ന്യൂഡൽഹി : യെമനിൽ സൗദി നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന വാർത്തകൾ തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 13 പേർ സുരക്ഷിതരാണെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഏഴു പേരെ കുറിച്ച് വിവരങ്ങളില്ല. ഇവർ മരിച്ചെന്ന സ്ഥിരീകരണവും വഭിച്ചിട്ടില്ല.
ഇരുപത് ഇന്ത്യാക്കാരുമായി പോയ രണ്ടു ബോട്ടുകള്‍ക്ക് നേരെ വ്യോമാക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 13 പേര്‍ രക്ഷപ്പെട്ടു. ഏഴുപേരെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൊദെയ്ദ തുറമുഖത്തിനടുത്താണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വ്യോമാക്രമണം നടത്തിയത്. എണ്ണപ്പാടങ്ങള്‍ കൊള്ളയടിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മത്സ്യബന്ധനത്തൊഴിലാളികളേയും നാട്ടുകാരേയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഹൊദൈയ്ദ തുറമുഖത്തിനടുത്ത് അല്‍ ഖൊഖയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ രണ്ട് ബോട്ടുകളും തകര്‍ന്ന് കടലില്‍ മുങ്ങിപ്പോയി.