 6.4 ശതമാനമായി ഉയര്‍ന്നു.വ്യവസായ ഉല്‍പാദനം ശക്തമായ തിരിച്ചു വരവിലാണെന്നാണ് ഇതു നല്‍കുന്ന സൂചന. നിര്‍മാണരംഗത്തും പുരോഗതിയുടെ ലക്ഷണങ്ങള്‍ ഉണ്ട്.
കഴിഞ്ഞ വര്‍ഷം 4.6 ശതമാനമായിരുന്ന നിര്‍മാണ സൂചിക ഓഗസ്റ്റില്‍ 6.9 ശതമാനത്തില്‍ എത്തി. മുന്‍ മാസത്തെ അപേക്ഷിച്ചു മൂലധന വസ്തുക്കളുടെ ഉല്‍പാദന സൂചിക ഓഗസ്റ്റില്‍ 21.8 ശതമാനം വളര്‍ച്ചയാണ് കാണിച്ചത്.
രാജ്യാന്തരതലത്തില്‍ ചൈനയുടെ ശക്തിയിലുണ്ടായ ചോര്‍ച്ച നമ്മുടെ സമീപ ഭാവിയിലെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കാം.അതേ സമയം, കേന്ദ്ര സര്‍ക്കാരിന്റെ ‘മേക് ഇന്‍ ഇന്ത്യാ’ ക്യാമ്പെയിന്‍ വഴി കൂടുതല്‍ വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാം. അതുവഴി നമ്മുടെ നിര്‍മാണ രംഗം വരുംകാല സാമ്പത്തിക വളര്‍ച്ചയെ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം. ഇന്ത്യന്‍ ഓഹരി വിപണി വരും കാലത്തെ നല്ല വരുമാന സ്രോതസായി മാറുമെന്നാണു പ്രതീക്ഷ.
എല്ലാ ബുള്‍ തരംഗത്തിലും പുതിയ ഒരുപറ്റം ഓഹരികളും മേഖലകളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും മറ്റുള്ളവയേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് 2000 ലെ ബുള്‍ തരംഗത്തില്‍ ഐ.ടി. മേഖലയായിരുന്നു എല്ലാവര്‍ക്കും പ്രിയപ്പെട്ടത്. 1999 ഫെബ്രുവരി മുതല്‍ 2000 ഡിസംബര്‍ വരെ ഐടി ഓഹരികളുടെ സൂചിക 94 ശതമാനമാണ് ഉയര്‍ന്നത്. ഇക്കാലത്ത് സെന്‍സെക്‌സിന്റെ വളര്‍ച്ച 15 ശതമാനമായി.200408 ലെ ബുള്‍ തരംഗത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികള്‍ക്കായിരുന്നു പ്രിയം. ഡി.എസ്.പി.ബി.ആര്‍. എന്ന ഫണ്ടിന്റെ വളര്‍ച്ചതന്നെ ഉദാഹരണമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളില്‍ മുതല്‍മുടക്കു നടത്തുന്ന ഈ ഫണ്ടിന്റെ 2004 ജൂണ്‍ മുതല്‍ 2008 ജനുവരി വരെയുള്ള കാലത്തെ ആദായം വാര്‍ഷികാടിസ്ഥാനത്തില്‍ 65 ശതമാനമാണ്.
ഇതേ കാലയളവില്‍ സ്‌റ്റോക് മാര്‍ക്കറ്റില്‍ നിന്നുണ്ടായ ആദായം 50 ശതമാനമായിരുന്നു.200708 കാലഘട്ടത്തില്‍ എഫ്.എം.സി.ജി. സ്‌റ്റോക്കുകള്‍ താഴ്ന്ന പ്രകടനമാണു കാഴ്ചവച്ചതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ അവ വിപണിയിലെ മികച്ച പ്രകടനക്കാരായി.
ഇനിയുണ്ടാവുന്ന വിപണി മുന്നേറ്റത്തിലെ മുന്‍നിരക്കാരായ ഓഹരികള്‍ നാം ഇതുവരെ കണ്ട വിപണി മുന്നേറ്റങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കാനാണ് സാധ്യത. യൂറോപ്പും ജപ്പാനും മോശം പ്രകടനം കാഴ്ചവയ്ക്കുകയും ചൈന മന്ദീഭവിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡസ്ട്രിയല്‍ സ്‌റ്റോക്കുകളും, മാനുഫാക്ചറിങ് സെക്ടറും, മെറ്റീരിയല്‍, കണ്‍സ്യൂമര്‍, ഡിസ്‌ക്രീഷനറി, ഫിനാന്‍ഷ്യല്‍ എന്നിവയും നല്ല പ്രകടന നിലവാരം പുലര്‍ത്തുമെന്നും സെന്‍സെക്‌സ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്നത്തേതിന്റെ ഇരട്ടിയായി കൂടുമെന്നുമാണു വിലയിരുത്തപ്പെടുന്നത്.

Top